
മനില: ഉഭയസമ്മതപ്രകാരമുളള ലൈംഗികബന്ധത്തിന്റെ പ്രായപരിധി 12ൽ നിന്ന് 16ലേക്ക് ഉയർത്തി ഏഷ്യൻ രാജ്യം. കുട്ടികളെ ലൈംഗിക അതിക്രമത്തിൽ നിന്നും രക്ഷിക്കുന്നതിനാണ് ഫിലിപ്പൈൻസിൽ സർക്കാർ നിയമം പരിഷ്‌കരിച്ചത്. 92 വർഷമായി രാജ്യത്ത് നിലനിന്ന നിയമമാണ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടർട്ടെ മാറ്റിയത്.
പ്രസിഡന്റ് ബില്ലിൽ ഒപ്പുവച്ചതോടെ നിയമം പാസായി. ഉഭയസമ്മതപ്രകാരമുളള ലൈംഗികബന്ധത്തിനുളള പ്രായപരിധിയിൽ ഏറ്റവും കുറവ് നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഫിലിപ്പൈൻസ്. യൂണിസെഫിന്റെ കണക്കനുസരിച്ച് പ്രായപരിധിയിൽ ഏറ്റവും കുറവ് നിലനിൽക്കുന്നത് നൈജീരിയയിലാണ് 11 വയസ്. രണ്ടാമതാണ് ഫിലിപ്പൈൻസ്. 2015ൽ യുണിസെഫും സെന്റർ ഫോർ വിമൻസ് റിസോഴ്‌സസ് എന്ന സംഘടനയും ചേർന്ന് നടത്തിയ സർവെയിൽ ഫിലിപ്പൈൻസിൽ ലൈംഗിക അതിക്രമം നേടുന്ന 10ൽ ഏഴും കുട്ടികളാണെന്ന് കണ്ടെത്തിയിരുന്നു.
13നും 17നുമിടയിൽ പ്രായമുളള കുട്ടികൾ ഏതെങ്കിലും തരത്തിലുളള ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതായി സർവെ കണ്ടെത്തിയിരുന്നു. ഇതിൽ 25ൽ ഒരാൾ നിർബന്ധിത ലൈംഗിക ബന്ധത്തിന് ഇരയായിട്ടുണ്ട്. ഇതിന് തടയിടാനാണ് നിയമം പാസാക്കിയത്. പുതിയ നിയമപ്രകാരം 16 വയസിൽ താഴെയുളള കുട്ടികളുമായി ബന്ധപ്പെടുന്നത് നിയമവിരുദ്ധമാണ്. 40 വർഷംവരെ ജയിൽശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. കഴിഞ്ഞ 42 വർഷമായി ഫിലിപ്പൈൻസിൽ കുട്ടികളുടെ ഉന്നമനത്തിനായുളള വിവിധ സംഘടനകളുടെ നിരന്തരമായ ശ്രമമാണ് ഇപ്പോൾ ഫലപ്രാപ്‌തിയിലെത്തിയിരിക്കുന്നത്.