sumi-attack

കീവ് : ' ഞാൻ കീവിലെ ബങ്കോവ സ്ട്രീറ്റിലാണുള്ളത്. ഞാൻ ഒളിവിലല്ല. ആരെയും ഭയക്കുന്നില്ല. ഈ പോരാട്ടത്തിൽ നമ്മുടെ ദേശസ്നേഹം വിജയിക്കാൻ സാദ്ധ്യമായതെന്തും ചെയ്യും." യുക്രെയിനിൽ റഷ്യൻ ആക്രമണം രൂക്ഷമാകുന്നതിനിടെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ റഷ്യ പോരാട്ടം കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് സെലെൻസ്കിയുടെ സന്ദേശം. യുക്രെയിൻ അധിനിവേശം ആരംഭിച്ചതിന് ശേഷം മൂന്ന് തവണ സെലെൻസ്കി വധശ്രമങ്ങളെ അതിജീവിച്ചെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

അതേ സമയം,​ പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി വടക്ക് കിഴക്കൻ നഗരമായ സുമിയിൽ ഒരു അപ്പാർട്ട്മെന്റ് സമുച്ഛയത്തിന് നേരെ നടന്ന റഷ്യൻ വ്യോമാക്രമണത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടതായി യുക്രെയിൻ അറിയിച്ചു. ഇന്നലെ രാവിലെയാണ് കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. പിഞ്ചുകുഞ്ഞുങ്ങൾക്കുൾപ്പെടെ പരിക്കേറ്റിട്ടുണ്ട്.

സുമി ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് ഇന്നലെ വിദേശപൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികൾ നടന്നിരുന്നു. ഒക്ടൈർക നഗരത്തിന് നേരെയും റഷ്യൻ ആക്രമണമുണ്ടായെന്ന് യുക്രെയിൻ ആരോപിച്ചു. കീവിൽ ഇന്നലെയും ഷെല്ലാക്രമണങ്ങളുണ്ടായെന്ന് മേയർ അറിയിച്ചു. മൈക്കലൈവ്, ചെർണീവ് നഗരങ്ങളിലും സ്ഥിതിഗതികൾ വഷളാവുകയാണ്. ഇവിടങ്ങളിൽ റഷ്യയുടെ ഷെല്ലാക്രമണം ഇന്നലെ ശക്തമായിരുന്നു. തുറമുഖ നഗരമായ ഒഡേസയിൽ യുക്രെയിൻ ചെറുത്തുനിൽപ് തുടരുകയാണ്.

ഇതുവരെ 20 ലക്ഷം പേർ യുക്രെയിനിൽ നിന്ന് പാലായനം ചെയ്തെന്ന് യു.എൻ അറിയിച്ചു. യുക്രെയിനിൽ വെള്ളവും ഭക്ഷണവും മരുന്നിമില്ലാതെ ആയിരക്കണക്കിന് പേരാണ് കുടുങ്ങിക്കിടക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.

 അതേ സമയം, എണ്ണവില ബാരലിന് 300 ഡോളറായി ഉയരുമെന്നും യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ പാശ്ചാത്യ രാജ്യങ്ങൾ എണ്ണ ഇറക്കുമതി നിറുത്തിയാൽ ജർമ്മനിയിലേക്കുള്ള പ്രധാന വാതക പൈപ്പ് ലൈൻ അടയ്ക്കുമെന്നും റഷ്യ ഇന്നലെ മുന്നറിയിപ്പ് നൽകി. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിറുത്തുന്നുവെന്ന് ബ്രിട്ടീഷ് എണ്ണ കമ്പനിയായ ഷെൽ അറിയിച്ചു.

 വടക്കൻ യുക്രെയിനിലെ സൈറ്റോമയറിൽ തിങ്കളാഴ്ച രാവിലെ രണ്ട് എണ്ണ ഡിപ്പോകൾക്ക് നേരെ റഷ്യൻ വ്യോമാക്രമണമുണ്ടായി.

 യുക്രെയിനിലെ ആരോഗ്യ സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന. ഫെബ്രുവരി 24 മുതൽ ആരോഗ്യ സംവിധാനങ്ങൾക്ക് നേരെ നടന്ന 16 വ്യത്യസ്ത ആക്രമണങ്ങളിൽ കുറഞ്ഞത് 9 പേരെങ്കിലും മരിച്ചു.

 മരിയുപോളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടെ റഷ്യ ഷെല്ലാക്രമണം നടത്തിയെന്ന് യുക്രെയിൻ

 ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ജി 7 വെർച്വൽ യോഗം വെള്ളിയാഴ്ച

 32 റഷ്യൻ, ബെലറൂഷ്യൻ പൗരന്മാരുടെ ആസ്തി മരവിപ്പിച്ചെന്ന് ജപ്പാൻ

 യുക്രെയിന് 723 ദശലക്ഷം ഡോളർ വായ്പ അനുവദിച്ച് ലോകബാങ്ക്