
ചെന്നൈ: ഇന്ത്യൻ സൈന്യത്തിൽ ചേരാൻ രണ്ടു വട്ടം ശ്രമിച്ച് പരാജയപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി റഷ്യൻ സൈന്യത്തിനെതിരെ പോരാടാൻ യുക്രെയിൻ അർദ്ധ സൈനിക വിഭാഗത്തിനൊപ്പം ചേർന്നു. കോയമ്പത്തൂർ തുടലിയൂർ സ്വദേശി സായ് നികേഷ് രവിചന്ദ്രനാണ് (21) യുക്രെയിൻ സൈന്യത്തിൽ ചേർന്നത്.
യൂണിഫോമണിഞ്ഞ് യുക്രെയിൻ സൈന്യത്തിനൊപ്പം നിൽക്കുന്ന സായ്‌നികേഷിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സന്നദ്ധപ്രവർത്തകർ ഉൾപ്പെടുന്ന ജോർജിയൻ നാഷണൽ ലീജൻ അർദ്ധസൈനിക വിഭാഗത്തിന് വേണ്ടിയാണ് സായ് പടച്ചട്ടയണിഞ്ഞത്. ഉയരക്കുറവാണ് ഇന്ത്യൻ സൈന്യത്തിൽ ചേരാൻ തടസ്സമായത്.
2018ലാണ് സായ് നികേഷ് യുക്രെയിനിലെത്തുന്നത്. ഖർകീവ് നാഷണൽ ഏറോസ്‌പേസ് സർവകലാശാലയിൽ എൻജിനിയറിംഗ് അവസാന വർഷ വിദ്യാർത്ഥിയായ സായ് തനിക്ക് വീഡിയോ ഗെയിം നിർമ്മാണക്കമ്പനിയിൽ ജോലി ലഭിച്ചെന്ന് ഒരു മാസം മുമ്പ് കുടുംബത്തെ അറിയിച്ചിരുന്നു.
എന്നാൽ, യുക്രെയിനെതിരായ റഷ്യൻ ആക്രമണം ആരംഭിച്ചശേഷം സായ് നികേഷ് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ബന്ധുക്കൾ സായ് നികേഷിനെ ബന്ധപ്പെട്ടപ്പോഴാണ് താൻ യുക്രെയിൻ സൈന്യത്തിൽ ചേർന്നതായി അറിയിച്ചത്. ഇന്റലിജൻസ് ഉദ്യോഗസ്ഥർ രണ്ടു ദിവസം മുമ്പ് കോയമ്പത്തൂരിലെ സായ്‌നികേഷിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
നേരത്തെ യു.എസ് മിലിട്ടറിയിൽ ചേരുന്നതിനായി ചെന്നൈ യു.എസ് കോൺസുലേറ്റിൽ സായ് അന്വേഷണം നടത്തിയിരുന്നു. ഇത് സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് കേന്ദ്രസർക്കാരിന് ലഭിച്ചു.
മകൻ സൈന്യത്തിൽ ചേർന്ന വിവരമറിഞ്ഞ് അച്ഛൻ രവിചന്ദ്രനും ഉറ്റ ബന്ധുക്കളും ആശങ്കയിലാണ്. എത്രയും വേഗം മകനെ മടക്കിക്കൊണ്ടുവരണമെന്ന് സായിയുടെ പിതാവ് കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു.