
കീവ് : ഖാർക്കീവിലെ പോരാട്ടത്തിനിടെ മുതിർന്ന റഷ്യൻ ജനറലിനെ വധിച്ചതായി യുക്രെയിൻ മിലിട്ടറി ഇന്റലിജൻസ് അറിയിച്ചു. അധിനിവേശത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ റഷ്യൻ കമാൻഡറാണിത്.
റഷ്യയുടെ ഫസ്റ്റ് ഡെപ്യൂട്ടി കമാൻഡറായ മേജർ ജനറൽ വിറ്റാലി ജെറസിമോവാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടതെന്ന് യുക്രെയിൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസം അവസാനമാണ് ഡെപ്യൂട്ടി കമാൻഡറായ ജനറൽ ആൻഡ്രെ സുഖോവെറ്റ്സ്കി കൊല്ലപ്പെട്ടത്. ഇതുവരെ11,000 റഷ്യൻ സൈനികരെ തങ്ങൾ വധിച്ചെന്നാണ് യുക്രെയിന്റെ അവകാശവാദം. എന്നാൽ, തങ്ങളുടെ 500 ഓളം സൈനികർ മരിച്ചെന്നാണ് റഷ്യ അറിയിച്ചത്.
സെലെൻസ്കിക്ക് ആദരം, വാഷിംഗ്ടണിൽ തെരുവിന്റെ പേര് മാറ്റി
റഷ്യൻ അധിനിവേശത്തിനെതിരെ ധീരമായി പോരാടുന്ന യുക്രെയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാഷിംഗ്ടൺ ഡി.സിയിൽ റഷ്യൻ എംബസി സ്ഥിതി ചെയ്യുന്ന തെരുവിന് അനൗദ്യോഗികമായി 'പ്രസിഡന്റ് സെലെൻസ്കി വേ " എന്ന പേരിട്ടു. ഇതിലൂടെ റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ പ്രകോപനപരമായ നടപടികളോടുള്ള പ്രതിഷേധവും യുക്രെയിനോടുള്ള ബഹുമാനവുമാണ് തങ്ങൾ പ്രകടമാക്കുന്നതെന്ന് വാഷിംഗ്ടണിൽ യുക്രെയിൻ അനുകൂല പ്രതിഷേധങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ആക്ടിവിസ്റ്റുകളിലൊരാളായ ക്ലോഡ് ടെയ്ലർ പറഞ്ഞു.
2018ൽ ഈ തെരുവിന് ' ബോറിസ് നെംറ്റ്സോവ് പ്ലേസ് " എന്ന് നാമകരണം ചെയ്തിരുന്നു. വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായിരുന്നു ബോറിസ് നെംറ്റ്സോവ്. 2015ലാണ് ഇദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടത്. ബോറിസിന്റെ മരണത്തിന് പിന്നിൽ ക്രെംലിന്റെ കരങ്ങളുണ്ടെന്ന് ആരോപണമുയർന്നെങ്കിലും റഷ്യൻ ഭരണകൂടം നിഷേധിച്ചിരുന്നു.
റഷ്യൻ എംബസി ഗേറ്റിൽ ട്രക്ക് ഇടിച്ചു കയറ്റി
യുക്രെയിൻ സംഘർഷവുമായി ബന്ധപ്പെട്ട് അയർലൻഡിലെ ഡബ്ലിനിൽ നടന്ന പ്രതിഷേധത്തിനിടെ റഷ്യൻ എംബസിയുടെ ഗേറ്റിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി. ആർക്കും പരിക്കില്ല. ട്രക്ക് ഓടിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹാക്കിംഗ് സജീവം
റഷ്യൻ, ബെലാറഷ്യൻ ഹാക്കർമാർ സൈബറിടങ്ങളിൽ യുക്രെയിനെയും അവരുടെ യൂറോപ്യൻ സഖ്യകക്ഷികളെയും ലക്ഷ്യമിട്ട് ഫിഷിംഗ് (ഇന്റർനെറ്റിലൂടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതി ), ചാരവൃത്തി തുടങ്ങിയ ആക്രമണങ്ങൾ നടത്തുന്നതായി ഗൂഗിൾ. റഷ്യൻ സൈബർ ചാരഗ്രൂപ്പായ ഫാൻസിബിയറും ഇതിൽ ഉൾപ്പെടുന്നു. രണ്ടാഴ്ചയായി ഫാൻസിബിയർ യുക്രെയിൻ മീഡിയ കമ്പനിയായ യുകെആർ നെറ്റിലേക്ക് ഫിഷിംഗ് ഇ - മെയിലുകൾ അയയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശത്രുക്കളെ നേരിടാൻ ഹാക്കർമാരെ ഉപയോഗിക്കുന്നുവെന്ന ആരോപണം റഷ്യ തള്ളി.
യുക്രെയിന് സഹായവുമായി ഡി കാപ്രിയോ
ലോസാഞ്ചലസ് : റഷ്യൻ അധിനിവേശത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന യുക്രെയിന് ഒരു കോടി ഡോളർ നൽകി ഹോളിവുഡ് സൂപ്പർതാരം ലിയനാർഡോ ഡി കാപ്രിയോ. ഡി കാപ്രിയോയുടെ മുത്തശ്ശി ഹെലെന തെക്കൻ യുക്രെയിനിലെ ഒഡേസയിലാണ് ജനിച്ചത്. ഇവർ 1917ൽ ജർമ്മനിയിലേക്ക് കുടിയേറുകയായിരുന്നു. കിഴക്കൻ യൂറോപ്പിലെ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ വിസ്ഗ്രാഡ് ഫണ്ടാണ് ഡികാപ്രിയോ സാമ്പത്തിക സഹായം നൽകുന്ന വിവരം പുറത്തുവിട്ടത്.
യുക്രെയിൻ വംശജയായ ഹോളിവുഡ് നടി മില ക്യൂനീസും ഭർത്താവും പ്രശസ്ത അമേരിക്കൻ നടനുമായ ആഷ്ടൻ കറ്റ്ച്ചറും 30 ലക്ഷം ഡോളറും യുക്രെയിൻ ദുരിതാശ്വാസത്തിന് നൽകുന്നുണ്ട്.മൂന്ന് കോടി ഡോളർ സമാഹരിക്കാൻ ഇവരുവരും പ്രചാരണം തുടങ്ങി. യു.എൻ അംബാസഡർമാരായ ആഞ്ചലീന ജോളി, പ്രിയങ്ക ചോപ്ര തുടങ്ങിയവർ ഉൾപ്പെടെ നിരവധി ഹോളിവുഡ് സെലിബ്രിറ്റികളാണ് യുക്രെയിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നത്.