
ഈ സിനിമയുടെയെങ്കിലും ക്ളൈമാക്സ് കാണാൻ ഭാഗ്യമുണ്ടാകണമെന്ന പ്രാർത്ഥനയോടെയാണ് മറീന വർഗീസ് കുട്ടിക്കാലത്ത് ഓരോ തവണയും ഡോക്ടർമാരായ അമ്മയ്ക്കും അപ്പയ്ക്കും ഒപ്പം സിനിമ കാണാൻ ഇറങ്ങിയിരുന്നത്. സിനിമയിൽ രസം പിടിച്ചു വരുമ്പോഴേയ്ക്ക് ആശുപത്രിയിൽ നിന്ന് വീട്ടുകാരെ വിളിക്കാൻ ആളെത്തും. ദമ്പതിമാർ അടുത്ത സെക്കന്റിൽ തിയേറ്റർ വിടും. ചിണുങ്ങികൊണ്ട് മകൾ പിന്നാലെയും. എന്നിട്ടും ഡോക്ടറായാൽ മതിയെന്ന് മൂന്നാം വയസിൽ തന്നെ ആ കുട്ടി തീരുമാനിച്ചു. അതും അമ്മയെ പോലെ ഗൈനോക്കോളജിസ്റ്റ്. ആഗ്രഹം സഫലമായി. കഴിഞ്ഞ 20 വർഷമായി നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവർത്തിച്ച ഡോ. മറീന വർഗീസ് ഇപ്പോൾ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലെ  ഗൈനോക്കോളജിസ്റ്റും വന്ധ്യത ചികിത്സാവിദഗ്ദ്ധയുമാണ്.
പെരുമ്പാവൂരിലെ പ്രശസ്തമായ മേരിമാതാ ഹോസ്പിറ്റലിന്റെ സാരഥികളായ ഡോ. വർഗീസ് ചെറിയാന്റെയും പരേതയായ ഡോ. ആലിസ് വർഗീസിന്റെയും ഏക മകളാണ് മറീന. വെല്ലൂർ സി.എം.സി കോളേജിലെ റാങ്ക് ജേതാവായ ഡോ. വർഗീസ് ജനറൽ സർജനായിരുന്നു. ആശുപത്രിയുടെ മുകൾ നിലയിലാണ് കുടുംബം താമസിച്ചിരുന്നത്. രാത്രി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നാൽ വെളിച്ചം കണ്ട് നടന്നുചെല്ലുന്നത് ഓപ്പറേഷൻ തിയേറ്ററിലേക്കായിരിക്കും. അങ്ങനെ കുട്ടിക്കാലം മുതൽക്കുതന്നെ മാതാപിതാക്കളുടെ ജോലിയും അവരുടെ അർപ്പണ ബോധവുമെല്ലാം തന്നെ ഈ വൈദ്യവൃത്തിയിലേക്ക് ആകർഷിക്കാൻ ഒരു പ്രധാന കാരണമായെന്ന് ഡോ. മറീന പറയുന്നു. കേരളത്തിലെ ആദ്യബിരുദധാരിയായ ഡോ.മേരി പുന്നൻ ഡോ. വർഗീസിന്റെ ആന്റിയാണ്. ലോകത്തിലെ ആദ്യ വനിതാസർജനാണ് ഇവർ.വാർദ്ധക്യകാലത്ത് പെരുമ്പാവൂരിലെ വസതിയിലേക്ക് താമസത്തിനെത്തിയ ഡോക്ടർ മമ്മ എന്നുവിളിക്കുന്ന ഡോ.മേരി വൈദ്യമാർഗത്തിൽ മറീനയ്ക്ക് മാർഗദർശിയായി.
 ബണ്ടിൽ ഒഫ് ജോയ്
സ്കാനിംഗും മറ്റ് സൗകര്യങ്ങളും ഒന്നുമില്ലാതിരുന്ന കാലത്ത് 20 മിനിറ്റു കൊണ്ട് സിസേറിയൻ പൂർത്തിയാക്കിയ അമ്മ ശരിക്കും അത്ഭുതമായിരുന്നു. ലേബർ റൂമിന് മുന്നിൽ കാത്തു നിൽക്കുന്ന ബന്ധുക്കളുടെ കൈകളിലേക്ക് നവജാതശിശുവിനെ കൈമാറുമ്പോൾ അവരുടെ കണ്ണുകളിൽ തെളിയുന്ന ആഹ്ളാദകണ്ണീർ, ചികിത്സ കഴിഞ്ഞ് യാത്ര പറയുമ്പോഴുള്ള നന്ദിവാക്കുകൾ വൈദ്യവൃത്തിയിലെ അഭിമാനകരമായ അത്തരം നിമിഷങ്ങൾ അമ്മയ്ക്കെന്ന പോലെ ഈ മകൾക്കും മനസ് തുളുമ്പുന്ന അനുഭവങ്ങളാണ്. 2014ലാണ്  ഡോ. ആലിസ് വർഗീസ് മരിച്ചത്.
കൊവിഡിന് മുമ്പു വരെ പെരുമ്പാവൂരിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. വർഗീസ് ചെറിയാൻ ഇപ്പോൾ മകളുടെ കുടുംബത്തിന് ഒപ്പമുണ്ട്. ഭർത്താവിന്റെ മാതാപിതാക്കളായ ഡോ. ലില്ലി ചെറിയാനും ഡോ. എം.കെ. ജോർജും സർക്കാർ സർവീസിലാണ് പ്രവർത്തിച്ചിരുന്നത്.
രോഗികളുടെ സഹയാത്രിക
മുന്നിലെത്തുന്ന രോഗിക്ക് മരുന്ന് എഴുതി കൊടുത്ത് പറഞ്ഞുവിടാനല്ല, മറിച്ച് അവരുമായി ഉള്ളുതുറന്ന് സംസാരിച്ച് രോഗകാരണം കണ്ടെത്താൻ ശ്രമിക്കുന്ന ആളാണ് ഡോ.മറീന വർഗീസ്. എന്തു രഹസ്യങ്ങളുംപങ്കുവയ്ക്കാം. രോഗികളുടെ വീട്ടു വഴക്കുകളിൽ പോലും മദ്ധ്യസ്ഥം വഹിച്ച സന്ദർഭങ്ങളുണ്ട്. അക്കാര്യത്തിൽ അപ്പയാണ് ഇവർക്ക് മാതൃക. തന്റെ മുന്നിലെത്തുന്ന ഓരോ രോഗിയുമായും വളരെയേറെ ആത്മബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഡോ. വർഗീസ് ചെറിയാൻ . ചികിത്സയ്ക്കായി എത്തുന്ന രോഗിയെക്കുറിച്ച് മാത്രമല്ല അവരുടെ   കുടുംബത്തിലെ ഓരോ വ്യക്തിയെക്കുറിച്ചും അവരുടെ വിശേഷങ്ങളുമെല്ലാം ചോദിച്ച് മനസിലാക്കുന്ന പ്രകൃതക്കാരനുമായിരുന്നു ഡോ.വർഗീസ്. പെരുമ്പാവൂർ സ്വദേശിയായ നടൻ ജയറാമും കുടുംബവുമായി ദീർഘകാലത്തെ ബന്ധമാണുള്ളത്. ഡോക്ടർ വർഗീസ് ജയറാമിന്റെ കുടുംബഡോക്ടർ കൂടിയാണ് . അടുത്ത തലമുറയും ആ സൗഹൃദം അതേപോലെ തുടരുന്നു.
എന്നും വിദ്യാർത്ഥി
എം.ബി.ബി.എസ് കഴിഞ്ഞ് ഒന്നര വർഷം മെഡിക്കൽട്രസ്റ്റ് ആശുപത്രിയിൽ ജോലി ചെയ്പ്പോഴാണ് ഡോ. മറീനയ്ക്ക് സർജറിയോട് ഇഷ്ടം തോന്നിതുടങ്ങിയത്. ഗൈനോക്കോളജിയിൽ എം. ഡി നേടിയശേഷം സ്കാനിംഗ് വശത്താക്കി. ഏതു വൈകല്യവും ഉടനടി സ്പോട്ട് ചെയ്യാനുള്ള സാമർത്ഥ്യം ഡോക്ടർമാരെ പോലും അതിശയിപ്പിച്ചു. പിന്നീട് ലാപ്രോസ്കാേപ്പി ചികിത്സാരീതിയിലും വൈദഗ്ദ്ധ്യം നേടി.
ബഹുഭാഷാ വിദഗ്ദ്ധ
കൊവിഡ് കാലത്തിന് മുമ്പുതന്നെ മറീന ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിച്ചിരുന്നു. പാതിരാത്രിയിലും സഹായം തേടി രോഗികളുടെ കോളുകളെത്തും. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിവയ്ക്ക് പുറമെ അറബിയും വശമുള്ളതിനാൽ അന്യനാട്ടുകാർക്കും ഈ ഡോക്ടർ പ്രിയങ്കരിയാണ്. ഓൺലൈനായി സ്ളിം ക്ളിനിക് നടത്തുന്നുണ്ട്. ഇതിൽ 35 അംഗങ്ങളുണ്ട്. ഭക്ഷണം, ചിട്ടയായ വ്യായാമം എന്നിവയിലൂടെ അമിതവണ്ണം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകും. ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുയോജ്യമായ വ്യായാമങ്ങൾ പറഞ്ഞുകൊടുക്കും. നിത്യേന ഒരു മണിക്കൂർ നേരമുള്ള നടപ്പാണ് വണ്ണം കുറയാൻ ഏറ്റവും അനുയോജ്യമായ മാർഗമെന്ന് ഡോക്ടർ പറയുന്നു
 വന്ധ്യത ചികിത്സയിൽ  അഗ്രഗണ്യ
ചെന്നൈ വിജയ ഹോസ്പിറ്റലിൽ നിന്ന് വന്ധ്യത ചികിത്സയിൽ മികച്ച പരിശീലനം നേടിയഡോ. മറീന നിരവധി ദമ്പതിമാരുടെ ജീവിതത്തിൽ പ്രകാശംനിറച്ചു . വന്ധ്യത നേരിടുന്ന ദമ്പതികളും അവരുടെ കുടുംബങ്ങളും അതിഭയങ്കരമായ മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ചികിത്സകൾക്കും വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ശേഷം ലഭിച്ച കുഞ്ഞോമനയെ ബന്ധുക്കളെ ഏല്പിക്കുമ്പോഴുള്ള സംതൃപ്തിയും ആഹ്ളാദവും പറഞ്ഞറിയിക്കാൻ വയ്യെന്ന് ഡോക്ടർ പറയുന്നു.
കലാപാരമ്പര്യം
അപ്പയുടെ മുത്തച്ഛനായ കൊച്ചീപ്പ തരകനാണ് മലയാളത്തിലെ ആദ്യ സാമൂഹിക നാടകമായ മറിയാമ്മ നാടകത്തിന്റെ രചയിതാവ്. ആ പാരമ്പര്യത്തിന്റെ പിൻബലത്താലാവാം തനിക്കും എഴുത്തിനോട് കമ്പമുണ്ടെന്ന് ഡോ.മറീന പറയുന്നു. സ്വന്തം രചനയിൽ ഒരു സിനിമയും ഈ വർഷം അവസാനത്തോടുകൂടി ആരംഭിക്കും. മറീനയുടെ സുഹൃത്താണ് രണ്ടുമൂന്നു ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ സിനിമയുടെ നിർമ്മാതാവ് . നടി ആശ ശരത്തിന്റെ അമ്മ കലാമണ്ഡലം സുമതിയുടെ കീഴിൽ നൃത്തം അഭ്യസിച്ചിട്ടുണ്ട്. ശാസ്ത്രിയമായി പഠിച്ചിട്ടില്ലെങ്കിലും പാടാനുള്ള കഴിവുണ്ട്
കുടുംബം
ഭർത്താവ് ഡോ. വിനോദ് ജോർജ് ഓർത്തോപീഡിക് സർജനാണ്. മകൻ ഷോൺ ജോർജ് , ഇടപ്പള്ളി അമൃത ആശുപത്രിയിൽ എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർത്ഥി. മകൾ മരിയ ഏഴാം ക്ളാസ് വിദ്യാർത്ഥിനിയാണ്. വീട്ടുകാരിൽനിന്നും സഹപ്രവർത്തകരിൽനിന്നും കിട്ടുന്ന സ്നേഹവും പിന്തുണയും തനിക്കേറെ കരുത്താണ് നൽകുന്നതെന്ന് ഡോ.മറീന പറയുന്നു.
ദൈവമാണ് ശക്തി. സ്കാനിംഗില്ലാതിരുന്ന കാലത്ത് മറുപിള്ള (Placenta previa) താഴേക്ക് വന്നോ, കോഡ് കുരുങ്ങി ഗർഭസ്ഥശിശുവിന് അപകടം സംഭവിച്ചോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ യാതൊരു മാർഗവുണ്ടായിരുന്നില്ല . മുൾമുനയിൽ നിന്നാണ് ഡോക്ടർമാർ ഡ്യൂട്ടി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ അമ്മയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് രക്തം കയറ്റാൻ കഴിയുന്ന കാലമാണ്. എങ്കിലുംപ്രാർത്ഥന ചൊല്ലാതെ ജോലിയിലേക്കോ സർജറിയിലേക്കോ കടക്കാറില്ല. ഈശ്വരനെ മുറുകെപിടിച്ചാണ് ജീവിതം.