
ന്യൂഡൽഹി: രണ്ട് വർഷത്തോളമായി നിലനിന്നിരുന്ന അന്താരാഷ്‌ട്ര വിമാനയാത്രയ്‌ക്കുളള വിലക്ക് അവസാനിക്കുന്നു. മാർച്ച് 27 മുതൽ രാജ്യത്ത് അന്താരാഷ്‌ട്ര വിമാനങ്ങൾ സർവീസ് ആരംഭിക്കാൻ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അനുമതി നൽകി. ലോകമാകെ കൊവിഡ് വാക്‌സിനേഷൻ നിരക്കിൽ വന്ന പുരോഗതിയെ തുടർന്നാണ് തീരുമാനം.വിദേശത്ത് ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും മറ്റും വലിയ ആശ്വാസമാണ് കേന്ദ്ര സർക്കാർ നൽകിയ ഇളവനുസരിച്ചുളള ഡിജിസിഎയുടെ തീരുമാനം.
മുൻപ് 2021 ഫെബ്രുവരി 28വരെ പ്രഖ്യാപിച്ചിരുന്ന യാത്രാവിലക്ക് ഒരുവർഷത്തേക്ക് കൂടി നീട്ടുകയായിരുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനാൽ 2020 മാർച്ച് 23നാണ് അന്താരാഷ്‌ട്ര വിമാനങ്ങളുടെ യാത്ര നിരോധിച്ചത്. എന്നാൽ വന്ദേഭാരത് മിഷൻ വഴിയും പ്രത്യേക എയർ ബബിൾ മുഖേനയും വിമാന സർവീസുകൾ 32 രാജ്യങ്ങളിലേക്ക് ഇന്ത്യ നടത്തിയിരുന്നു. യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് മുതലായ രാജ്യങ്ങളിലേക്ക് നടത്തിയ സർവീസുകൾ ഇവയിൽ ചിലതാണ്.
എന്നാൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കൃത്യമായ നിയമങ്ങൾ പാലിച്ചുകൊണ്ടായിരിക്കും രാജ്യത്ത് അന്താരാഷ്‌ട്ര വിമാനസർവീസുകൾ ആരംഭിക്കുകയെന്ന് ഡിജിസിഎ അറിയിച്ചു.