
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിനെതിരെ മുൻ ജീവനക്കാരൻ ദാസന്റെ മൊഴി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പൊലീസിനോട് സംസാരിക്കുന്നത് അഭിഭാഷകൻ വിലക്കിയെന്നും, അന്വേഷണ ഉദ്യോഗസ്ഥർ എന്തെങ്കിലും ചോദിച്ചാൽ അറിയില്ലെന്നോ ഓർമയില്ലെന്നോ പറയണമെന്നും തന്നോട് പറഞ്ഞിരുന്നുവെന്നാണ് ദാസന്റെ മൊഴി.
ബാലചന്ദ്രകുമാർ പതിവായി ദിലീപിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. ദിലീപിന്റെ പുതിയ സിനിമയുടെ സംവിധായകൻ എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിന്റെ സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സൂരജും തന്നെ വിളിച്ച് എന്തെങ്കിലും ബാലചന്ദ്രകുമാറിനോട് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി നൽകി.
തുടർന്ന് അനൂപും സൂരജും തന്നെ ദിലീപിന്റെ അഭിഭാഷകനായ രാമൻ പിള്ളയുടെ ഓഫീസിലേക്ക് കൊണ്ടുപോയി. ബാലചന്ദ്രകുമാറിനോട് താൻ ഒന്നും പറഞ്ഞില്ലെന്ന് പൊലീസിന് മൊഴി നൽകാൻ അഭിഭാഷകൻ ആവശ്യപ്പെട്ടുവെന്നും മുൻ ജീവനക്കാരൻ ആരോപിച്ചു.
കേസിലെ പ്രതിയായ പൾസർ സുനി പുറത്തിറങ്ങട്ടെ, അവന് കാണിച്ചുകൊടുക്കാമെന്ന് സൂരജ് പറയുന്നത് കേട്ടതായും ദാസന്റെ മൊഴിയിലുണ്ട്. 2017 -20 കാലഘട്ടത്തിൽ ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു ചേർത്തല സ്വദേശിയായ ദാസൻ.