
കൊച്ചി: തൃശൂർ കൊരട്ടിയിൽ ഭർതൃമാതാവിന്റെ സുഹൃത്തിന്റെ മർദ്ദനമേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പെരുമ്പാവൂർ സ്വദേശിനി എം എസ് വൈഷ്ണവിക്കാണ് മർദ്ദനമേറ്റത്. സിവിൽ എഞ്ചിനീയറിംഗ് അവസാന വർഷ വിദ്യാർത്ഥിനിയായ വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.
കൊരട്ടി പാലപ്പള്ളി മോഴികുളം സ്വദേശി മുകേഷുമായി ആറുമാസം മുൻപാണ് വൈഷ്ണവി വിവാഹിതയായത്. മൂന്ന് കിലോമീറ്റർ അപ്പുറത്ത് താമസിക്കുന്ന സുഹൃത്തുമായുള്ള അമ്മായിയമ്മയുടെ അടുപ്പം അതിരു വിടുന്നുവെന്ന് കണ്ട് വിലക്കിയതാണ് മർദ്ദനത്തിന് കാരണമെന്ന് യുവതി പറയുന്നു. ഞായറാഴ്ച രാത്രി അയൽവീട്ടിൽ സംസാരിച്ചിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറി വന്ന ഭർതൃമാതാവിന്റെ സുഹൃത്ത് വൈഷ്ണവിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച ഭർത്താവിനും മർദ്ധനമേറ്റു. തുടർന്ന് യുവാവ് ഇയാളുടെ കാർ തടഞ്ഞുവയ്ക്കുകയും നാട്ടുകാരെ വിളിച്ചുകൂട്ടുകയുമായിരുന്നു.
പിന്നാലെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രി അധികൃതർ അറിയിച്ചതിനനുസരിച്ച് പൊലീസ് എത്തുകയും മൊഴി എടുതെങ്കിലും സുഹൃത്ത് ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാനായില്ല. കഴിഞ്ഞ ദിവസം നേരിട്ടെത്തിയും മുകേഷ് പൊലീസിൽ പരാതി നൽകിയിരുന്നു.ഭർതൃമാതാവും ഭർത്താവിന്റെ സഹോരദനും മർദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നുവെന്നും യുവതി പറഞ്ഞു. യുവതിയുടെ ഭർത്താവായ മുകേഷ് ഭാര്യയുടെ ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് മർദ്ദനം ഏറ്റുവാങ്ങുന്നതെന്നും വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർതൃമാതാവ് പീഢിപ്പിക്കുകയാണെന്നും യുവതി പറയുന്നു. ഭർത്താവ് ജോലിക്ക് പോയി കഴിയുമ്പോൾ തന്നെ മുറിയിയൽ പൂട്ടിയിടും. ഭക്ഷണം പോലും തരില്ല. ടോയ്ലറ്റിലെ വെള്ളം കുടിച്ചാണ് വിശപ്പടക്കിയിരുന്നതെന്നും യുവതി പറയുന്നു.
നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് ചെയ്യുന്നത് എന്നാണ് ഇയാളുടെ അവകാശവാദം. ഇത്തരത്തിൽ തന്റെ അമ്മയോട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു എന്ന് മുകേഷ് പറയുന്നു. അമ്മ ഇയാളുടെ പറയുന്നത് മാത്രമേ അനുസരിക്കൂ എന്ന് വന്നതോടെ സുഹൃത്ത് വീട്ടിൽ വരുന്നതിനും ഫോൺ ചെയ്യുന്നതിനും മകൻ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇയാളുടെ ഭാര്യയെയും മകനെയും വിവരമറിയിച്ചു. എന്നാൽ ഇത് രണ്ട് വീട്ടുകാരുടെയും ബാധിക്കുന്നതാണെന്നും രമ്യമായി പരിഹരിക്കണമെന്നുമാണ് ഇയാളുടെ വീട്ടുകാർ പറഞ്ഞതെന്നും മകൻ പറയുന്നു.