students

കീവ്: യുക്രെയിനിലെ സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥികളെ പോൾട്ടോവയിലെത്തിച്ചു. അറുനൂറിലധികം വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്. ഇവരെ പോൾട്ടോവയിൽ നിന്ന് ട്രെയിൻ മാർഗം ലവീവിലെത്തിക്കും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ട്.

സുമി നഗരത്തിൽ കുടുങ്ങിയ 694 ഇന്ത്യൻ വിദ്യാ‌ർത്ഥികളെ പന്ത്രണ്ട് ബസുകളിലായിട്ടാണ് സുരക്ഷിത മേഖലയായ പോൾട്ടോവയിലേക്ക് എത്തിച്ചത്. ഒഴിപ്പിക്കലിനായി റഷ്യ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിർത്തൽ.

തിങ്കളാഴ്ച കൊടുംതണുപ്പിൽ മൂന്ന് മണിക്കൂറോളം കുട്ടികൾ ബസ് കാത്ത് നിന്നെങ്കിലും പോകാൻ കഴിഞ്ഞില്ലായിരുന്നു. തുടർന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സുരക്ഷിത പാത ഒരുക്കണമെന്ന് ഇന്ത്യ യു.എന്നിൽ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് പുട്ടിനുമായും യുക്രെയിൻ പ്രസിഡന്റ് സെലെൻസ്‌കിയുമായും നടത്തിയ ചർച്ചയിൽ സുമിയിലെ കുട്ടികളെ ഒഴിപ്പിക്കാൻ സഹായിക്കാമെന്ന് ഇരു നേതാക്കളും ഉറപ്പു നൽകി. പിന്നാലെ, സുമിയിൽ നിന്ന് സുരക്ഷാ ഇടനാഴി ഒരുക്കാൻ റഷ്യ തയ്യാറായതാണ് ഒഴിപ്പിക്കൽ സാദ്ധ്യമാക്കിയത്.