
ലക്നൗ : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധ നേടുന്നത് പൊരിഞ്ഞ പോരാട്ടം നടന്ന യുപിയിലേതാണ്. പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം യു പിയിൽ ബി ജെ പി അധികാരം തുടരും എന്ന സൂചനയാണ് നൽകുന്നത്.
ഒരു വർഷത്തിലേറെ രാജ്യ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച കർഷക സമരം യു പി തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തിരിച്ചടിയാവുമെന്ന ഭയം പാർട്ടിക്കുള്ളിൽ തന്നെ ശക്തമായിരുന്നു, പ്രത്യേകിച്ച് കർഷക സമരത്തിന്റെ ശക്തി കേന്ദ്രമായ പടിഞ്ഞാറൻ യുപിയിൽ. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത് ബി ജെ പിക്ക് തിരിച്ചടിയുണ്ടാവുന്ന യാതൊന്നും യുപിയിൽ ഉണ്ടായിട്ടില്ല എന്നാണ്. കർഷകരുടെ വോട്ടും താമര ചിഹ്നത്തിൽ വീണു എന്ന പ്രവചനമാണ് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങളിലുള്ളത്.
മോദി സർക്കാർ കൊണ്ടു വന്ന കാർഷിക പരിഷ്‌കരണ നിയമങ്ങൾക്കെതിരെ ഒരു വർഷം നീണ്ട കർഷക പ്രക്ഷോഭമുണ്ടായ പ്രദേശങ്ങളിലും മുഖ്യ എതിരാളിയായ സമാജ്‌വാദി പാർട്ടിക്കെതിരെ ലീഡ് ചെയ്യാൻ ബി ജെ പിക്ക് കഴിഞ്ഞു എന്ന് എക്സിറ്റ് പോൾ ഫലങ്ങൾ ഉറപ്പാക്കുന്നു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളായിട്ടാണ് നടന്നത്. ഇതിൽ ആദ്യ ഘട്ടം ആരംഭിച്ചത് സംസ്ഥാനത്തെ കർഷക പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നാണ്. ഇവിടെയുള്ള പതിനൊന്ന് ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 49 സീറ്റുകൾ വരെ ബി ജെ പി സ്വന്തമാക്കുമെന്നാണ് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങളിലുള്ളത്. അഖിലേഷ് നയിച്ച എസ് പി ക്ക് കേവലം എട്ട് സീറ്റുകൾ കൊണ്ട് തൃപ്തിയടയേണ്ടി വരും. യു പിയിൽ മെലിയുന്ന ബി എസ് പിക്ക് ഒരു സീറ്റും ലഭിച്ചേക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ 53 സീറ്റുകൾ ബിജെപി നേടിയിരുന്നു. എസ് പി, ബി എസ് പി എന്നിവർ രണ്ട് വീതവും, ആർഎൽഡി ഒരു സീറ്റിലും വിജയിച്ചു. കർഷകപ്രക്ഷോഭം ബി ജെ പിക്ക് ശക്തമായ ഭീഷണി ഉയർത്തിയിട്ടും ഇവിടെ കേവലം മൂന്ന് സീറ്റുകൾ മാത്രമാവും പാർട്ടിക്ക് നഷ്ടമാവുക. കഴിഞ്ഞ തവണത്തേ പോലെ ഇക്കുറിയും കോൺഗ്രസ് പൂജ്യം സീറ്റുകളാവും ഈ മേഖലയിൽ നിന്നും അക്കൗണ്ടിലാക്കുക.
മാർച്ച് പത്തിന് വോട്ടെണ്ണൽ നടക്കുമ്പോൾ എക്സിറ്റ് പോളുകളിൽ കാണിക്കുന്ന ഫലങ്ങൾ സംഭവിച്ചാൽ അത് ബി ജെ പിക്ക് വലിയ ആശ്വാസമാവും നൽകുക. 403 അംഗ ഉത്തർപ്രദേശ് നിയമസഭയിൽ 288-326 സീറ്റുകൾ നേടിയേക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ ബി ജെ പി സംസ്ഥാനത്ത് തുടർഭരണം സൃഷ്ടിക്കും. കഴിഞ്ഞ 20 വർഷമായി യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയും വീണ്ടും അധികാരത്തിൽ വന്നിട്ടില്ല.