
വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് നടൻ രാമുവിന്റെത്. ദേവാസുരം, വല്യേട്ടൻ, ആറാം തുമ്പരാൻ, ഷാർജ ടു ഷാർജ, രൗദ്രം, പ്രാഞ്ചിയേട്ടൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ രാമു തിളങ്ങി. ഇതിൽ ദേവാസുരത്തിലെ കുഞ്ഞനന്തൻ എന്നും പ്രേക്ഷകരുടെ ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്നതാണ്. സിനിമയിൽ മാത്രമല്ല ബിസിനസ് രംഗത്തും തന്റെതായ മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്.
അടുത്തിടെ മമ്മൂട്ടിയെ കുറിച്ച് രാമു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. 40 വർഷങ്ങൾക്ക് മുമ്പാണ് മമ്മൂട്ടിയെ താൻ പരിചയപ്പെടുന്നതെന്നും, അന്നുമുതൽ ഇന്നുവരെയും ആ സൗഹൃദം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും രാമു പറയുന്നു.
മമ്മൂക്കയുടെ അത്രയുമില്ലെങ്കിലും കുറച്ച് വണ്ടിപ്രാന്ത് എനിക്കുമുണ്ട്. മമ്മൂക്കയുടെ കൈയിൽ ഉണ്ടായിരുന്ന ലാൻഡ് ക്രൂസർ അദ്ദേഹം കൊടുക്കുന്നു എന്ന് അറിവ് കിട്ടി. 9369 എന്ന നമ്പരായിരുന്നു അതിന്റെത്. മമ്മൂക്കയെ വിളിച്ചപ്പോൾ തരാടാ എന്ന് പറഞ്ഞു. അങ്ങനെ പെട്ടെന്ന് തന്നെ ഞാൻ മദ്രാസിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ആ കാർ ഞാൻ 12 വർഷം ഉപയോഗിച്ചു. എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട കാർ അതായിരുന്നു. എന്റെ മോൻ ഡ്രൈവിംഗ് പഠിച്ചതും ആ കാറിലാണ്.
ഞാൻ ദുബായിൽ ആയിരുന്ന സമയത്ത്, ബാംഗ്ളൂരിലുള്ള എന്റെ ഒരു സുഹൃത്ത് ആ കാർ എടുത്തുകൊണ്ടു പോയി. എന്നിട്ടെന്നോട് പറഞ്ഞു കാർ തിരിച്ചുതരില്ല, കാശ് എത്ര വേണമെങ്കിലും താരാമെന്ന്. അങ്ങനെ അത് അയാളെടുത്തു. വളരെ വിഷമം തോന്നിയിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് മമ്മൂക്ക എന്നോട് ആ വണ്ടിയെ കുറിച്ച് ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. സുഹൃത്ത് മരിച്ചുപോയെന്നും, കാർ ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും മമ്മൂക്കയെ അറിയിച്ചു. അന്വേഷിച്ച് പിടിക്കാമെന്ന് പറഞ്ഞപ്പോൾ, ദുൽഖർ അത് അന്വേഷിക്കുന്നുണ്ടെന്നും, അവൻ അത് കണ്ടുപിടിച്ചോളുമെന്നുമായിരുന്നു മമ്മൂക്കയുടെ മറുപടി. ഈയിടെ ഞാൻ അറിഞ്ഞത്, ആ വണ്ടി ബാംഗ്ളൂരിൽ നിന്ന് സംഘടിപ്പിച്ചുകൊണ്ട് വന്ന് മമ്മൂക്കയുടെ ഗാരേജിൽ കിടപ്പുണ്ടെന്നാണ്.