yadav

ലക്‌നൗ: പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ ഉൾപ്പടെ വിവിധ മണ്ഡലങ്ങലിൽ ബിജെപി വോട്ടിംഗ് മെഷീനിൽ തട്ടിപ്പ് നടത്തിയതായി ഗുരുതര ആരോപണം ഉന്നയിച്ച് അഖിലേഷ് യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ഒരു ട്രക്ക് നിറയെ വോട്ടിംഗ് മെഷീനുമായി പോകുകയായിരുന്ന ട്രക്ക് പിടിച്ചെടുത്തതായും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനായ അഖിലേഷ് ആരോപിച്ചു.

'സ്ഥാനാർത്ഥികളെ അറിയിക്കാതെ വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് ഇവിഎമ്മുകൾ കടത്തുകയാണ്. ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷൻ ഇടപെടണം. ഇത് മോഷണമാണ്. നമ്മുടെ വോട്ട് സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ഇത്തരം പ്രവർത്തികൾക്കെതിരെ കോടതിയെ സമീപിക്കും' അഖിലേഷ് പറഞ്ഞു.

ബിജെപിക്ക് അധികം ശക്തിയില്ലാത്ത എസ്.പിയ്‌ക്ക് ശക്തമായ വേരോട്ടമുള‌ളയിടങ്ങളിൽ വോട്ടെണ്ണൽ രാത്രി വൈകുംവരെ തുടരാൻ തിരഞ്ഞെടുപ്പ് ചുമതലയുള‌ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ഇത് ബിജെപിയ്‌ക്ക് ഈ മണ്ഡലങ്ങളിൽ വിജയം നേടാനാണ്. ഭൂരിപക്ഷം 5000 വോട്ടുകളിൽ താഴെയുള‌ള 47 മണ്ഡലങ്ങളിലാണ് ഇത്തരത്തിൽ ബിജെപി ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ബിജെപി ജയിക്കും എന്നൊരു ധാരണയുണ്ടാക്കാനാണ് എക്‌സിറ്റ് പോളുകൾ ഇങ്ങനെ പ്രവചനം നടത്തിയത്. അഖിലേഷ് പറയുന്നു.

ഏഴ് ഘട്ടങ്ങളിലായി നടന്ന ഉത്തർ പ്രദേശിലെ തിരഞ്ഞെടുപ്പിൽ ഫലം മാർച്ച് 10നാണ് പുറത്തുവരിക. 2017ൽ 403 സീറ്റുകളിൽ 300ലധികവും നേടി മൃഗീയ ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തിയത്.