
മദയാനയുടെ ശബ്ദമാണോ വാനമ്പാടിയുടെ ശബ്ദമാണോ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നതും ഓർക്കാൻ ഇഷ്ടപ്പെടുന്നതും? ചന്ദ്രശേഖരൻ നായരുടെ വാക്കുകൾ സൗമ്യമായിരുന്നു. എസ്.ഐയായി വിരമിച്ച ബാല്യകാലസുഹൃത്ത് വേലായുധൻ അതുകേട്ട് നെടുവീർപ്പിട്ടു. പിന്നെ കുറ്റബോധത്തോടെ പറഞ്ഞു: സർവീസിലിരിക്കുമ്പോൾ ഇരുമ്പൻ എന്ന് കുറ്റവാളികൾ എന്നെ വിശേഷിപ്പിച്ചിരുന്നത് രഹസ്യമല്ല. തീ പാറുന്ന നോട്ടവും അരിശവും. നിഴൽ കണ്ടാൽ തന്നെ പലവിരുതന്മാരുടെയും മുട്ടിടിക്കും. മുണ്ട് നനയുകയും ചെയ്യും. നാമജപം പോലും അലറുംപോലെയാണെന്ന് ഭാര്യ കളിയാക്കുമായിരുന്നു. ആലോചിക്കുമ്പോൾ പശ്ചാത്താപം. ഇപ്പോൾ തൊണ്ടവേദനയ്ക്ക് അലോപ്പതിയും ആയുർവേദവും മാറിമാറി പരീക്ഷിക്കുന്നു. ഉച്ചത്തിൽ പറഞ്ഞാലേ മറ്റുള്ളവർ അനുസരിക്കൂ, ബഹുമാനിക്കൂ എന്ന് കുട്ടിക്കാലത്ത് അച്ഛൻ പറയുമായിരുന്നു. അച്ഛനും ആ ശീലമായിരുന്നു. തളർവാതം പിടിച്ച് അച്ഛൻ മൂന്നുവർഷം കിടന്നു. തൈലമിട്ട് കാലുതടവാൻ വിളിക്കുമ്പോൾ മക്കൾക്ക് ഭയമായിരുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് അച്ഛൻ സൗമ്യമായി പറഞ്ഞു:സ്നേഹം കലർന്ന സ്വരമാണ്, ആദരവിനും  അംഗീകാരത്തിനും  സ്വീകാര്യതയ്ക്കും നല്ലത്. ചില ജോലിയുടെ ഭാഗമായി ഇരിക്കുമ്പോൾ അത്യാവശ്യത്തിന് ശാസിക്കേണ്ടിവരും. പരുഷഭാവം കാട്ടേണ്ടിവരും. പക്ഷേ ആ ശകാരവാക്കിൽ ചൂരലേ പാടുള്ളൂ. ഉലക്കയാണെങ്കിൽ എല്ലുകൾ നുറുങ്ങിപ്പോകും. കോപം വരുമ്പോഴും ഇക്കാര്യം മറക്കരുത്. ഭയമുണ്ടാക്കുന്ന അലർച്ചയും ഗർജനവും താത്ക്കാലിക ലാഭമേ ഉണ്ടാക്കൂ. അച്ഛൻ പറഞ്ഞത് ശരിയാണെന്ന് ഇപ്പോൾ എനിക്കും തോന്നുന്നു. വേലായുധന്റെ വാക്കുകൾ കേട്ട് ചന്ദ്രശേഖരൻ നായർ പുഞ്ചിരിച്ചു. ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമിയുടെയും കൃതികൾ ഹൃദിസ്ഥമാണ് ചന്ദ്രശേഖരൻ നായർക്ക്. സമയവും കാലവും ഒത്തുവരുമ്പോൾ കാറിൽ പന്മനയിലും ശിവഗിരിയിലും പോകും. കൈയിലുള്ള പേഴ്സിൽ രണ്ട് ആചാര്യന്മാരുടെയും ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.
വേലായുധന്റെ കുറ്റബോധം മാറ്റാനായി ചന്ദ്രശേഖരൻ നായർ വിഷയം മാറ്റി. ശ്രീരാമകൃഷ്ണ പരമഹംസരെയും സ്വാമി വിവേകാനന്ദനെയും പറ്റി ശ്രീനാരായണഗുരുവിന്റെ നിരീക്ഷണം എത്രശരിയാണ്.
വിവേകാനന്ദസ്വാമിയില്ലെങ്കിൽ ഇന്ന് ഹിന്ദുമതം ഉണ്ടാകുമായിരുന്നില്ലെന്നായിരുന്നു ഗുരുദേവന്റെ വിലയിരുത്തൽ. ഒരു അരുവി ഒഴുകുംപോലെ സൗമ്യമധുരമായിരുന്നു ശ്രീനാരായണഗുരുവിന്റെ സ്വരമെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. സുഹൃത്തിന്റെ വാക്കുകൾകേട്ട് സന്തോഷഭാവത്തിലെത്തിയ വേലായുധൻ ചോദിച്ചു: ശ്രീരാമകൃഷ്ണനെക്കുറിച്ച് എന്തായിരുന്നു ഗുരുവിന്റെ അഭിപ്രായം? ചന്ദ്രശേഖരൻ നായരുടെ മുഖം പ്രകാശിച്ചു. ശാസ്ത്രങ്ങളൊന്നും ശ്രീരാമകൃഷ്ണൻ പഠിച്ചിരുന്നില്ല അല്ലേ, പക്ഷേ ഈശ്വരൻ കുഴിച്ച കിണറാണ്. അതിലെ വെള്ളം എന്നും മധുരമായിരിക്കും. ഒരിക്കലും വറ്റുകയില്ല എന്നായിരുന്നത്രേ ഗുരുദേവ നിരീക്ഷണം. ഈശ്വരൻ കുഴിച്ചകിണർ എത്ര കാവ്യാത്മകമായ പ്രയോഗം. വേലായുധൻ ആ വാക്കുകൾ ആവർത്തിച്ചു. ഉച്ചത്തിലുള്ള ശബ്ദം കൊണ്ട് വീടും നാടും ഭരിക്കാമെന്ന് തെറ്റിദ്ധരിക്കുന്നവർ ഈ വാക്കുകളിലെ ആർദ്രത രുചിച്ചെങ്കിൽ. ഉറ്റസുഹൃത്തിന്റെ നിരീക്ഷണത്തെ ചന്ദ്രശേഖരൻ നായർ ആശിർവദിച്ചു. ഇരുവരുടെയും പുഞ്ചിരിക്ക് ഒരേ നിറവും അർത്ഥവുമായിരുന്നു.
(ഫോൺ: 9946108220)