
അന്താരാഷ്ട്ര വനിതാ ദിനത്തിൽ സംസ്ഥാന വനിതാ കമ്മീഷന്റെ സ്ത്രീ രത്നാ പുരസ്കാരത്തിന് അർഹയായിരിക്കുകയാണ് കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവറായ ദീപ ജോസഫ്. 2021ലെ പത്മിനി വർക്കി സ്മാരക പുരസ്കാരം കൊവിഡ് കാലത്തെ നിസ്വാർത്ഥ സേവനത്തിന് ദീപ ജോസഫിന് നൽകി കേരളം ആദരിച്ചിരുന്നു. വനിതകൾ ഇപ്പോഴും അധികം കൈവയ്ക്കാത്ത മേഖലയായ ഹെവി വെഹിക്കിൾ ഡ്രൈവിംഗിലേക്ക് കടന്നെത്തിയ കേരളത്തിലെ ആദ്യ വനിതകളിൽ ഒരാൾ കൂടിയായ ദീപ തന്റെ ജീവിതാനുഭവങ്ങളാണ് വഴികാട്ടിയായതെന്ന് പങ്കുവയ്ക്കുന്നു.
കോഴിക്കോട് നാദാപുരം വിലങ്ങോട് സ്വദേശിനിയായ ദീപ ഇരുപതാം വയസിലാണ് നാലുചക്ര വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് സ്വന്തമാക്കുന്നത്. മലയോരങ്ങളിലൂടെ ജീപ്പോടിച്ചാണ് ദീപ ആദ്യമായി നാട്ടുകാരെ ഞെട്ടിച്ചത്. ജീപ്പിൽ പാഞ്ഞുപോകുന്ന പെൺകുട്ടിയെ അമ്പരപ്പോടെയും കൗതുകത്തോടെയുമാണ് അവർ നോക്കിനിന്നത്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ച ദീപയുടെ ആദ്യ ജോലി എറണാകുളത്തെ ഒരു പ്രമുഖ ഹോട്ടലിലെ റെസ്റ്റോറന്റ് മാനേജർ എന്നതായിരുന്നു. പിന്നീട് പെരിന്തൽമണ്ണയിലും മറ്റും മാറി മാറി ജോലി നോക്കി. പെരിന്തൽമണ്ണയിൽ വച്ചാണ് ഹെവി ലൈസൻസ് നേടുന്നത്. ഇവിടത്തെ ആർ ടി ഒയ്ക്ക് കീഴിൽ ആദ്യ ഹെവി ലൈസൻസ് സ്വന്തമാക്കുന്ന വനിതയെന്ന ബഹുമതിയും ദീപയ്ക്ക് സ്വന്തം. ഇതിനിടെ ഒരു മാർബിൾ ഷോറൂമിലും ജോലി നോക്കിയിരുന്നു. ഡ്രൈവറില്ലാത്ത സമയങ്ങളിൽ ഷോറൂമിലെ വാഹനങ്ങൾ ഓടിച്ചതാണ് ആത്മവിശ്വാസം നൽകിയത്.
ജീപ്പും ലോറിയും വാനുമൊക്കെ ഓടിച്ചിട്ടുള്ള ദീപ കുടുംബസുഹൃത്ത് വഴി നാദാപുരം പുളിയക്കാവ് നാഷണൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡ്രൈവറുടെ ഒഴിവുണ്ടെന്ന് അറിഞ്ഞു. തുടർന്ന് കോളേജ് ബസിന്റെ ഡ്രൈവിങ്ങ് സീറ്റിൽ എത്തിയതോടെയാണ് ദീപ മാദ്ധ്യമശ്രദ്ധ നേടിത്തുടങ്ങുന്നത്. എന്നാൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. കുടുംബം പോറ്റാൻ മറ്റ് വഴികൾ തേടുന്നതിനിടെ വളയം അച്ചംവീട് എന്ന സ്ഥലത്ത് ആംബുലസ് ഡ്രൈവറെ ആവശ്യമുണ്ടെന്നറിയുകയും അച്ചംവീട് പ്രണവം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളെ ബന്ധപ്പെടുകയും ചെയ്തു. അവർ സന്തോഷത്തോടെ സ്വാഗതം ചെയ്തതോടെ കേരളത്തിലെ ആദ്യ വനിതാ ആംബുലസ് ഡ്രൈവറായി ദീപ ചുമതലയേൽക്കുകയായിരുന്നു.
കൊവിഡിന്റെ രൂക്ഷ കാലത്ത് സജീവമായി തന്നെ ദീപ നാട്ടിൽ പ്രവർത്തിച്ചിരുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ കൊവിഡ് രോഗികളെയും കൊണ്ട് ദീപ ആശുപത്രികളിലേക്ക് പാഞ്ഞു. കൊവിഡ് രോഗികളുമായി നിരന്തരം സമ്പർക്കത്തിലായിരുന്നതിനാൽ നാട്ടുകാരിൽ പലരും വിമുഖത കാട്ടിയിരുന്നെങ്കിലും ദീപയ്ക്കതിൽ പരാതിയില്ല. അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും ദീപ മുന്നിൽ തന്നെയുണ്ട്. അങ്ങനെ ജീവനുള്ളവരുമായും മരണപ്പെട്ടവരുമായും ഏറെ അനുഭവങ്ങൾ നേരിട്ട വ്യക്തികൂടിയാണ് ദീപ. കരാട്ടെയിൽ ബ്ളാക്ക് ബെൽറ്റും സ്വന്തമാക്കിയിരുന്നു. ആംബുലൻസ് ഓടിക്കുന്നതിനാലും ആംബുലൻസ് ഓടിക്കുന്ന വനിത എന്ന നിലയിലും ഏറെ ബഹുമാനവും പരിഗണനയും ലഭിക്കുന്നുണ്ടെന്ന് ദീപ പങ്കുവയ്ക്കുന്നു. നാട്ടിൽ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ് ദീപ. പ്രതിരോധ സേനയിലോ ഫയർ ഫോഴ്സിലോ ജോലി നോക്കണമെന്നാണ് ഏറെ ആഗ്രഹിക്കുന്നതെന്നും ദീപ ആത്മവിശ്വാസത്തോടെ വെളിപ്പെടുത്തുന്നു.