pinarayi-vijayan

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ സമൂലമായ പൊളിച്ചെഴുത്ത് നടത്തിയതോടെ ഭരണ, സംഘടനാ തലങ്ങളിലും അഴിച്ചുപണിക്ക് സി.പി.എം തയ്യാറെടുക്കുന്നു. സംസ്ഥാന കമ്മിറ്റിയിൽ തിരിച്ചെത്തിയ പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ആ ചുമതലയിലുള്ള പുത്തലത്ത് ദിനേശനെ പാർട്ടി പത്രത്തിന്റെ ചീഫ് എഡിറ്ററുമാക്കുമെന്നാണ് സൂചന.

ഏപ്രിലിലെ കണ്ണൂർ പാർട്ടി കോൺഗ്രസിന് പിന്നാലെയാവും മാറ്റം. എന്നാൽ, അത്തരം ചർച്ചകളിലേക്കൊന്നും പാർട്ടി കടന്നിട്ടില്ലെന്നാണ് സി.പി.എം വൃത്തങ്ങൾ പറയുന്നത്.

1996ൽ ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി. ശശി. പീഡന വിവാദത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കെട്ട ശശി പത്ത് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയത്.

പൊലീസ് കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്. പൊലീസിനെതിരെ പാർട്ടി സമ്മേളനങ്ങളിൽ വ്യാപക വിമർശനങ്ങളുയർന്ന സ്ഥിതിക്കാണ് പൊളിച്ചെഴുത്ത് പാർട്ടി ആലോചിക്കുന്നത്.

ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ കണ്ണൂർ പാർട്ടി കോൺഗ്രസോടെ പോളിറ്റ്ബ്യൂറോയിലെത്താനുള്ള സാദ്ധ്യതയും പ്രചരിക്കുന്നുണ്ട്. പി.ബിയിൽ നിന്നൊഴിയുന്ന എസ്. രാമചന്ദ്രൻ പിള്ളയ്ക്ക് പകരമായി അഖിലേന്ത്യാ സെന്ററിന്റെ ഭാഗമായി വിജയരാഘവൻ മാറിയേക്കും. ആ സ്ഥിതിക്ക് ഇപ്പോൾ ഒഴിവു വന്നിട്ടുള്ള രാജ്യസഭാ സീറ്റിലേക്ക് വിജയരാഘവനെ പരിഗണിക്കാനുള്ള സാദ്ധ്യതയും പ്രചരിക്കുന്നു.

മൂന്ന് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം ഇന്നലെ ഇറങ്ങിയിട്ടുണ്ട്. എ.കെ. ആന്റണി, കെ. സോമപ്രസാദ്, എം.വി. ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധിയാണ് ഏപ്രിലിൽ അവസാനിക്കുന്നത്. നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ട് സീറ്റുകൾ ഇടതുമുന്നണിക്കും ഒന്ന് യു.ഡി.എഫിനുമാണ് ലഭിക്കുക. ആന്റണിയുടെ ഒഴിവിൽ യു.ഡി.എഫിന് ലഭിക്കുന്ന സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുത്തേക്കും.

ഇടതുമുന്നണിയിലെ സീറ്റുകളിലൊന്നിന് ലോക് താന്ത്രിക് ജനതാദൾ തന്നെ വീണ്ടും അവകാശവാദമുന്നയിക്കുമെന്നാണ് സൂചന. സി.പി.ഐയും ഒരു സീറ്റിനായി ശ്രമിച്ചേക്കും. എന്നാൽ, പുതിയ ദേശീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എം തന്നെ രണ്ടും ഏറ്റെടുക്കാനുമിടയുണ്ട്.

നാളെ സംസ്ഥാന കമ്മിറ്റി

പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം നാളെ എ.കെ.ജി സെന്ററിൽ ചേരും. സംസ്ഥാന സമ്മേളനം അംഗീകരിച്ച പാർട്ടിയുടെ വികസന നയരേഖ സംസ്ഥാനകമ്മിറ്റി ചർച്ചയ്‌ക്കെടുക്കാനാണ് സാദ്ധ്യത. തുടർന്ന് ഇടതുമുന്നണിക്ക് വിട്ടേക്കും. രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സ്ഥിതിക്ക് അതും നാളെ കമ്മിറ്റിയുടെ അജൻഡയിൽ വന്നേക്കാം.