saravanan

തമിഴ്നാട്ടിലെ കുംഭകോണത്തിന്റെ ആദ്യ മേയറാണ് ശരവണൻ. അടുത്തിടെ കോർപ്പറേഷനായി ഉയർത്തിയ കുംഭകോണത്തിന് സാധാരണക്കാരന്റെ ആശ്രമായ ഓട്ടോറിക്ഷ ഇരുപത് വർഷമായി ഓടിക്കുന്ന ശരവണനെ മേയറാക്കാനുള്ള ഭാഗ്യവും ലഭിച്ചു. കോർപ്പറേഷനിലെ 48 വാർഡുകളിലെയും ഓരോ മുക്കും മൂലയും കാണാപാഠമാക്കിയ ശരവണന് ആളുകളെ പരിചയപ്പെടാനും തന്റെ തൊഴിൽ അവസരമൊരുക്കി. കോൺഗ്രസ് പ്രവർത്തകനായ ശരവണൻ വാർഡ് 17ലാണ് ജനവിധി തേടി ജയിച്ചത്. ഡിഎംകെ മേയർ സ്ഥാനം കോൺഗ്രസിന് നൽകിയതോടെയാണ് മേയറാവാൻ ശരവണന് അവസരമൊരുങ്ങിയത്. 48 വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 42 ഇടത്ത് ഡിഎംകെയും സഖ്യകക്ഷികളുമാണ് വിജയിച്ചത്.

ആകെ പോൾ ചെയ്ത 2,118 വോട്ടുകളിൽ 964 വോട്ടുകൾ നേടിയാണ് ശരവണൻ ജയിച്ചത്. 'എന്നെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിന് എന്റെ പാർട്ടിയോടും ജില്ലയിലെയും സംസ്ഥാനത്തെയും ഞങ്ങളുടെ മുതിർന്ന നേതാക്കളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രധാന സഖ്യകക്ഷിയായ ഡിഎംകെയോടും ഞാൻ നന്ദി പറയുന്നു. എന്റെ മുഴുവൻ സമയവും ജനസേവനത്തിനായി വിനിയോഗിക്കാൻ ഞാൻ ഈ അവസരം ഉയോഗിക്കുന്നു.' പുതിയ സ്ഥാനലബ്ധിയോട് ശരവണൻ പ്രതികരിച്ചത് ഇപ്രകാരമാണ്. തൂക്കംപാളയത്തെ ഒരു വാടക വീട്ടിലാണ് ശരവണൻ താമസിക്കുന്നത്. ഒപ്പം ഭാര്യ ദേവിയും മൂന്ന് കുട്ടികളുമുണ്ട്.