
സഞ്ജയ് ലീലാ ബൻസാലി ചിത്രം ഗംഗുഭായ് കത്തിയാവാഡിയുടെ വമ്പൻ വിജയത്തിന് പിന്നാലെ ഹോളിവുഡിലേക്ക് ചുവടുവച്ച് ആലിയ ഭട്ട്. ബ്രിട്ടീഷ് സംവിധായകൻ ടോം ഹാർപർ ഒരുക്കുന്ന ത്രില്ലർ ചിത്രം ഹാർട്ട് ഒഫ് സ്റ്റോൺ എന്ന ചിത്രത്തിലൂടെയാണ് താരം ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
നെറ്റ് ഫ്ളിക്സ്, സ്കൈ ഡാൻസ് എന്നിവർ പുറത്തിറക്കുന്ന ചിത്രത്തിൽ വണ്ടർവുമൺ എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ നായികയായ ഗാൽ ഗദോത്ത്, ഫിഫ്റ്റി ഷേഡ്സ് എന്ന ട്രിലോജിയിലെ നായകനായ ജാമി ദോർനാൻ എന്നിവർക്കൊപ്പമാണ് ആലിയ അഭിനയിക്കുന്നത്. നെറ്റ് ഫ്ളിക്സ് ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ ഇക്കാര്യം പുറത്തുവിടുകയായിരുന്നു.
പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, ഐശ്വര്യ റായ് ബച്ചൻ, ഇർഫാൻ ഖാൻ, അനിൽ കപൂർ, അലി ഫസൽ എന്നിവരാണ് ആലിയക്ക് പുറമേ ഹോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ മറ്റ് താരങ്ങൾ.
അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര, എസ് എസ് രാജമൗലിയുടെ ആർ ആർ ആർ, ഷാരൂഖ് ഖാന്റെ ഡാർലിംഗ്സ്, ഫർഹാൻ അക്തറോടൊപ്പം ജീ ലേ സരാ, കരൺ ജോഹറിന്റെ റോക്കി ഓർ റാണി കി പ്രേം കഹാനി എന്നിവയാണ് ആലിയയുടെ ഏറ്റവും പുതിയ പ്രോജക്ടുകൾ.