
മുംബയ്: ജീവിതത്തിൽ വിജയം നേടിയവരെല്ലാം പരാജയം നുണഞ്ഞവരായിരിക്കും. അത്തരത്തിലൊരു അനുഭവത്തിലൂടെ കടന്നുപോയ വ്യക്തിയാണ് അടുത്തിടെ മരണമടഞ്ഞ ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ. ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ജീവിതത്തിൽ സംഭവിച്ച നിർണായക വഴിതിരിവിനെ കുറിച്ച് വോൺ ഇന്ത്യൻ പരിശീലകനായ രാഹുൽ ദ്രാവിഡുമായി പങ്കുവച്ചിരുന്നെന്നും ദ്രാവിഡാണ് തന്നോട് ഇക്കാര്യം പറയുന്നതെന്നും വ്യക്തമാക്കിയാണ് അശ്വിൻ സംഭവം വിവരിക്കുന്നത്.
ഒരു സ്പിന്നറിന് ഏറ്റവും ആവശ്യമായിട്ടുള്ളത് ബലമേറിയ തോളാണ്. പന്ത് ടേൺ ചെയ്യിക്കുന്നതിന് ഏറ്റവും അധികം ബലം കൊടുക്കുന്നത് തോളുകളിൽ ആയതിനാലാണ് ഇത് ആവശ്യമായി വരുന്നത്. വോണിന്റെ ഏറ്റവും വലിയ ശക്തിയും കരുത്തുറ്റ തോളുകളും പേശികളുമായിരുന്നു. ഇതെങ്ങനെ നേടിയെടുത്തു എന്ന് ഒരിക്കൽ ദ്രാവിഡ് ചോദിച്ചപ്പോഴായിരുന്നു വോൺ തന്റെ ജീവിതത്തിൽ ഒരിക്കൽ സംഭവിച്ച അത്യാഹിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
ഓസ്ട്രേലിയയിൽ വളരെ പ്രചാരത്തിലുള്ള ഓസീസ് റൂൾസ് സ്പോർട്സ് എന്ന കായികയിനം. റഗ്ബീയോട് ഏറെ സമാനതകളുള്ള ഈ കായികയിനം വളരെയേറെ അപകടം നിറഞ്ഞ ഒന്നാണ്. എന്നാൽ ഇത് കളിക്കണമെന്ന് വോണിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഒരിക്കൽ കളിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കാലുകൾ ഗുരുതരമായി പരിക്കേൽക്കുകയും ഒടിയുകയും ചെയ്തു. നാല് ആഴ്ചയോളം കാലിൽ പ്ളാസ്റ്ററിട്ട് വിശ്രമിക്കേണ്ട സാഹചര്യമായിരുന്നു പിന്നീട് വോണിനെ നേരിടേണ്ടി വന്നത്. എന്നാൽ ഇക്കാലയളവിൽ വോൺ തന്റെ കൈകൾ ഉപയോഗിച്ച് നിലത്ത് കൂടി നീങ്ങുകയും നടക്കുന്നതിന് പകരം കൈകുത്തി വീടിനുള്ളിൽ സഞ്ചരിക്കുകയും ചെയ്തു. ഇങ്ങനെയാണ് അദ്ദേഹത്തിന്റെ തോളെല്ലുകളും പേശികളും കരുത്തുറ്റതാകുന്നത്.