
കീവ്: റഷ്യൻ അധിനിവേശത്തിനിടെ യുക്രെയിനിൽ അകപ്പെട്ടുപോയ തന്നെ രക്ഷിച്ച ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രക്കും നന്ദിയറിയിച്ച് പാകിസ്ഥാൻ വിദ്യാർത്ഥിനി. അസ്മ ഷഫീക്ക് എന്ന പെൺക്കുട്ടിയെയും സുഹൃത്തുക്കളെയുമാണ് കീവിലെ ഇന്ത്യൻ എംബസി യുദ്ധഭൂമിയിൽ നിന്നും രക്ഷപ്പെടുത്തിയത്.
തങ്ങളെ രക്ഷിച്ചതിന് പാകിസ്ഥാനി പെൺകുട്ടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഇന്ത്യൻ എംബസിക്കും നന്ദി പറയുന്ന വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. 'പ്രതിസന്ധിഘട്ടത്തിൽ അകപ്പെട്ട ഞങ്ങളെ സഹായിച്ചതിന് ഇന്ത്യൻ എംബസിക്ക് നന്ദി, ഇന്ത്യൻ പ്രധാനമന്ത്രിക്കും നന്ദി, സുരക്ഷിതമായി നാട്ടിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.'- അസ്മ വീഡിയോയിൽ പറഞ്ഞു.
യുക്രെയ്നിൽ നിന്ന് സ്വന്തം നാട്ടിലെ പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യയായിരുന്നു തുടക്കം മുതൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്. പാകിസ്ഥാൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ സ്വന്തം പൗരന്മാരെ കൈയൊഴിഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ രക്ഷാദൗത്യം ഓരോ ദിനവും ഊർജിതമാക്കി. നേരത്തെ പാകിസ്ഥാൻ, തുർക്കി രാജ്യങ്ങളിലെ വിദ്യാർത്ഥികൾ ഇന്ത്യയുടെ പതാക ഉപയോഗിച്ച് യുക്രെയ്നിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ''ഭാരത് മാതാ കീ ജയ് '' വിളിച്ചായിരുന്നു ഇവർ സഞ്ചരിച്ചത്. പലായനം ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷ ഉറപ്പാക്കാനായി വാഹനങ്ങളിൽ ദേശീയ പതാക വയ്ക്കണമെന്ന് കേന്ദ്ര മന്ത്രി ജി കിഷൻ റെഡി പറഞ്ഞിരുന്നു. ഇതേ മാർഗമാണ് പാകിസ്ഥാൻ, തുർക്കി വിദ്യാർത്ഥികളും പരീക്ഷിച്ചത്.
പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വന്തം പൗരന്മാരെ കൈയൊഴിയുമ്പോൾ മോദി സർക്കാർ അതിർത്തികൾ നോക്കാതെ മറ്റുള്ളവർക്ക് സഹായങ്ങൾ എത്തിക്കുകയാണ്. കെടുകാര്യസ്ഥതയുടെ പേരിൽ പാകിസ്ഥാൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാന് നേരെ കഴിഞ്ഞ ദിവസം രാജ്യത്ത് പ്രതിഷേധം അരങ്ങേറിയിരുന്നു. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ നേതൃത്വത്തിലാണ് ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധം നടന്നത്. ഇതേ സമയത്താണ് പാകിസ്ഥാനി വിദ്യാർത്ഥി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ചത് എന്നത് ശ്രദ്ധയമാണ്.