
₹യുക്രെയിനിലെ ഏറ്റവും ദുഷ്‌കരമായ രക്ഷാദൗത്യം
₹ സഫലമായത് മോദി - പുട്ടിൻ - സെലെൻസ്കി നയതന്ത്രം
ന്യൂഡൽഹി:റഷ്യ- യുക്രെയിൽ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള യുക്രെയിനിലെ ഏറ്റവും ദുഷ്‌കരമായ രക്ഷാദൗത്യത്തിൽ, സുമി നഗരത്തിൽ കുടുങ്ങിയ 694 ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്നലെ സുരക്ഷിത മേഖലയായ പോൾട്ടോവയിലേക്ക് പന്ത്രണ്ട് ബസുകളിലായി ഒഴിപ്പിച്ചു. ഇന്ന് ട്രെയിനിൽ യുക്രെയിന്റെ പടിഞ്ഞാറൻ അതിർത്തിയിലെത്തിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരും.റെഡ് ക്രോസും ഇന്ത്യൻ എംബസിയും സഹകരിച്ചായിരുന്നു ദൗത്യം.
രണ്ടാഴ്ച മുമ്പ് റഷ്യൻ അധിനിവേശം തുടങ്ങിയതു മുതൽ സുമിയിൽ രൂക്ഷമായ പോരാട്ടമാണ്. ഭീതിയുടെ നിഴലിലായ ഇന്ത്യൻ വിദ്യാർത്ഥികൾ ദിവസങ്ങളായി രക്ഷാമാർഗം കാത്തു കഴിയുകയായിരുന്നു.
ഇവരെ ഒഴിപ്പിക്കാൻ സുരക്ഷിത പാത ഒരുക്കണമെന്ന് ഇന്ത്യ യു.എന്നിലും ആവശ്യപ്പെട്ടിരുന്നു.തിങ്കളാഴ്ച കൊടുംതണുപ്പിൽ മൂന്ന് മണിക്കൂറോളം കുട്ടികൾ ബസ് കാത്ത് നിന്നെങ്കിലും പോകാനായില്ല. ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതത്തിലായ വിദ്യാർത്ഥികൾ ശനിയാഴ്ച സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ, ജീവൻ പണയം വച്ച് റഷ്യൻ അതിർത്തിയിലേക്ക് നടന്ന് പോകുമെന്ന് പറഞ്ഞിരുന്നു. ഇത് രാജ്യവ്യാപകമായി ആശങ്ക സൃഷ്‌ടിച്ചു. ഇന്ത്യാ ഗവൺമെന്റ് അവരെ ബന്ധപ്പെട്ടാണ് യാത്രയിൽ നിന്ന് പിന്തിരിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച, റഷ്യൻ പ്രസിഡന്റ് പുട്ടിനുമായും യുക്രെയിൻ പ്രസിഡന്റ് സെലെൻസ്‌കിയുമായും നടത്തിയ ചർച്ചയിൽ സുമിയിലെ കുട്ടികളെ ഒഴിപ്പിക്കാൻ സഹായിക്കാമെന്ന് ഇരു നേതാക്കളും ഉറപ്പു നൽകി. പിന്നാലെ, സുമിയിൽ നിന്ന് സുരക്ഷാ ഇടനാഴി ഒരുക്കാൻ റഷ്യ തയ്യാറായതാണ് ഒഴിപ്പിക്കൽ സാദ്ധ്യമാക്കിയത്. കീവ്, ചെർണിഹിവ്, ഖാർകീവ്, മരിയുപോൾ നഗരങ്ങളിലും സുരക്ഷാ ഇടനാഴികൾ ഒരുക്കാൻ റഷ്യ സന്നദ്ധമായി. ഇന്നലെ രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 ) വെടിനിറുത്തലും പ്രഖ്യാപിച്ചു.
നവീന്റെ മൃതദേഹം
മോർച്ചറിയിൽ
യുക്രെയിനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി നവീനിന്റെ മൃതദേഹം എംബാം ചെയ്‌ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സ്ഥലത്തെ ആക്രമണം അവസാനിച്ചാലുടൻ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അഭയാർത്ഥികൾ
20 ലക്ഷം കവിയും
സുമിയിൽ വെടിനിറുത്തലിന് മുമ്പ് റഷ്യൻ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു.
റഷ്യൻ ആക്രമണത്തിൽ ഇതുവരെ 400 സിവിലിയന്മാർ കൊല്ലപ്പെട്ടെന്നും 800 പേർക്ക് പരിക്കേറ്റെന്നും യുക്രെയിൻ. 38 കുട്ടികളും മരിച്ചു. 70 കുട്ടികൾക്ക് പരിക്ക്.
3093 മലയാളികൾ നാട്ടിലെത്തി
തിരുവനന്തപുരം: യുക്രെയിനിൽ നിന്ന് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതുവരെ 3093 മലയാളികളെ കേരളത്തിൽ എത്തിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു. 
ഇന്നലെ 119 മലയാളികളാണ് കേരളത്തിൽ എത്തിയത്. 107 പേർ ഡൽഹിയിൽ നിന്ന് നോർക്ക റൂട്ട്സ് കൊച്ചിയിലേക്ക് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിലാണ് വന്നത്. 12 പേർ മുംബയിൽ നിന്നാണ് എത്തിയത്.