 
ആശ്രയ എന്ന കൂട്ടായ്മ. കാൽനൂറ്റാണ്ടിലേറെയായി ആർജ്ജവത്തോടെ പ്രവർത്തിക്കുന്ന സംഘടനയുടെ അമരക്കാരി ശാന്താ ജോസിനായിരുന്നു ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരം
''മനസുണ്ടെങ്കിൽ നടക്കാത്തത് എന്താണ്? ഒന്നുമില്ല. എന്റെ ഇരുപത്തിയാറുവർഷത്തെ അനുഭവം അതാണ്. കയ്യിൽ ഒന്നുമില്ലാതെ, സഹാനുഭൂതി മാത്രം മനസിൽ കരുതിയാണ് ഈ മഹാദൗത്യത്തിനിറങ്ങിയത്. ഇന്നിപ്പോൾ മനസു നിറയുന്നുണ്ട്. കൂട്ടായ്മയുടെ വിജയമാണിത്. ഒരുപാട് മനസുകൾ ഒത്തുചേർന്നു. ഇനിയും ഞങ്ങളുടെ മുന്നിൽ ഏറെ ലക്ഷ്യങ്ങളുണ്ട്. ഓരോ വർഷവും സേവനസന്നദ്ധരായി പുതിയ ആളുകൾ എത്തുമ്പോൾ വലിയ പ്രതീക്ഷയാണ്. നന്മ അവസാനിച്ചിട്ടില്ലെന്ന തിരിച്ചറിവ് ഇന്നത്തെ കാലത്ത് വളരെ വലുതാണ്.""
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ ഏഴാമത്തെ നിലയിൽ കാൻസർ രോഗികളുടെ വെളിച്ചമായ 'ആശ്രയ" എന്ന മൂന്നക്ഷരമുണ്ട്. ആ കൂട്ടായ്മയ്ക്ക് തുടക്കമിട്ട ശാന്താ ജോസിന് പങ്കുവയ്ക്കാൻ കണ്ണീരിന്റെ വേദനയും സംതൃപ്തിയുടെ തെളിച്ചവും പകർന്ന എത്രയോ അനുഭവങ്ങളുണ്ട്. പ്രൊഫ. മേരി മാത്യു, പുഷ്പ ആൻഡ്രൂസ് എന്നീ സുഹൃത്തുക്കളുടെ പിന്തുണയോടെ അവർ തുടങ്ങിയ സ്ഥാപനമാണ് ഇന്ന് ഒരുവർഷത്തിൽ ഒരുകോടിയോളം രൂപയുടെ വിവിധ സേവനങ്ങൾ ആർജ്ജവത്തോടെ ചെയ്യുന്ന കൂട്ടായ്മയായി വളർന്നത്. ആ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ വനിതാരത്ന പുരസ്കാരം ശാന്താജോസിനെ തേടിയെത്തിയത്.
 
ഓർക്കാപ്പുറത്തെ കാഴ്ചകൾ
നൈജീരിയയിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അനുജന് പെട്ടെന്ന് തൊണ്ടയിൽ ഒരു വയ്യായ്ക വന്നു. അങ്ങനെയാണ് ആർ.സി.സിയിലെത്തുന്നത്. ചികിത്സയ്ക്ക് അവിടെ എത്തുന്നതും അല്ലാതെ എത്തുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.രോഗിയായോ, രോഗിയുടെ കൂടെയോ ചെല്ലുന്നതു വേറെ ഒരു അനുഭവമാണ്. വെളിച്ചം കെട്ടുപോയ മുഖങ്ങളുള്ള അവിടെ കൂടി നിന്ന മനുഷ്യർ വല്ലാത്ത നോവായി മാറി. തൊട്ടടുത്തു നിന്ന് എത്തിയിട്ടു പോലും മടങ്ങുമ്പോഴേക്കും ഞങ്ങൾ തളർന്നുപോയി. അന്ന് ഞാൻ ഉറങ്ങിയില്ല എന്നതാണ് വാസ്തവം. രോഗികളുടെ ജീവിതാവസ്ഥകൾ എന്തായിരിക്കുമെന്ന് ആലോചിച്ചുകൊണ്ടിരുന്നു. വളരെ സാധാരണക്കാരാണ് അവരിൽ കൂടുതൽപേരുമെന്ന് ഒറ്റക്കാഴ്ചയിൽ തന്നെ അറിയാം. ദൈന്യത അപ്പാടെ പകർത്തിവച്ചിട്ടുണ്ട്. വളരെ ദൂരെ നിന്നുമാണ് അവർ വരുന്നത്. വായിക്കാനറിയാത്തവരും ഓരോ ടെസ്റ്റുകൾക്കും പരിശോധനകൾക്കും എങ്ങോട്ട് പോകണമെന്നറിയാതെ പരക്കംപായുന്നവരുമുണ്ട് ആ കൂട്ടത്തിൽ. അന്ന് ആർ.സി.സി വികസിച്ചു വരുന്നതേയുള്ളൂ. അതിന്റെ കുറവുകളുമുണ്ട്. എന്തെങ്കിലും ചെയ്യണമെന്ന് മനസ് പറഞ്ഞു.
കഞ്ഞിവെള്ളം പകർന്ന അറിവുകൾ
അന്നത്തെ ആർ.സി.സി ഡയറക്ടർ ഡോ. എം. കൃഷ്ണൻ നായരെ ചെന്നുകണ്ടു. എന്തെങ്കിലും ചെയ്യണമെന്നല്ലാതെ, എന്തുവേണമെന്ന് ഒരു രൂപവുമുണ്ടായിരുന്നില്ല. മാതൃകയാക്കാൻ മുന്നിൽ പദ്ധതികളില്ല. നിങ്ങൾക്ക് പറ്റുന്നത് ചെയ്യൂ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഞങ്ങൾക്ക് മുന്നോട്ട് പോകാനുണ്ടെന്ന ധൈര്യം പകർന്നു. കാൻസറിനെ കുറിച്ച് ഞങ്ങൾക്ക് ഒന്നുമറിഞ്ഞുകൂടാ. അങ്ങനെ ആദ്യമായി ഒന്നുരണ്ട് ബോധവത്കരണ ക്ളാസുകൾ ഞങ്ങൾക്ക് ആർ.സി.സിയിൽ നിന്നും ലഭിച്ചു. അതോടെ ആത്മവിശ്വാസമായി. അങ്ങനെ 1996ൽ ഞങ്ങൾ ആദ്യചുവട് വച്ചു. ഞങ്ങളുടെ കൂട്ടത്തിലേക്ക് 45 പേർ അപ്പോഴേക്കും വന്നു. 

രോഗികളുടെ ബന്ധുക്കളെ ആശുപത്രിയിൽ സഹായിക്കുകയായിരുന്നു ആദ്യപടി. ആയിടയ്ക്കാണ് കീമോ കഴിഞ്ഞവർക്ക് ക്ഷീണം മാറ്റാൻ കഞ്ഞിവെള്ളം കൊടുത്തുകൂടേ എന്ന്  കീമോ വാർഡിലെ സിസ്റ്റർ മെറ്റിൽഡ ചോദിച്ചത്. ക്ഷീണം മാറാൻ കഞ്ഞിവെള്ളം നല്ലതാണ്. അങ്ങനെ ഞങ്ങൾ കുറച്ചുപേർ ചേർന്ന് കാന്റീനിൽ നിന്നും കഞ്ഞിവെള്ളം ശേഖരിച്ച് വിതരണം ചെയ്യാൻ തുടങ്ങി. രോഗികൾക്കത് വലിയ ആശ്വാസമായിരുന്നു. ആദ്യമൊന്നും അവർ മിണ്ടാനൊന്നും കൂട്ടാക്കില്ലായിരുന്നു. പതിയെ പതിയെ അവർ സംസാരിച്ചു തുടങ്ങി. വിഷമങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി. ഞങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു. സ്തനാർബുദത്തിന് ശസ്ത്രക്രിയ കഴിഞ്ഞ് സ്തനം നീക്കിയവർക്ക് അന്നൊക്കെ വലിയ പ്രയാസമാണ്. അവരെ ധൈര്യപ്പെടുത്തും. ആശങ്കപ്പെടാൻ ഇല്ലെന്ന് അവർക്ക് ഉറപ്പു നൽകുമ്പോൾ വേദനകൾക്കിടയിലും മുഖത്ത് ഒരു ആശ്വാസം തെളിയും.
കരുണയുടെ കരങ്ങൾ
മനസും ശരീരവും കൊണ്ടു മാത്രം ആർ.സി.സിയിൽ ഒന്നുമാകില്ലെന്ന് ബോദ്ധ്യപ്പെട്ട നാളുകളായിരുന്നു പിന്നെ. അവരെ സാമ്പത്തികമായി സഹായിക്കണമെന്ന് പല അനുഭവങ്ങളും പഠിപ്പിച്ചു. വീട്ടുകാരോടും സുഹൃത്തുക്കളോടും നാട്ടുകാരോടും ഈ കാര്യം പറഞ്ഞു. എല്ലായിടത്തു നിന്നും പലവിധ സഹായങ്ങൾ ലഭിച്ചു. രോഗം ഭേദപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നവർക്കും മുന്നോട്ടേക്ക് പോകാൻ താങ്ങ് വേണ്ടിയിരുന്നു. കിട്ടാവുന്നവരോടെല്ലാം ചോദിച്ചു. ജില്ലയിലെ റെസിഡ

ൻസ് അസോസിയേഷനുകളും സ്ഥാപനങ്ങളും പിന്തുണച്ചു. പടിപടിയായാണ് ഞങ്ങൾ മുന്നോട്ട് നടന്നത്. ഇപ്പോൾ ഒരു വർഷത്തിൽ ഒരുകോടി രൂപയുടെ സഹായത്തിലെത്തി. എല്ലാവർഷവും മാർച്ചിൽ ഞങ്ങളുടെ പ്രവർത്തനത്തിന്റെ വേഗത ഇത്തിരി കുറയും. അപ്പോഴേക്കും ഫണ്ട് വിതരണം പൂർത്തിയായിരിക്കും. 
എന്നാൽ ഒരിക്കൽ പോലും ആശങ്ക തോന്നിയിട്ടില്ല. നന്മ എന്ന വാക്കിന്റെ അർത്ഥം ജീവിതത്തെ അടയാളപ്പെടുത്തിയ കാൽനൂറ്റാണ്ടു കാലത്തെ അനുഭവങ്ങൾ കൂടെ ഉണ്ട്. ഇപ്പോൾ നാനൂറോളം അംഗങ്ങളുണ്ട് ആശ്രയയിൽ. സന്നദ്ധപ്രവർത്തനത്തിന് ഇവിടെ എത്തുന്നവരും തങ്ങളാൽ കഴിയുന്ന വിധത്തിലുള്ള സഹായം രോഗികൾക്ക് ചെയ്യാറുണ്ട്. അല്ലെങ്കിൽ കിടന്നാൽ അന്നുറക്കം വരില്ലെന്നാണ് ഞങ്ങളുടെ അനുഭവം. ആർ.സി.സിയിലെ പീഡിയാട്രിക് വാർഡിൽ കീമോതെറാപ്പി കഴിഞ്ഞു കിടക്കുന്ന കുഞ്ഞുങ്ങളെയാക്കെ ഞങ്ങളുടെ സ്വന്തം പോലെയാണ്. ഞാൻ ബാഗിൽ എപ്പോഴും മിഠായി കരുതും. ചില മിടുക്കൻമാർ കാണുമ്പോഴേ മിഠായി ചോദിക്കും. കാർട്ടൂൺ കഥാപാത്രങ്ങളുടെ പേരൊക്കെ പറഞ്ഞു വിളിക്കുമ്പോൾ കീമോയുടെ ക്ഷീണത്തിലാണെങ്കിലും അവർ കണ്ണു തുറന്ന് മുഖത്തേക്ക് നോക്കും. കളിപ്പാട്ടങ്ങളൊക്കെ ധാരാളമായി ലഭിക്കാറുണ്ട്. ഒന്ന് കിട്ടിയാലും അടുത്തദിവസം ഞങ്ങളുടെ മുറിയിലെത്തി വീണ്ടും ചോദിക്കുന്ന കുസൃതികളുമുണ്ട്.

തളരാതിരിക്കാൻ എന്നും തണൽ
കാൻസർ പലപ്പോഴും കുടുംബത്തെ അപ്പാടെ തകർത്തുകളയുന്ന ധാരാളം കാഴ്ചകൾ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ രോഗികളുടെയും കുടുംബങ്ങളുടെയും പുനരധിവാസത്തിൽ ഞങ്ങൾ നന്നായി ശ്രദ്ധിക്കാറുണ്ട്. മാതാപിതാക്കൾക്ക് കാൻസർ വന്നതുകൊണ്ട് പഠനം മുടങ്ങിയ ധാരാളം കുട്ടികൾക്ക് പ്രൊഫഷണൽ കോഴ്സുകൾ പൂർത്തിയാക്കാൻ ആവശ്യമായ സഹായം ചെയ്തിട്ടുണ്ട്. ഇപ്പോൾ 300 പേർ ഇങ്ങനെ പഠിക്കുന്നുണ്ട്. ചികിത്സയ്ക്കിടെ ലോൺ മുടങ്ങി ജപ്തി നേരിടേണ്ടി വന്ന കുടുംബങ്ങളൊക്കെ വേദനിപ്പിക്കുന്ന അനുഭവമാണ്. അവരെയൊക്ക പരമാവധി ചേർത്തുനിറുത്തിയിട്ടുണ്ട്. ആശുപത്രിയിൽ വരുന്നതിനും പോകുന്നതിനുമുള്ള വണ്ടിക്കൂലിയും അർഹർക്ക് നൽകുന്നുണ്ട്. തിങ്കൾ മുതൽ ശനിയാഴ്ച വരെ ആശ്രയ കോ ഓർഡിനേറ്റർമാർ ആശുപത്രിയിൽ കാണും. പാലിയേറ്റീവ്, എഡ്യുക്കേഷൻ, റീഹാബിലിറ്റേഷൻ എന്നിങ്ങനെ ഓരോ വിഭാഗത്തിനും ചുമതലക്കാരുണ്ട്. ഞങ്ങൾക്കിതെല്ലാം തൊട്ടടുത്തുള്ള ജീവിതങ്ങളാണ്. ചില അമ്മമാർ മക്കളുടെ കല്യാണക്കാര്യം വന്നു പറയും.

നമ്മൾ എല്ലാവരും വിചാരിച്ചാൽ അസാദ്ധ്യമായതൊന്നുമില്ല. ഒരാൾ കമ്മൽ കൊണ്ടുവരും, മറ്റൊരാൾ സാരി കൊണ്ടുവരും. ഇങ്ങനെ ധാരാളം കല്യാണങ്ങൾ നടത്തിയിട്ടുണ്ട്. അതേ പോലെവീൽച്ചെയറുകൾ, ഡയപ്പറുകൾ തുടങ്ങിയവയൊക്കെ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യാറുമുണ്ട്. പുനരധിവാസത്തിന് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു കൊടുക്കാൻ കഴിഞ്ഞതും അഭിമാനമാണ്. കൊവിഡ് കാലത്ത് പൊതുഗതാഗതം നിലച്ചപ്പോൾ രോഗികളുടെ യാത്രകൾക്ക് സഹായം ചെയ്യാൻ സാധിച്ചു, അതേ പോലെ ആശുപത്രിക്ക് തന്നെ കൊവിഡ് കെയർ ഫണ്ട് നൽകി. അവരും  വലിയ പിന്തുണയാണ് തരുന്നത്. 25 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയുണ്ട് ആശ്രയയ്ക്ക്. സ്വന്തമായി കെട്ടിടമോ, സൗകര്യങ്ങളോ ഇല്ലാതെയാണ് ആശ്രയയുടെ പ്രവർത്തനം.
പ്രാർത്ഥനയും പ്രവർത്തനവും
ഒരുപാട് പേർ ഞങ്ങളെ സംശയദൃഷ്ടിയോടെ നോക്കിയിട്ടുണ്ട്. ഒന്നിനുപോലും ഞാൻ ചെവി കൊടുത്തിട്ടില്ല. പറയുന്നവർ പറയട്ടെ എന്നേ ചിന്തിച്ചിട്ടുള്ളൂ. ഒരിക്കൽ പോലും പ്രവർത്തനങ്ങൾക്ക് ബ്രേക്കിടേണ്ടി വന്നിട്ടില്ല. കൂട്ടത്തിലുള്ള കുറേ പേർ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ലീവ് എടുക്കുകയാണെങ്കിൽ മറ്റുള്ളവർ പകരം കയറും. അങ്ങനെ ഇന്നുവരെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. വീട്ടിൽ നിന്ന് സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ സ്ത്രീകൾക്ക് കുടുംബത്തിൽ നിന്നും വലിയ പിന്തുണ വേണ്ടി വരും. എനിക്കത് ആവോളം ലഭിച്ചിരുന്നു. ഭർത്താവ് ജോസ് വി. ശങ്കൂരിക്കൽ വൈദ്യുതി ബോർഡ് ചീഫ് എൻജിനിയറും ബോർഡ് അംഗവുമായിരുന്നു. ഇടുക്കി ഡാമിന്റെ ചുമതലയുമായി പത്തുവർഷം അവിടെയായിരുന്നു.
 
പിന്നീടാണ് തിരുവനന്തപുരത്തേക്ക് വന്നത്. രണ്ടുപെൺകുട്ടികളാണ്, കൊച്ചിയിൽ അഗ്രിക്കൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടറായ നിമ്മി ജോസ്,അമേരിക്കയിൽ എൻജിനിയറായ ജൂബി ജോസ് എന്നിവരാണ് മക്കൾ. സേവ്യർ മാത്യു, ജോയ് ചാക്കോ എന്നിവരാണ് മരുമക്കൾ. ശിൽപ്പ സേവ്യർ, ജോസ് സേവ്യർ, നവ്യ ചാക്കോ, നയന ചാക്കോ എന്നിവരാണ് കൊച്ചുമക്കൾ.പ്രവർത്തനവും പ്രാർത്ഥനയും ഒത്തുചേരുമ്പോൾ നടക്കാത്തത് ഒന്നുമില്ല. ആ വിശ്വാസമാണ് ഈ നിമിഷത്തിലും ശാന്താ ജോസിനെ നയിക്കുന്നത്. കാൽനൂറ്റാണ്ടത്തെ സേവനസന്നദ്ധമായ ജീവിതത്തിലും അവരുടെ മനസിലുള്ളത് ഇനിയെന്താണ് ചെയ്യാൻ കഴിയുക എന്നൊരൊറ്റ ചോദ്യം മാത്രമാണ്, ആ ചോദ്യമാണ് ഈ പ്രകാശജീവിതത്തെ മുന്നോട്ടു നയിക്കുന്നതും.