
നിരന്തരം ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങുന്ന അനേകം സ്ത്രീകൾ ഇന്ന് നമ്മുക്ക് ചുറ്റുമുണ്ട്. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. എന്നാൽ പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ പൊലീസിന്റെയോ നിയമത്തിന്റെയോ സഹായം തേടാൻ സ്ത്രീകൾക്ക് കഴിയാറില്ല. എവിടെ എപ്രകാരം പരാതിപ്പെടുമെന്നും പരാതിപ്പെട്ടാൽ കൂടുതൽ അതിക്രമങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമോയെന്ന് ഭയപ്പെടുന്നവരും ഇന്ന് അനേകമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തുണയേകാൻ സംസ്ഥാന സർക്കാർ ഒരുക്കുന്ന പദ്ധതിയാണ് 'കാതോർത്ത്'. പലവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ആവശ്യമായ പൊലീസ്, നിയമസഹായം കൂടാതെ കൗൺസലിംഗ് എന്നിവ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പദ്ധതിയെക്കുറിച്ച് ജില്ലാ വനിതാ-ശിശു വികസന ഒഫീസറായ സബീന ബീഗം എസ് വിശദീകരിക്കുന്നു.
എന്താണ് 'കാതോർത്ത്'
മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി സ്ത്രീകൾക്ക് സ്വന്തം താമസസ്ഥലത്തു നിന്നുതന്നെ ഓൺലൈനായി കൗൺസലിംഗ്, നിയമസഹായം, പൊലീസ് സഹായം എന്നിവ യഥാസമയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാതോർത്ത് എന്ന പദ്ധതി രൂപീകരിച്ചിരിക്കുന്നത്. 2021 ഫെബ്രുവരി അവസാനത്തോടൊണ് ഈ പദ്ധതി ആരംഭിച്ചത്. ഇതിലൂടെ സ്ത്രീകൾക്ക് പണച്ചെലവും യാത്രാക്ളേഷവും സമയനഷ്ടവും ഒഴിവാക്കാൻ സാധിക്കുന്നു. പ്രശ്ന പരിഹാരത്തിനായി പലവട്ടം സർക്കാർ സ്ഥാപനങ്ങളിൽ കയറിയിറങ്ങേണ്ടി വരുന്നു എന്ന പരാതിയും ഇതിലൂടെ ഒഴിവാക്കാനാവുന്നു. മാത്രമല്ല അടിയന്തരമായി പ്രശ്ന പരിഹാരവും സാദ്ധ്യമാവുന്നു.
അപേക്ഷിക്കേണ്ടത് എങ്ങനെ?
സഹായം ലഭിക്കുന്നതിനായി പദ്ധതിക്കായി പ്രത്യേകം രൂപീകരിച്ച പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. kathorthu.wcd.kerala.gov.in എന്ന പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ചിരിക്കുന്ന ഡിസ്ട്രിക്ട് ലെവൽ സെന്റർ ഫോർ വിമൺ ആണ് പദ്ധതിയുടെ മേൽനോട്ടം നടപ്പിലാക്കുന്നത്. രജിസ്റ്റർ ചെയ്യുന്നവരെ പൊലീസ് സഹായം, നിയമസഹായം കൗൺസലിംഗ് എന്നിങ്ങനെ തരംതിരിച്ച് ബന്ധപ്പെട്ട കൺസൾട്ടന്റുമാർക്ക് നൽകുകയും യഥാസമയം സഹായം ഉറപ്പാക്കുകയും ചെയ്യുന്നു. പൊലീസ് സഹായം വേണ്ടവർക്ക് വിമൺ സെല്ലിന്റെ സേവനം പോർട്ടൽ മുഖേന ലഭിക്കുന്നു. രജിസ്റ്റർ ചെയ്ത് കഴിഞ്ഞാലുടൻ ഉപഭോക്താവിന് എസ് എം എസും ഇമെയിൽ അറിയിപ്പും ലഭിക്കും. 48 മണിക്കൂറിനുള്ളിൽ തന്നെ സേവനം ലഭ്യമാകും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. അടിയന്തര സഹായം ആവശ്യമായവർക്ക് എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കും. രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ വീഡിയോ കോൺഫറസിലുള്ള എസ് എം എസ് വരും.
സേവനത്തിനുള്ള ഫീസ്, വിവരങ്ങളുടെ സ്വകാര്യത
സംസ്ഥാന സർക്കാരിന്റെ പദ്ധതിയായതിനാൽ കേരളത്തിൽ താമസിക്കുന്ന സ്ത്രീകൾക്ക് തികച്ചും സൗജന്യമായി സേവനങ്ങൾ നേടാം. ഉപഭോക്താവ് നൽകുന്ന വിവരങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് മാത്രമായിരിക്കും കൈമാറുക. വിവരങ്ങൾ പൂർണമായും സ്വകാര്യമായി തന്നെ സൂക്ഷിക്കും.
സേവനത്തിനായി ആവശ്യമുള്ള സാങ്കേതിക വശങ്ങൾ
സൂം ആപ്പിൽ വീഡിയോ കോൺഫറസിലൂടെ സേവനം ലഭ്യമാക്കുന്നതിനാൽ ഇത്തരം ആപ്ളിക്കേഷൻ ലഭ്യമാവുന്ന മൊബൈൽ ഫോൺ, ഡെസ്ക് ടോപ്പ് അല്ലെങ്കിൽ ലാപ് ടോപ് എന്നിവ ആവശ്യമാണ്. മാത്രമല്ല ഇന്റർനെറ്റ് ലഭ്യതയും ഉറപ്പാക്കണം.
24 മണിക്കൂറും സേവനം ലഭ്യമാകുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. പ്രശ്ന പരിഹാരത്തിനായി നിരവധി സിറ്റിംഗുകളും നൽകുന്നു. കാതോർത്ത് പദ്ധതിയുടെ ഭാഗമായി ഇതുവരെ 92 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഏഴു പേർക്ക് പൊലീസ് സഹായവും 37 പേർക്ക് നിയമസഹായവും, 65 പേർക്ക് കൗൺസലിംഗും ലഭ്യമാക്കി. കൂടാതെ 107 സെഷനുകളും പദ്ധതിയുടെ കീഴിൽ നടന്നു.