
വാഷിംഗ്‌ടൺ: യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന് നേരെ നടപടി കടുപ്പിച്ച് അമേരിക്ക. റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി നിരോധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. നിരോധനം വഴിയുണ്ടാകുന്ന ഇന്ധനവിലക്കയറ്റം പരമാവധി തടയുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. ലോകത്തിനാകെ യുക്രെയിൻ പ്രചോദനമാണ്. യുക്രെയിനിലെ റഷ്യൻ ആക്രമണത്തിൽ റഷ്യയ്‌ക്കെതിരായ സാമ്പത്തികമായുളള ഉപരോധങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ബൈഡന്റെ പ്രഖ്യാപനം.
അതേസമയം ബ്രിട്ടനും റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി നിരോധിക്കാൻ ഒരുങ്ങുന്നതായാണ് വിവരം. ഉടൻ തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനയുണ്ട്. അമേരിക്കയിലേക്കുളള ഇറക്കുമതി 10 ശതമാനം മാത്രമാണ്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ബഹുഭൂരിപക്ഷം എണ്ണ ഇറക്കുമതി ചെയ്യുന്നതും റഷ്യയിൽ നിന്നാണ്.
നിലവിൽ അമേരിക്ക ഉപരോധം പ്രഖ്യാപിക്കും മുൻപ് തന്നെ എണ്ണവിലയിൽ ആഗോളതലത്തിൽ വലിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 30 ശതമാനം വിലവർദ്ധിച്ച് നിലവിൽ ബ്രന്റ് ക്രൂഡോയിലിന് 130 ഡോളറോളമാണ് വില ഉയർന്നത്. റഷ്യ എണ്ണ കയറ്റുമതി ചെയ്യുന്നതിൽ ഏറ്റവുമധികവും ചൈനയിലേക്കാണ്. 32.8 ശതമാനമാണ് ചൈനയുടെ പങ്ക്. അമേരിക്ക 1.3 ശതമാനം മാത്രമാണ് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്.