
ദിവസവും ചില്ലറ പരിഷ്‌കാരങ്ങളുമായി വർദ്ധിച്ചു കൊണ്ടിരുന്ന പെട്രോൾ, ഡീസൽ വില യു പി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് സ്വിച്ചിട്ട പോലെ നിന്നത്. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലേക്ക് വിവിധ ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പ് കഴിഞ്ഞ്, എക്സിറ്റ് പോൾ പ്രഖ്യാപനവും വന്നിട്ടും എണ്ണ വിലയിൽ മാറ്റമില്ലാത്തത് ജനത്തെ അദ്ഭുതപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച് യുക്രെയിനിലെ റഷ്യൻ ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില പതിനാല് വർഷത്തെ ഉയർച്ചയിൽ എത്തിയിരിക്കുകയാണ്.
ഇന്ന് മുതൽ പെട്രോൾ വിലയിൽ വർദ്ധനവ് പ്രതീക്ഷിച്ച് വാഹനത്തിൽ ഫുൾ ടാങ്ക് അടിച്ചവർ ഏറെയാണ്. എന്നാൽ ലഭിക്കുന്ന പുതിയ വിവരമനുസരിച്ച് അന്താരാഷ്ട്ര എണ്ണവിലയിൽ കൂടുതൽ വ്യക്തത തേടിയ ശേഷം മാത്രമേ രാജ്യത്ത് എണ്ണക്കമ്പനികൾ വില വർദ്ധിപ്പിക്കുകയുള്ളു. ദിവസങ്ങൾക്കകം പുതിയ വില കമ്പനികൾ നിശ്ചയിക്കും. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയാണ് നിരക്കുകൾ പരിഷ്‌കരിക്കുന്നതിന് അന്താരാഷ്ട്ര തലത്തിലുള്ള സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം വൈകി കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥർ എണ്ണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ നാല് മാസമായി ഇന്ത്യയിൽ എണ്ണ വില വർദ്ധിപ്പിക്കാത്തതും, ഇക്കാലയളവിൽ അന്താരാഷ്ട്ര വിപണിയിൽ വില കത്തിക്കയറിയതും എണ്ണകമ്പനികൾ കണക്കിലെടുക്കും. അന്താരാഷ്ട്ര വിപണിയിൽ നവംബർ ആദ്യം ബാരലിന് 81.5 ഡോളർ വിലയുണ്ടായിരുന്ന ക്രൂഡിന് ഇപ്പോൾ 130 ഡോളറിനടുത്തായി മൂല്യമുയർന്നു. ഇതിന് ആനുപാതികമായി വില വർദ്ധിപ്പിച്ചാൽ അത് രാജ്യമാകമാനം വിലക്കയറ്റത്തിന് കാരണമാവും. 22 രൂപയെങ്കിലും പെട്രോൾ ലിറ്ററിന് വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ.