
അരങ്ങേറ്റ ചിത്രത്തിൽ ഗാൽ ഗാഡോട്ടും ജെയ്മി ഡോർമനും
ബോളിവുഡ് താരം ആലിയ ഭട്ട് ഹോളിവുഡിലേക്ക് ചേക്കേറുന്നു. ഹാർട്ട് ഒഫ് സ്റ്റോൺ എന്ന നെറ്റ്ഫ്ളിക്സിന്റെ സ്‌പൈ ത്രില്ലർ ചിത്രത്തിലാണ് ആലിയ അഭിനയിക്കുക. ഡി.സിയുടെ അമേരിക്കൽ സൂപ്പർഹീറോ വണ്ടർ വിമൺ ആയി തിളങ്ങിയ ഗാൽ ഗാഡോട്ടിനൊപ്പമാണ് ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റം. ഫിഫ്റ്റി ഷെയ്ഡ്സ് ഒഫ് ഗ്രേ ട്രിലോജി സീരീസിലൂടെ ശ്രദ്ധേയനായ ജെയ്മി ഡോർമനാണ് ചിത്രത്തിലെ മറ്റൊരു അഭിനേതാവ്. ടോം ഹാർപർ ആണ് ഈ അന്താരാഷ്ട്ര ത്രില്ലർ സിനിമ സംവിധാനം ചെയ്യുന്നത്. ഗ്രെഗ് റുക്കയും ആലിസൺ ഷ്രോഡറും ചേർന്നാണ് ഹാർട്ട് ഓഫ് സ്റ്റോണിന്റെ കഥ ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫ്ളിക്സും സ്‌കൈഡാൻസും ചേർന്നാണ് നിർമ്മാണം.
റേച്ചൽ സ്റ്റോൺ (ഗാൽ ഗാഡോട്ട്) എന്ന ഇന്റലിജൻസ് ഓപ്പറേറ്റീവിന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. അതേസമയം ചിത്രത്തിലെ ആലിയയുടെ കഥാപാത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കരിയറിലെ ഏറ്റവും ഉയരത്തിലാണ് ആലിയ . കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഗംഗുബായ് കത്യവാഡി എന്ന ചിത്രം ബോക്സ് ഓഫീസ് റെക്കോഡുകൾ ഭേദിച്ച് മുന്നേറുന്നു. എഴുത്തുകാരനായ ഹുസൈൻ സെയ്ദിയുടെ മാഫിയ ക്വീൻസ് ഒഫ് മുംബൈ എന്ന പുസ്തകത്തിലെ അദ്ധ്യായം ആസ്പദമാക്കി ഹിറ്റ് സംവിധായകൻ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രമാണിത്. 1960 കളിൽ മുംബൈയിലെ കാമാത്തിപുരയിലെ വേശ്യാലയത്തിന്റെ തലവയും ശക്തയായ രാഷ്ട്രീയ നേതാവുമായ ഗംഗുബായിയുടെ വേഷത്തിലാണ് ആലിയ ഭട്ട് അഭിനയിച്ചത്. ആലിയയുടെ ഹോളിവുഡ് പ്രവേശനത്തിന്റെ ആവേശത്തിലാണ് ആരാധകർ.