petrol

വാഷിംഗ്ടൺ: റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിരോധിച്ച അമേരിക്കൻ നടപടിയുടെ ആഘാതം അവിടെ മാത്രം ഒതുങ്ങില്ല. യുക്രെയിനിലെ റഷ്യൻ അധിനിവേശം കാരണം ഇപ്പോൾ തന്നെ ഉയർന്നു നിൽക്കുന്ന അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില ഇനിയും ഉയരാൻ മാത്രമേ അമേരിക്കയുടെ ഈ തീരുമാനം പ്രയോജനം ചെയ്യുകയുള്ളൂ. നിലവിലെ അവസ്ഥയിൽ 2022 അവസാനം ആകുമ്പോഴേക്ക് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില ബാരലിന് 185 ഡോളർ വരെ എത്തിയേക്കാം എന്നാണ് കരുതുന്നത്. അതിന്റെ കൂടെ കൂനിന്മേൽ കുരു എന്നതു പോലെയാണ് അമേരിക്കൻ ഉപരോധവും വന്നുചേരുന്നത്. ബ്രിട്ടനും അമേരിക്കയുടെ അതേ പാത പിന്തുടരാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ സ്ഥിതി ഇതിലും രൂക്ഷമാകും.

റഷ്യയിൽ നിന്നുള്ള ഇന്ധനം ഇന്ത്യ ഉപയോഗിക്കുന്നില്ലെങ്കിലും അമേരിക്കയുടെ റഷ്യൻ ഉപരോധം ഇന്ത്യയിലെ എണ്ണ വിലയേയും വലിയ തോതിൽ സ്വാധീനിക്കും. റഷ്യൻ ഇന്ധനം ഒഴിവാക്കുന്നതോടെ ഒപെക് രാഷ്ട്രങ്ങളിൽ നിന്നുള്ള ഇന്ധനം കൂടുതൽ ഇറക്കുമതി ചെയ്യപ്പെടാം. ഇന്ത്യ എണ്ണയ്ക്കായി കൂടുതലും ആശ്രയിക്കുന്നത് ഒപെക് രാഷ്ട്രങ്ങളെയാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഇന്ത്യയിൽ വലിയ തോതിൽ ഇന്ധനവില വർദ്ധന ഉണ്ടായേക്കുമെന്ന് കരുതപ്പെടുന്നുണ്ട്. അതിന്റെ കൂടെ അധികമായി വരുന്ന വിലവർദ്ധ കൂടി കണക്കിലെടുക്കുമ്പോൾ പെട്രോൾ വില ലിറ്ററിന് നിലവിലെ നിരക്കിനെക്കാൾ കുറഞ്ഞത് 50 രൂപയെങ്കിലും ഉയർന്നേക്കാം.

അന്താരാഷ്ട്ര തലത്തിൽ അമേരിക്ക മാത്രമാണ് റഷ്യയിൽ നിന്നുള്ള ഇന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയതെങ്കിലും മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും ഇപ്പോൾ തന്നെ റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി അനൗദ്യോഗികമായി നിർത്തിവച്ചിട്ടുണ്ട്. ഭാവിയിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ഇവരിൽ പലരും ഇത്തരമൊരു നടപടി കൈക്കൊള്ളുന്നത്. ഇങ്ങനെ റഷ്യൻ ഇന്ധനം വേണ്ടെന്ന് വയ്ക്കുന്ന എല്ലാ രാജ്യങ്ങളും സമീപിക്കുന്നത് ഒപെക് രാഷ്ട്രങ്ങളെയാണെന്നത് ഇന്ത്യക്കും തിരിച്ചടി നൽകുന്നതാണ്.