
കൊച്ചി: ഗുരുതര പരിക്കുകളോടെ കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലുളള തൃക്കാക്കര സ്വദേശിയായ രണ്ടര വയസുകാരിയെ നാളെ ഡിസ്‌ചാർജ് ചെയ്യും. കുട്ടി ആരോഗ്യം വീണ്ടെടുത്തുവരുന്നതേയുളളു. പിതാവിന്റെ നിർദ്ദേശപ്രകാരം കുട്ടിയുടെ തുടർചികിത്സ തലസ്ഥാനത്തെ ശ്രീചിത്രയിൽ നടത്തും. ശിശുക്ഷേമസമിതി കുഞ്ഞിന്റെ മേൽനോട്ടം വഹിക്കും.
ആഹാരം കഴിക്കുന്നതിന് കുട്ടിക്ക് ബുദ്ധിമുട്ടില്ല എന്നാൽ സംസാരശേഷിയില്ല. ഇതിന് സമയമെടുക്കുമെന്നാണ് സൂചനകൾ. ഇടത് കൈയിൽ നടത്തിയ സർജറി വിജയമാണ്. അസാധാരണമായിരുന്നു കുട്ടിയുടെ പെരുമാറ്റമെന്നും കുന്തിരിക്കം കത്തിച്ചതിലേക്ക് എടുത്തുചാടിയപ്പോഴാകാം ഇത്തരത്തിൽ ഗുരുതര പരിക്കേറ്റതെന്നാണ് കുട്ടിയുടെ അമ്മ മുൻപ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.