
മുംബയ് : യുക്രെയിൻ-റഷ്യ യുദ്ധം വരും ദിവസങ്ങളിൽ രൂക്ഷമായാൽ അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ദോഷകരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. യുദ്ധം രൂക്ഷമായാൽ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ ഡോളറിന് 80 രൂപയിലേക്ക് കൂപ്പ് കുത്തുമെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. യുദ്ധഭീതി നിലനിൽക്കുന്നതിനാൽ സെൻസെക്സിലും ഇടിവ് ദൃശ്യമാണ്. ഇതിനാൽ ഈ കലണ്ടർ വർഷം രൂപയുടെ മൂല്യം ഡോളറിന് 77.93 രൂപയായി കുറയുമെന്നാണ് പ്രവചനം. ചിലർ ഇത് 82 വരെയാകും എന്നും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ വർഷാന്ത്യത്തോടെ ഇത് 77.93ലേക്കെത്തും.
യുദ്ധസമയത്ത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറ്റവും ദോഷകരമായി ബാധിക്കപ്പെട്ടത് എണ്ണവിലയിലുണ്ടായ വർദ്ധനവാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 130 ഡോളർ കടന്നതോടെ അതിന്റെ പ്രതിഫലനം ഇന്ത്യയിലുമുണ്ടാകുമെന്ന് ഉറപ്പാണ്.
രാജ്യത്ത് ഇന്ധനവിലയിലും വൻ വർദ്ധനവാണ് വരാൻ പോകുന്നത്. 22 രൂപ വരെ പെട്രോളിന് ഉയർന്നേക്കുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന. ഇത് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുവാനും കാരണമായേക്കും. ആവശ്യമായ എണ്ണയുടെ മൂന്നിൽ രണ്ട് ഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഉയർന്ന വില രാജ്യത്തിന്റെ വ്യാപാര കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വർദ്ധിപ്പിക്കാനും, പണപ്പെരുപ്പം വർദ്ധിപ്പിക്കാനും സാദ്ധ്യതയുണ്ട്.
യു.എസും യൂറോപ്യൻ യൂണിയനും റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതോടെ ഇന്ത്യൻ ഓഹരിവിപണി എട്ടു മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി. സെൻസെക്സ് 1,491 പോയന്റ് (2.74ശതമാനം) നഷ്ടത്തിൽ 52,843ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 382.20 പോയിന്റ് ഇടിഞ്ഞ് 15863.15 പോയിന്റിലുമെത്തി. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 2000 പോയിന്റ് ഇടിഞ്ഞ് 52,367 നിലവാരത്തിലെത്തിയെങ്കിലും പിന്നീട് നേരിയതോതിൽ തിരിച്ചു കയറുകയായിരുന്നു. അസംസ്‌കൃത എണ്ണവാതക വിതരണത്തെക്കുറിച്ചുള്ള ആശങ്ക, ഉയർന്ന പണപ്പെരുപ്പം, കേന്ദ്ര ബാങ്കുകളുടെ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള നിരക്കുവർദ്ധന എന്നിവയെല്ലാം നിക്ഷേപകരെ നിരാശരാക്കിയിട്ടുണ്ട്.