
തിരുവനന്തപുരം: ഇന്ധനമടിക്കാൻ പണമില്ലെന്ന് പൊലീസ്. ഇന്ധന കമ്പനികൾക്ക് നൽകാനുള്ള തുക കുടിശ്ശികയായതിനെ തുടർന്ന് എസ് എ പി ക്യാമ്പിലെ പെട്രോൾ പമ്പിൽ നിന്നും വിതരണം നിർത്തി. ഇന്ധനമടിക്കാൻ സർക്കാർ പണം അനുവദിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
കെഎസ്ആർടിസിയിൽ നിന്ന് കടമായി ഇന്ധനമടിക്കാനാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിർദേശം. രണ്ടരക്കോടിയോളം രൂപയാണ് ഇന്ധന കമ്പനികൾക്ക് പൊലീസ് നൽകാനുള്ളത്. ഇന്ധനമടിക്കാനായി അധിക പണം സംസ്ഥാന സർക്കാരിനോട് പൊലീസ് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുവദിച്ചില്ലെന്ന് ഡി ജി പി അറിയിച്ചു.
ഈ മാസം ഇന്ധനമടിക്കാൻ പൊലീസിന്റെ കൈവശം പണമില്ല. 2021-22 സാമ്പത്തിക വർഷം സർക്കാർ പൊലീസിന് പണം അനുവദിച്ചിരുന്നു. ഇത് മുഴുവൻ ഉപയോഗിക്കുകയും കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അധിക പണം അനുവദിക്കാനാകില്ലെന്ന് സർക്കാർ മറുപടി നൽകി.