
അഹമ്മദാബാദ്: ഇത്തവണത്തെ ഐ.പി.എല്ലിൽ നിന്ന് പിന്മാറിയ ഇംഗ്ലീഷ് ഓപ്പണർ ജേസൺ റോയ്ക്ക് പകരം പുത്തൻ ടീമായ ഗുജറാത്ത് ടൈറ്റൻസിലേക്ക് അഫ്ഗാനി യുവഓപ്പണറും വിക്കറ്റ് കീപ്പറുമായ റഹ്മാനുള്ള ഗുർബാസ് എത്തിയേക്കുമെന്ന് റിപ്പോർട്ട്. താരവുമായി ധാരണയിലെത്തിക്കഴിഞ്ഞെന്നും ബി.സി.സി.ഐയുടെ അനുമതി ലഭിച്ചാലുടൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നുമാണ് വിവരം. അഫ്ഗാനായി 9 ഏകദിനവും 12 ട്വന്റി-20യും മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും വിവിധ ട്വന്റി-20 ലീഗുകളിൽ ഓപ്പണറായിറങ്ങി 120 സ്ട്രൈക്ക് റേറ്റിൽ കൂറ്റൻ സിസ്കുുകളുടെ പിൻബലത്തിൽ റൺസ് വാരിക്കൂട്ടിയതാണ് ഇരുപതുകാരനായ ഗുർബാസിന് തുണയായത്. കരിയറിൽ ആകെ കളിച്ച 69 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 113 സിക്സറുകൾ ഗുർബാസ് നേടിക്കഴിഞ്ഞു. വിക്കറ്റിന് പിന്നിലും വിശ്വസ്തനായ ഗുർബാസ് ഗുജറാത്തിന്റെ വിക്കറ്റ് കീപ്പിംഗ് തലവേദനകൾക്കും നല്ല ഉത്തരമാണ്. ഓസീസ് വിക്കറ്റ് കീപ്പർ മാത്യു വേഡിന്റെ സേവനം സീസണിന്റെ ആദ്യ ആഴ്ചയ്ക്ക് ശേഷം മാത്രമേ ലഭിക്കൂയെന്നുറപ്പായതോടെ ട്വന്റി-20യിൽ മികച്ച റെക്കാഡില്ലാത്ത ഇന്ത്യൻ വെറ്റ്റൻ വൃദ്ധിമാൻ സാഹയെമാത്രമേ ഗുജറാത്തിന് ആശ്രയിക്കാനുണ്ടായിരുന്നുള്ളൂ. ഗുജറാത്ത് ടീമിലുള്ള അഫ്ഗാൻ സീനിയർ താരം റഷീദ് ഖാന്റെ ഇടപെടലും ഗുർബാസിന് തുണയായി.
ബായോബബിളിൽ കൂടുതൽ കാലം ചെലവഴിക്കേണ്ടിവരും എന്ന് പറഞ്ഞാണ് ഗുജറാത്ത് അടിസ്ഥാന വിലയായ ഒരു കോടിയ്ക്ക് മെഗാലേലത്തിൽ സ്വന്തമാക്കിയ റോയ് പിൻമാറിയത്. നേരത്തേ റോയ്ക്ക് പകരം ഇത്തവണ ലേലത്തിൽ ആരും വാങ്ങാതിരുന്ന സുരേഷ് റെയ്നയെ ഗുജറാത്ത് ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിരുന്നു.