japanese-killing-stone

ടോക്യോ: ദുഷ്ടശക്തിയെ ആവാഹിച്ചിരുന്നു എന്ന് ജപ്പാൻകാർ വർഷങ്ങളായി വിശ്വസിക്കുന്ന ഒരു കല്ലാണ് 'കില്ലിംഗ് സ്റ്റോൺ'. ഈ പാറയുടെ സമീപത്ത് എത്തുന്നവർ കൊല്ലപ്പെടുമെന്നാണ് ഇവരുടെ വിശ്വാസം. എന്നാൽ ഇപ്പോൾ രാജ്യത്തെ ജനങ്ങളുടെ മുഴുവൻ സമാധാനം തകർത്ത് കില്ലിംഗ് സ്റ്റോൺ രണ്ടായി പിളർന്നിരിക്കുകയാണ്. ആയിരക്കണക്കിന് വർഷങ്ങളായി പാറയ്ക്കുള്ളിൽ തളയ്ക്കപ്പെട്ടിരുന്ന പിശാച് പുറത്ത് ചാടിയെന്നാണ് ജപ്പാനിലെ ജനങ്ങൾ പറയുന്നത്.

ടോക്യോയ്ക്ക് സമീപമുള്ള ടോച്ചിഗിയുടെ വടക്കൻ പർവത പ്രദേശത്താണ് സ്ഥിതി ചെയ്യുന്ന ഈ പാറയെ 'സെഷോ സെകി' എന്നാണ് പുരാണത്തിൽ അറിയപ്പെടുന്നത്. 1107 മുതൽ 1123 വരെ ജപ്പാൻ ഭരിച്ചിരുന്ന തോബ ചക്രവർത്തിയെ കൊല്ലാനുള്ള പദ്ധതിയുടെ ഭാഗമായി പാറയിലെ പിശാച് സുന്ദരിയായ ഒരു യുവതിയുടെ രൂപമെടുത്തെന്നും കഥകളുണ്ട്.

japaneese-killing-stone

വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായിരുന്ന 'കില്ലിംഗ് സ്റ്റോൺ' ഇപ്പോൾ ആരും വരാൻ മടിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ്. ഈ സ്ഥലത്ത് പിശാചിന്റെ സാന്നിദ്ധ്യം അനുഭവപ്പെട്ടതായും പരിസരവാസികൾ പറയുന്നു. അതേസമയം ഈ കഥകളൊന്നും വിശ്വസിക്കാത്ത ഒരു വിഭാഗവും ഇവിടുണ്ട്. പിശാചിന്റെ കഥയൊക്കെ ഇവർ തമാശയായിട്ടാണ് കാണുന്നത്. പുറത്തിറങ്ങിയ പിശാച് 2022 ലെ അവസ്ഥ കണ്ട് തിരിച്ച് പാറയ്ക്കുള്ളിലേയ്ക്ക് തന്നെ പോകുമെന്ന് ഇക്കൂട്ടർ പറയുന്നു. രണ്ടായി പിളർന്ന പാറയെ ഇനി എന്ത് ചെയ്യാനാകും എന്ന ആലോചനയിലാണ് അധികൃതർ. മഴ വെള്ളം ഉള്ളിൽ കടന്നതാകാം പാറ നശിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്തുതന്നെയായാലും പാറയുടെ കാര്യത്തിൽ ഒരു പ്രതിവിധി ഉണ്ടാകും വരെ ജപ്പാൻകാരുടെ ദിനങ്ങൾ ഭീതിയുടേതായി തുടരും.