
'ഞാൻ ഒരു നടിയാണ്. നല്ല കഥാപാത്രം ചെയ്യണം.  എന്റെ കുടുംബത്തിന്റെ  പിന്തുണ എനിക്കുണ്ട്.
ശ്വേതാ മേനോൻ സംസാരിക്കുന്നു...
ജീവിതത്തിൽ അതിനുമുമ്പ് ഒരു തിരഞ്ഞെടുപ്പിൽ പോലും ശ്വേത മത്സരിച്ചിട്ടില്ല. 'അമ്മ" യുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കായിരുന്നു ആദ്യമത്സരം. തിളക്കമാർന്ന വിജയം നേടിയപ്പോൾ മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ 'അമ്മ" യുടെ ആദ്യ വനിത വൈസ് പ്രസിഡന്റായി ശ്വേത മേനോൻ വന്നു. സ്വന്തം കുടുംബം ശ്വേതയെ തിരഞ്ഞെടുത്ത് പദവി നൽകി എന്നതാണ് ഏറ്റവും വലിയ തിളക്കം. മമ്മൂട്ടിയുടെ നായികയായി 'അനശ്വരം" സിനിമയിൽ നിന്നാരംഭിച്ച അഭിനയയാത്ര മുപ്പതു വർഷം പിന്നിടുന്നു. നാലു ഭാഷകളിൽ എത്രയെത്ര പകർന്നാട്ടങ്ങൾ.
സമൂഹമാദ്ധ്യമങ്ങൾ എത്രാമത്തെ പ്രാവശ്യമാണ് വിവാഹമോചിതയാക്കുന്നത്?
ആറു മാസത്തിലൊരിക്കൽ സോഷ്യൽമീഡിയ ഡിവോഴ്സ് വാങ്ങി തരുന്നുണ്ട്. നല്ല തിരക്കുള്ള ആളാണ് ഞാൻ.അതു കൊണ്ടാണ് അവർ ഇങ്ങനെ ചെയ്തു തരുന്നത്. പിന്നെ, ഇങ്ങനെ കേൾക്കുന്നത് എനിക്ക് ഇഷ്ടമാണ്. എന്ത് കേൾക്കുന്നതും വാർത്തയാണല്ലോ. അത്തരം ഒരു മേഖലയിലാണ് ഞാൻ പ്രവർത്തിക്കുന്നത്. നല്ല വാർത്ത മാത്രമേ വരികയുള്ളു എന്ന് ഒരിക്കലും പറയാൻ കഴിയില്ല. ഇങ്ങനെ കേൾക്കുന്നത് സത്യമാണോ എന്ന് എന്നോട് ആരും ചോദിക്കാറില്ല. ചോദിക്കാത്തതിനാൽ പറയാറുമില്ല.അത്രേയുള്ളു. എന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരുപരിധിക്ക് അപ്പുറം ഞാൻ സംസാരിക്കാറില്ല. എനിക്ക് അത് ഇഷ്ടമല്ല. ഞാൻ ഒരു സെലിബ്രിറ്റിയും സമൂഹത്തിൽ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ആളെന്ന ബോധത്തോടെയാണ് നിൽക്കുന്നത്. ഈ ജോലിയിൽ ഇതെല്ലാം കേൾക്കേണ്ടിവരുമെന്ന സാമൂഹ്യബോധം എനിക്കുണ്ട്. എന്നാൽ എന്റെ കുടുംബത്തെപ്പറ്റി പറയുമ്പോഴാണ് സങ്കടം വരിക.
'അമ്മ" യുടെ ആദ്യ വനിത വൈസ് പ്രസിഡന്റിന് എന്തൊക്കെയായിരിക്കും ലക്ഷ്യം, ഉത്തരവാദിത്തം?
സ്വന്തം കുടുംബത്തിൽനിന്ന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. അതിന്റെ സന്തോഷമുണ്ട്. മുതിർന്ന അംഗങ്ങൾ ഉപദേശങ്ങൾ തന്നു. ഒരുപാട് ലക്ഷ്യമുണ്ട് . 'അമ്മ"യിൽ ഒരു അംഗം എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ പോലും അത് തോന്നിയിട്ടുണ്ട്. നടൻ, നടി എന്ന വേർതിരിവ് ഒരിക്കലും ഞാൻ കാണിക്കാറില്ല. ഒരു സ്ത്രീ എന്ന നിലയിൽ ചെയ്യാൻ പല കാര്യങ്ങളുണ്ട്. ഭരണസമിതിയിൽ ആറ് വനിതകളുണ്ട്. അവരുമായി കൂടിയാലോചിച്ച് മുന്നോട്ടുപോവും. വൈസ് പ്രസിഡന്റ് എന്ന നിലയിൽ വലിയ ഉത്തരവാദിത്വമുണ്ട്. മികച്ച പ്രവർത്തനം നടത്തുകയാണ് ലക്ഷ്യം. ആ യാത്ര തുടങ്ങാൻ രണ്ടുമൂന്ന് മാസം വേണ്ടിവരും. ഒന്നു ഇരിക്കട്ടെ, അതിനുശേഷം ആരംഭിക്കാം.
അനശ്വരത്തിൽ നിന്നാരംഭിച്ച അഭിനയയാത്ര മുപ്പതുവർഷം പിന്നിടുമ്പോൾ ആരംഭത്തിലെ പോലെ തന്നെ സജീവം?
ഇനിയും നല്ല സിനിമകൾ വരട്ടെ എന്നാണ് ആഗ്രഹം. സിനിമയ്ക്കുവേണ്ടിയുള്ള ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോവുന്നത്. നല്ല സിനിമകൾ ഉണ്ടാവുന്നു. എല്ലാ സിനിമകളുടേതും  മികച്ച പ്രമേയം. എല്ലാ അഭിനേതാക്കൾക്കും ഏറ്റവും മികച്ച സമയം. അതിൽ അത്ഭുതവും ആകാംക്ഷയുമുണ്ട്. മുപ്പത് വർഷം പിന്നിട്ടു എന്നുപറയുമ്പോൾ മാത്രമാണ് എനിക്ക് ഓർമ്മ വരുന്നത്. ഇന്നലെ സിനിമ ജീവിതം തുടങ്ങി എന്ന തോന്നലാണ് അനുഭവപ്പെടുന്നത്. ഒന്നും പ്രതീക്ഷിക്കാതെയാണ് വന്നത്.സിനിമ എന്റെ തൊഴിൽ മേഖലയാകണമെന്ന് ആഗ്രഹിച്ചില്ല. ഗൗരവമായി കാണുകയോ സമീപിക്കുകയോ ചെയ്യാതെ സിനിമയിലൂടെ മുൻപോട്ട് പോയി. ഒഴുക്കിനനുസരിച്ച് സഞ്ചരിച്ചു.
സിനിമയെ എപ്പോഴായിരിക്കും ഗൗരവമായി കണ്ട് തുടങ്ങിയത്?
എന്റെ രണ്ടാമത്തെ വരവിൽ. ജീവിതത്തെപോലും അപ്പോഴാണ് ഗൗരവമായി കണ്ടുതുടങ്ങുന്നത്. എല്ലാത്തിനും മാറ്റം വരുത്തി ആ രണ്ടാംവരവ്. 'പരദേശി" സിനിമ വന്നതുമുതലാണ് ഇങ്ങനെയും കഥാപാത്രം ചെയ്യാമല്ലോ എന്ന തോന്നൽ ഉണ്ടാവുന്നത്. അതുവരെ ഒരു കാര്യത്തിലും ഉത്തരവാദിത്വമില്ലാതിരുന്ന ആളായിരുന്നു ഞാൻ. അച്ഛന്റെയും അമ്മയുടെയും കാര്യം നോക്കണം എന്ന വിചാരം പോലുമില്ല. കാശ് കിട്ടുമ്പോൾ ജഗപൊഗയായി തീർക്കും. നല്ല സിനിമയും മികച്ച കഥാപാത്രവും ചെയ്യണം. പ്രതിഭാധനർക്കൊപ്പം പ്രവർത്തിക്കണമെന്ന തോന്നൽ മെല്ലേ വരാൻ തുടങ്ങി. ആ യാത്ര തുടരുന്നു.
ഒരു പാട്ടും ഒരാൾക്ക് ശബ്ദം കൊടുക്കുകയും ചെയ്തു. ഫുൾ സ്റ്റോപ്പിട്ടോ ശ്വേതയിലെ പാട്ടുകാരിയും ഡബിംഗ് ആർട്ടിസ്റ്റും?
അങ്ങനെയൊന്നും വിചാരിച്ചിട്ടില്ല. '100 ഡിഗ്രി സെൽഷ്യസ്" സിനിമയിലാണ് ആദ്യം പാടുന്നത്. എട്ടു വർഷങ്ങൾക്കുശേഷം  കുറച്ചുദിവസങ്ങൾക്കുമുൻപ് ബിജിബാൽ ചേട്ടന്റെ സംഗീതത്തിൽ 'ബദൽ" സിനിമയിൽ ഒരു താരാട്ട് പാട്ട് പാടി.എന്റെ സോളോ ഗാനം. പാട്ടുപാടാൻ അവസരം വരട്ടെ. അപ്പോൾ പാടാം. 'വില്ലൻ" സിനിമയിൽ റാഷി ഖന്നയ്ക്ക് ശബ്ദം നൽകിയശേഷം ആരും വിളിച്ചില്ല. വിളിക്കട്ടെ. അപ്പോൾ ആലോചിക്കാം.

ശ്വേതയും  ശ്രീയും (ഭർത്താവ് ശ്രീവത്സൻ മേനോൻ) സബൈനയും അടുത്തകാലത്ത് സമൂഹമാദ്ധ്യദ്ധ്യമങ്ങളിൽനിന്ന് അകലം പാലിക്കുന്നു?
'അമ്മ" യുടെ തിരഞ്ഞെടുപ്പിന്റെ സമയത്ത് ശ്വേതയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിലൊന്നും കണ്ടില്ലല്ലോ എന്ന് പലരും ചോദിച്ചു. ഞാൻ അവിടെ വോട്ട് ചോദിക്കുകയായിരുന്നുവെന്നും  അല്ലാതെ ഫോട്ടോയെടുക്കുകയല്ലായിരുന്നുവെന്നും അവരോട് പറഞ്ഞു. എല്ലാ അംഗങ്ങളോടും വോട്ട് ചോദിച്ചു. ഞാൻ വലിയ ആവേശത്തിലും. കുട്ടികളെപോലെ ചാടി ഓടി കൊണ്ടിരുന്നു. ശ്രീയും ഞാനും സോഷ്യൽമീഡിയയിൽ നിന്ന് മനഃപൂർവം അകലംപാലിക്കുകയാണ്. ഒന്നിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നില്ല. സബൈന സാധാരണ ജീവിതം ജീവിക്കട്ടെ. അവൾ സ്വയം ഒരു സെലിബ്രിറ്റിയായി മാറട്ടെ. എന്റെ വിലാസം അതിന് വേണ്ട.
മുംബയിൽ ജീവിക്കുമ്പോഴും ഏറനാട്ടുകാരിയുടെ മനസ് സൂക്ഷിക്കുന്നുണ്ടോ?
സാധാരണ മലയാളിയേക്കാൾ എല്ലാത്തിനെയും ഗൗരവമായി കാണുന്ന മലയാളിയാണ് ഞാൻ. ഷൂട്ടിംഗിന് വരുമ്പോൾ ഉണ്ണിപ്പിണ്ടിയുടെ തോരനും കുടപ്പവും വേണമെന്ന് പറയും. യ്യോ, ഇതൊക്കെയാണോ ചേച്ചി കഴിക്കുന്നതെന്ന് അപ്പോൾ ചോദിക്കും. ''അതെ, ഇതൊക്കെയാണ് കഴിക്കുന്നതെന്ന് "" ഞാൻ . എനിക്ക് ചീര തോരൻ വേണം. തെനയുടെ ഉപ്പുമാവ് ഉണ്ടാക്കിത്തരുമോ എന്ന് ചോദിക്കാറുണ്ട്. ഈ ജീവിതരീതിയാണ് അച്ഛൻ എനിക്ക് തന്നത്. ഞാൻ അതാണ് പിന്തുടരുന്നത്. മുംബയിലും ഇങ്ങനെ തന്നെയാണ്. എന്റെ വീട്ടിൽ വരുന്നവർക്ക് സാധാരണ ഭക്ഷണമേ  ലഭിക്കുകയുള്ളു. അല്ലാതെ ശ്വേതമേനോൻ മുംബെയ്ലായതിനാൽ ആർഭാടമായി എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചാൽ ഒന്നും ലഭിക്കില്ല.
കാമസൂത്രയുടെ പരസ്യവും കളിമണ്ണ് സിനിമയ്ക്കുവേണ്ടി പ്രസവം ലൈവായി ചിത്രീകരിച്ചതും വർഷങ്ങൾ കഴിഞ്ഞിട്ടും ചർച്ച ചെയ്യാൻ എന്തായിരിക്കും കാരണം?
ഞാൻ മരിക്കുമ്പോഴും ആളുകൾ കാമസൂത്രയെപ്പറ്റിയും ശ്വേത ഹോട്ടാണ്, ബോൾഡാണ് എന്നൊക്കെ പറയും. ഈ വാക്കുകളൊക്കെ എപ്പോഴും എന്റെ കൂടെ വരാറുണ്ട്. ഇതൊന്നും എനിക്ക് വിഷയമല്ല. ഞാൻ സന്തോഷത്തോടെ മുൻപോട്ട് പോവുന്നു. ആ പ്രായത്തിൽ കാമസൂത്രയുടെ പരസ്യചിത്രത്തിൽ അഭിനയിച്ചതിന് അന്നും ഇന്നും കുറ്റബോധം തോന്നുന്നില്ല.ജീവിതത്തിൽ ചെയ്ത കാര്യം ആലോചിച്ച് പിന്നീട് കുറ്റബോധം തോന്നുന്നത് മണ്ടത്തരമാണ്. ഇന്ന് ഈ പ്രായത്തിൽ കാമസൂത്ര ചെയ്യുമോ എന്നുചോദിച്ചാൽ ഉറപ്പായും എന്നായിരിക്കും മറുപടി. അത് എന്റെ ജോലിയാണ്. ഞാൻ അന്നും ചെയ്തു. ഞാൻ എന്നും ചെയ്യും. പൂർണമായും അതിന്റെ ഭാഗമാകാൻ മുഴുകും. കാരണം ഞാൻ ഒരു നടിയാണ്. നല്ല കഥാപാത്രം ചെയ്യണം. എനിക്ക് എന്റെ കുടുംബത്തിന്റെ പിന്തുണയുണ്ട്. അന്ന് അച്ഛൻ. ഇന്ന് അമ്മയും ശ്രീയും കൂടെയുണ്ട്. കുടുംബത്തിലുള്ള എല്ലാവരുടെയും പിന്തുണയുണ്ട്. അത്തരം ഒരു വലിയ കുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്. ആര് എന്തു പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. എന്നെ ഓർത്ത് എന്നും വീട്ടുകാർക്ക് അഭിമാനം മാത്രമേ ഉള്ളൂ.