zelensky

ലണ്ടൻ: റഷ്യൻ പ്രസിഡന്ര് വ്‌ളാദിമിർ പുടിൻ സ്വതന്ത്രമെന്ന് പ്രഖ്യാപിച്ച ഡോണെസ്ക്, ലുഹാൻസ്ക് എന്നീ പ്രവിശ്യകളുടെ കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി. യുക്രെയിനിലേക്കുള്ള റഷ്യൻ അധിനിവേശത്തിന്രെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്ന യുക്രെയിനിന്റെ നാറ്റോ അംഗത്വത്തിന് വേണ്ടി ഇനി ശ്രമിക്കുന്നില്ലെന്നും സെലെൻസ്കി സൂചിപ്പിച്ചു. എ ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സെലെൻസ്കി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ തണുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സെലെൻസ്കിയുടെ ഈ പുതിയ ചുവടുമാറ്റത്തെ നിരീക്ഷകർ കാണുന്നത്.

നാറ്റോയിൽ ചേരേണ്ടതില്ലെന്ന് തീരുമാനമെടുത്തിട്ട് കുറച്ചു നാളുകളായെന്നും നാറ്റോ റഷ്യയുമായി ഒരു സംഘ‌ർഷം ആഗ്രഹിക്കുന്നില്ലെന്നും സെലെൻസ്കി അഭിമുഖത്തിൽ വ്യക്തമാക്കി. യുക്രെയിനിനെ സഹായിക്കാൻ നാറ്റോയ്ക്ക് സാധിക്കില്ലെന്ന് മനസിലാക്കിയ അന്ന് തന്നെ നാറ്റോയിൽ ചേരാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിരുന്നതായി സെലെൻസ്കി പറഞ്ഞു. നാറ്റോയിൽ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് 'മുട്ടിന്മേൽ നിന്ന് യാചിക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റായി ഇരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല' എന്ന് സെലെൻസ്കി മറുപടി നൽകി.

റഷ്യയുടെ അയൽരാജ്യമായ യുക്രെയിൻ നാറ്റോയിൽ ചേർന്നാൽ അത് റഷ്യയുടെ രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായിരിക്കുമെന്ന് കാണിച്ചാണ് പ്രസിഡന്റ് പുടിൻ യുക്രെയിൻ അധിനിവേശം ആരംഭിക്കുന്നത്. എന്നാൽ റഷ്യയ്ക്കെതിരായി യുക്രെയിന്റെ ഭാഗത്ത് നിന്ന യുദ്ധത്തിൽ പങ്കെടുക്കാനോ യുക്രെയിനിനെ യുദ്ധത്തിൽ സഹായിക്കാനോ നാറ്റോയോ അമേരിക്കയോ തയ്യാറാകാത്തത് സെലെൻസ്കിയ്ക്ക് വലിയ തിരിച്ചടി ആയിരുന്നു.