
ലണ്ടൻ: ചോദ്യങ്ങൾക്ക് തെറ്റുത്തരം നൽകിയ ജൂനിയർ ഡോക്‌ടറെ നഗ്നയാക്കി നിർത്തി അപമാനിക്കുകയും, മറ്റൊരു ഡോക്‌ടറെ ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്‌ത മുതിർന്ന ഡോക്‌ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ലണ്ടനിലെ സെന്റ് ജോർജ് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽസ് എൻഎസ്‌എച്ച് ഫൗണ്ടേഷൻ ട്രസ്‌റ്റിലെ സീനിയർ കൺസൾട്ടന്റായി ജോലിനോക്കുന്ന ഡോ. എഡ്വിൻ ചന്ദ്രഹാരനെയാണ് പിരിച്ചുവിട്ടത്. യുകെ നാഷണൽ ഹെൽത്ത് സർവീസാണ് ശിക്ഷാ നടപടി കൈക്കൊണ്ടത്. ലണ്ടനിൽ 15 വർഷത്തെ അനുഭവ പരിചയമുളള ഡോക്‌ടറാണ് ഏഷ്യൻ വംശജനായ ഡോ. എഡ്വിൻ. 2020 ഫെബ്രുവരി മുതൽ ലേബർ വാർഡ് ചുമതലയാണ് ഇയാൾക്ക്.
ചെറിയൊരു തെറ്റ് ജൂനിയർ ഡോക്‌ടർ വരുത്തിയത് രോഗിയുടെ ജീവൻ തന്നെ അപകടപ്പെടുത്തുന്നതാണെന്ന തരത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ശിക്ഷ വേണമെന്ന് പറഞ്ഞാണ് ഇത്തരത്തിൽ ശിക്ഷിച്ചതെന്ന് പീഡനം നേരിടേണ്ടിവന്ന ഡോക്‌ടർ അറിയിച്ചു. വിവാഹിതനായ എഡ്വിൻ കോൺഫറൻസിന്റെ ഭാഗമായി യാത്ര നടത്തി ഹോട്ടൽമുറിയിൽ വച്ച് ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും ക്രൂരപീഡനമേറ്റെന്നും രണ്ടാമതൊരു ജൂനിയർ ഡോക്‌ടറും വ്യക്തമായി.
പ്രത്യേകതരം മസാജ് വഴി പുറത്ത് തൊട്ടാൽ രതീമൂർഛയുണ്ടാകുമെന്ന് ഇയാൾ ജൂനിയർ ഡോക്‌ടറോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമായതോടെയാണ് ഡോക്‌ടർക്കെതിരെ നടപടി വന്നത്. എന്നാൽ തനിക്കെതിരെ വംശീയ വിദ്വേഷം പുലർത്തുന്ന മറ്റ് ഡോക്‌ടർമാർ യുവതിയുമായി ചേർന്ന് കളളക്കേസ് നൽകിയെന്നാണ് ഡോ. എഡ്വിൻ ചന്ദ്രഹാരൻ വാദിച്ചത്. എൻ.എച്ച്.എസിനെതിരെ കേസ് നൽകിയെങ്കിലും ഡോക്‌ടറുടെ പരാതി എംപ്ളോയ്‌മെന്റ് ട്രൈബ്യൂണൽ തളളി. രണ്ട് മില്യൺ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരിക്കെതിരെയും ഡോക്‌ടർ പരാതി നൽകി. എന്നാൽ ഇതും തളളിക്കളഞ്ഞ് ട്രൈബ്യൂണൽ ഡോക്‌ടർക്കെതിരായ നടപടി ശരിവയ്‌ക്കുകയായിരുന്നു.