123-pe


ന്യൂഡൽഹി: ഗൂഗിൾ പേ, ഫോൺ പേ പോലുള്ള വിവിധ ആപ്പുകൾ വഴി സ്മാർട്ട് ഫോണുകളിൽ പണമിടപാടുകൾ നടത്തിയിരുന്ന യുപിഐ സേവനം ഇനി സാധാരണ ഫോണുകളിലും ലഭ്യമാകും. ഇതിനുള്ള പുതിയ സംവിധാനം റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തിറക്കി. യുപിഐ '123പേ' എന്നു പേരിട്ടിരിക്കുന്ന ഈ സേവനം ഉപയോഗിക്കാൻ ഇന്റർനെറ്റിന്റെ ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് കഴിഞ്ഞ ദിവസം പുതിയ സംവിധാനം അവതരിപ്പിച്ചത്. ഇന്ത്യയിൽ നിലവിലുള്ള 40 കോടി ഫീച്ചർ ഫോൺ (സാദാ ഫോൺ) ഉപയോക്താക്കൾക്ക് ഈ സേവനം ഉപകാരപ്പെടുമെന്നാണ് റിസർവ് ബാങ്ക് അവകാശപ്പെടുന്നത്. ഇതുവഴി സമൂഹത്തിലെ ദുർബലമായ ഒരു വിഭാഗത്തിന് ഡിജിറ്റൽ പേയ്മെന്റ് മേഖലയിലേക്ക് പ്രവേശനം ലഭിക്കും. ഇത് സാമ്പത്തിക മേഖലയിലേക്ക് വലിയൊരു വിഭാഗത്തെ കൈപിടിച്ചുയർത്തുകയും ചെയ്യുമെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.

യുപിഐ 123 പേ വഴി നാലു തരത്തിൽ ഇന്റർനെറ്റ് ഇല്ലാതെ തന്നെ പണമിടപാട് പൂർത്തിയാക്കാം. ഇന്ററാക്ടീവ് വോയിസ് റെസ്‌പോൺസ് (ഐവിആർ) നമ്പർ, മിസ് കോൾ സംവിധാനം, ഫീച്ചർ ഫോണിലെ ആപ്പ് പ്രവർത്തനം, പ്രോക്സിമിറ്റി ശബ്ദാധിഷ്ഠിത പേയ്മെന്റ് എന്നീ നാലു സാങ്കേതിക വിദ്യകളാണ് പണമിടപാടുകൾ നടത്താൻ ഇതിൽ ഉപയോഗിക്കുന്നത്.

പണമിടപാട്, ബിൽ അടയ്ക്കൽ, ഫാസ്റ്റ് ടാഗ് റീച്ചാർജിംഗ്, ബാങ്ക് അക്കൗണ്ട് ബാലൻസ് ചെക്ക് ചെയ്യൽ തുടങ്ങി മറ്റ് യുപിഐ ആപ്പുകളിൽ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇതിലും ലഭിക്കും. ഈ സംവിധാനത്തിന് മുഴുവൻ സമയ പിന്തുണയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനും റിസർവ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഡിജി ശക്തി എന്ന പേരിൽ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഇതിനായി ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. 14431, 1800 891 3333 എന്നീ നമ്പറുകളിൽ സഹായം തേടാം.