smriti-mandhana

മുംബയ്: ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് താരങ്ങളെ പോലെ തന്നെ കളിമികവിൽ ഒട്ടും പിന്നിലല്ല നമ്മുടെ വനിതാ താരങ്ങളും. സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, മിഥാലി രാജ് തുടങ്ങിയ ഇന്ത്യൻ വനിതാ താരങ്ങൾ ക്രിക്കറ്റ് പിച്ചുകൾ അടക്കിവാഴുന്ന താരങ്ങളാണ്. സച്ചിൻ ടെൻഡുൽക്കറെ കൂടാതെ ആറ് ലോകകപ്പുകൾ കളിച്ച ഏക ഇന്ത്യൻ താരമാണ് മിഥാലി രാജ്. അതേസമയം വെടിക്കെട്ട് ബാറ്റിംഗിലൂടെ ഏറെ ആരാധകരെ സമ്പാദിച്ച ഹർമൻപ്രീത് കൗറും, ഇന്ത്യക്ക് എപ്പോഴും മികച്ച തുടക്കം നൽകുന്ന ഓപ്പണർ സ്മൃതി മന്ദാനയും ഒട്ടും പിന്നിലല്ല. എന്നാൽ കളി മികവ് കൊണ്ട് മാത്രമല്ല ചില താരങ്ങൾ ശ്രദ്ധ നേടുന്നത്. അവരുടെ ലുക്കിലെ പ്രത്യേകതകൾ കൊണ്ടും സൗന്ദര്യം കൊണ്ടും കൂടിയാണ്. അത്തരം ചില ഇന്ത്യൻ വനിതാ താരങ്ങളെ പരിചയപ്പെടാം.

സ്മൃതി മന്ദാന

ഇടംകൈ കൊണ്ട് ബാറ്റ് വീശുന്ന ഓപ്പണർ സ്മൃതി മന്ദാന ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമാണ്. വമ്പൻ സ്കോറുകൾ നേടാൻ എന്നും ഇന്ത്യയെ സഹായിച്ചിട്ടുള്ള മഹാരാഷ്ട്രക്കാരിയായ സ്മൃതിക്ക് ഏറെ ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. സ്മൃതിയെ ഫോളോ ചെയ്യുന്നവരിൽ കൂടുതലും യുവാക്കളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ലോകത്തുള്ല ഒട്ടുമിക്ക ക്രിക്കറ്റ് ലീഗിലും പങ്കെടുക്കാറുള്ള സ്മൃതി മന്ദാന, ഐ സി സിയുടെ ഇക്കൊല്ലത്തെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.

priya-punia

പ്രിയാ പൂനിയ

2019 ഫെബ്രുവരി ആറിനാണ് പ്രിയാ പൂനിയ എന്ന ജയ്പൂരിൽ നിന്നുള്ള സുന്ദരി ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നത്. ന്യൂസിലാൻഡിനെതിരായ ടി ട്വന്റിയിലൂടെ ദേശീയ ടീമിലെ തന്റെ അരങ്ങേറ്റം കുറിച്ച ഈ മദ്ധ്യനിര ബാറ്റർ, ആ വർഷം ഒക്ടോബർ 9ന് ഇന്ത്യയുടെ ഏകദിന ടീമിലും അരങ്ങേറ്റവും നടത്തി. രണ്ട് വർഷത്തിന് ശേഷം ഇംഗ്‌ളണ്ടിനെതിരായ ടെസ്റ്റ് ടീമിൽ പ്രിയയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും കളിക്കാൻ സാധിച്ചിരുന്നില്ല. ജയ്പൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ ടീമിൽ വരെ എത്തിയ പ്രിയ പൂനിയ എല്ലാ യുവതികൾക്കും ഒരു പ്രചോദനമാണ്.

veda

വേദ കൃഷ്ണമൂർത്തി

കർണാടകയിലെ കദൂർ എന്ന ചെറു ഗ്രാമത്തിൽ ജനിച്ച വേദ കൃഷ്ണമൂർത്തി വളരെ ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റ് പരിശീലനം ആരംഭിച്ചിരുന്നു. തന്റെ 13ാം വയസിൽ വീടിനടുത്തുള്ള ഒരു ക്രിക്കറ്റ് അക്കാഡമിയിൽ ചേർ‌ന്ന് കളിയുടെ ബാലപാഠങ്ങൾ പഠിച്ച വേദ, പിൽക്കാലത്ത് ഇന്ത്യൻ ടീമിന്റെ തന്നെ ഒരു അവിഭാജ്യ ഘടകമായി തീരുകയായിരുന്നു. ബാറ്റ് കൊണ്ടും ബോളുകൊണ്ടും അത്ഭുതങ്ങൾ കാണിക്കുന്ന വേദ, ഇന്ത്യൻ ക്യാപ്ടന് ഏത് സമയത്തും ആശ്രയിക്കാൻ സാധിക്കുന്ന മികച്ചൊരു ആൾറൗണ്ടറാണ്.

harleen-deol

ഹർലീൻ ഡിയോൾ

ബൗൺസറായാലും യോർക്കറായാലും, ഇനി മറുവശത്ത് നിന്ന് പന്തെറിയുന്നത് ഏത് ലോകോത്തര ബൗളറായാലും ശരി, ഹർലീൻ ഡിയോളിന് ഒറ്റ ലക്ഷ്യമേയുള്ളു - പന്ത് അടിച്ച് ബൗണ്ടറി കടത്തുക. ക്രീസിൽ എത്തി ആദ്യ പന്ത് തന്നെ ബൗണ്ടറി അടിക്കാൻ ശ്രമിക്കുന്ന വിരേന്ദർ സെവാഗിന്റെ ഒരു ചെറു വനിതാ പതിപ്പാണ് ഹർലീൻ. ഹിമാചൽ പ്രദേശിൽ നിന്നും ഇന്ത്യൻ ടീമിലെത്തിയ ഹർലീൻ പക്ഷേ തന്റെ ബാറ്റിംഗ് മികവിനെക്കാൾ തന്റെ ലുക്ക് കൊണ്ടാണ് ആരാധകരെ കൂടുതലും സൃഷ്ടിച്ചത്. കഴിഞ്ഞ വർഷമാണ് ഹർലീൻ ദേശീയ ടീമിലെ തന്റെ ഏകദിന, ടി ട്വന്റി അരങ്ങേറ്റം നടത്തിയത്.

harmanpreeth-kaur

ഹർമൻപ്രീത് കൗർ

ആക്രമണ ബാറ്റിംഗ് കൊണ്ട് ആരാധകരുടെ മനസ് കീഴടക്കിയ പഞ്ചാബി സുന്ദരി; ഹർമൻപ്രീതിനെ കുറിച്ച് ഒറ്റവരിയിൽ പറയാൻ സാധിക്കുന്നത് ഇതാണ്. ഇന്ത്യയുടെ വനിതാ ടി ട്വന്റി ക്യാപ്ടൻ കൂടിയായ ഹർമൻപ്രീത്, ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം കൂടിയാണ്. കഴിഞ്ഞ ടി ട്വന്റി ലോകകപ്പിലാണ് ഹർമൻ ഈ നേട്ടം സ്വന്തമാക്കുന്നത്.