
എല്ലാ മാസവും ജോലി കഴിഞ്ഞ് കൃത്യമായി ശമ്പളം വാങ്ങുന്ന നമ്മളിൽ പലരുടെയും കൈയിൽ മാസാവസാനം ആകുമ്പോഴേക്കും പണം തീർന്നുപോകുന്നത് അസാധാരണമല്ല. വാങ്ങിയ ശമ്പളം എവിടെപ്പോയി എന്ന് നമ്മൾ ചിന്തിക്കാറുമുണ്ട്. കൈയിൽ എത്തുന്ന പണത്തിന്റെ പൂർണ ഉത്തരവാദിത്തം നമ്മുടേത് തന്നെയാണ്. അതുകൊണ്ട് ഇനിമുതൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ. എങ്കിൽ അനാവശ്യമായ സാമ്പത്തിക ചെലവുകൾ കുറയ്ക്കാം.

1. ഷോപ്പിംഗ്
വീട്ടിലേയ്ക്ക് ദിവസവും പലചരക്ക് സാധനങ്ങൾ വാങ്ങുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ അത് അവസാനിപ്പിക്കുക. നല്ല ഗുണമേന്മയുള്ള സാധനങ്ങൾ മൊത്തവിലയ്ക്ക് ലഭിക്കുന്ന സ്റ്റോർ തിരഞ്ഞെടുത്ത് ഒരു മാസത്തേക്ക് ആവശ്യമായ സാധനങ്ങൾ ഒന്നിച്ച് വാങ്ങി വയ്ക്കുക. ഇതിലൂടെ നിങ്ങൾക്ക് ധാരാളം പണം ലാഭിക്കാൻ സാധിക്കും.

2. പുറത്ത് നിന്നുള്ല ഭക്ഷണം
സുഹൃത്തുക്കൾക്കൊപ്പമോ കുടുംബവുമൊത്തോ മാസത്തിൽ ഒന്നോ രണ്ടോ തവണ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. എന്നാൽ ഇത് സ്ഥിരമാകുന്നത് നിങ്ങളുടെ പോക്കറ്റ് കാലിയാക്കും എന്നത് മാത്രമല്ല ആരോഗ്യത്തെയും നശിപ്പിക്കും.

3.ഓൺലൈൻ പണമിടപാട്
എളുപ്പത്തിൽ പണമിടപാട് നടത്താൻ കഴിയും എന്നതുകൊണ്ട് നമ്മളിൽ പലരും ഓൺലൈൻ വഴി പണമിടപാട് നടത്താറുണ്ട്. എന്നാൽ അത്രയും എളുപ്പത്തിൽ തന്നെ നമ്മുടെ കാശ് കാലിയാക്കാനും ഇത് കാരണമാകും. അതിനാൽ ഓൺലൈൻ വഴിയുള്ല പണമിടപാടുകൾ കുറയ്ക്കാൻ പരമാവധി ശ്രദ്ധിക്കുക.

4. വാഹന ഉപയോഗം
ദിവസേനയുള്ല യാത്രകൾക്ക് കാറോ ബൈക്കോ എടുക്കുന്നതിന് പകരം പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക. ഇതിലൂടെ ഒരുപാട് പണം ലാഭിക്കാൻ സാധിക്കും.

5. ആരോഗ്യത്തിന് ഹാനികരമായവ
പുകവലിയും മധ്യപാനവും നിങ്ങളുടെ പോക്കറ്റ് പെട്ടെന്ന് കാലിയാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ആരോഗ്യത്തിന് ഹാനികരമായ സിഗരറ്റ് ഉൾപ്പെടെയുള്ളവ ഒഴിവാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് ധാരാളം പണം ലാഭിക്കാൻ കഴിയും.