oil-price

ന്യൂഡൽഹി : യുക്രെയിൻ - റഷ്യ യുദ്ധത്തെ തുടർന്ന് എണ്ണവില ആഗോള തലത്തിൽ കുത്തനെ ഉയർന്നിരുന്നു. ക്രൂഡ് വില ബാരലിന് 130 ഡോളർ വരെ എത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഒന്നായി റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധം ശക്തമാക്കിയാൽ എണ്ണവില ബാരലിന് 200 ഡോളർ വരെ എത്തിയേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്. എണ്ണവില ഉയരുന്നത് ഏറ്റവും ബാധിക്കുന്നത് ഇന്ത്യയെയാണ്. ആവശ്യമായ എണ്ണയുടെ മൂന്നിൽ രണ്ട് ഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഉയർന്ന വില രാജ്യത്തിന്റെ വ്യാപാര കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വർദ്ധിപ്പിക്കാനും, പണപ്പെരുപ്പം വർദ്ധിപ്പിക്കാനും സാദ്ധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ 22 രൂപ വരെ പെട്രോളിന് ഉയർന്നേക്കുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന. എന്നാൽ ഇപ്പോൾ മുന്നിലുള്ള വെല്ലുവിളി ഇല്ലാതാക്കാൻ കേന്ദ്ര സർക്കാരിന് കഴിയും.

ഇന്ത്യയ്ക്ക് വലിയ കിഴിവിൽ എണ്ണ നൽകാൻ തയ്യാറായി നിൽക്കുകയാണ് റഷ്യൻ കമ്പനികൾ. ഇന്ത്യയ്ക്ക് 27 ശതമാനം വരെ വിലക്കിഴിവാണ് റഷ്യൻ എണ്ണക്കമ്പനികൾ വാഗ്ദ്ധാനം ചെയ്യുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള റോസ്‌നെഫെറ്റാണ് കൂടുതൽ ഇളവ് വാഗ്ദ്ധാനം ചെയ്തിട്ടുള്ളത്. അന്താരാഷ്ട്ര ഉപരോധങ്ങളാൽ വ്യാപാരം നടത്താനാവാത്ത അവസ്ഥയുണ്ടാകുമോ എന്ന ഭയമാണ് റഷ്യയെ ഇന്ത്യയോട് അടുപ്പിക്കുന്നത്. പതിനാല് വർഷത്തിനുള്ളിൽ ഏറ്റവും ഉയർന്ന വില എണ്ണയ്ക്കുള്ളപ്പോൾ റഷ്യൻ കമ്പനികൾ നീട്ടുന്ന ഓഫർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ആകർഷകമാണ്. എന്നാൽ അന്താരാഷ്ട്ര പേയ്‌മെന്റ് സംവിധാനമായ സ്വിഫ്റ്റിൽ റഷ്യൻ ഇടപാടുകൾ മരവിപ്പിച്ചതിനാൽ എണ്ണയ്ക്ക് എങ്ങനെ പണം നൽകുമെന്ന കാര്യം വ്യക്തമല്ല. മുൻപ് ഇറാനിൽ നിന്നും ഇന്ത്യ രൂപയിൽ എണ്ണ വാങ്ങിയിരുന്നു.

അതേസമയം ഇപ്പോഴത്തെ അവസ്ഥയിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ച് വേഗത്തിൽ ഒരു തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനാവില്ല. യുക്രെയിനിലെ റഷ്യയുടെ ആക്രമണത്തെ അപലപിക്കാത്ത ഇന്ത്യൻ നിലപാടിൽ പാശ്ചാത്യ രാജ്യങ്ങൾക്കടക്കം വിരോധമുണ്ട്. നിലവിൽ ഇന്ത്യയിലേക്കുള്ള ആയുധങ്ങളും വളവും കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് റഷ്യ.