
വളർത്തുമൃഗങ്ങളോട് എളുപ്പം സൗഹൃദത്തിലാകുന്നവരാണ് നമ്മുടെ കുട്ടികൾ. വീട്ടിലെ പൂച്ചയുടെയും പട്ടിയുടെയുമൊക്കെ കൂടെ കളിക്കുന്നവരായിരിക്കും മിക്കവരും. വീട്ടിൽ വളർത്തുന്നത് ഒരു പാമ്പിനെ ആണെങ്കിലോ, കുട്ടികൾ അതിനെ പേടിച്ച് മാറി നിൽക്കുമോ അതോ അവയുമായി കൂട്ടുകൂടുമോ?
അത്തരത്തിൽ കൂറ്റൻ പാമ്പിനൊപ്പം കളിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിലത്ത് പരവതാനിയിലാണ് എട്ട് വയസ് തോന്നിക്കുന്ന കുട്ടിയും പാമ്പും ഉള്ളത്. ഇഴഞ്ഞു നീങ്ങാൻ ശ്രമിക്കുന്ന പെരുമ്പാമ്പിനെ തനിക്കരികിലേക്ക് പിടിച്ച് വലിക്കുന്ന പെൺകുട്ടിയാണ് വീഡിയോയിലുള്ളത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ അഞ്ച് മില്യണിലധികം പേരാണ് ഇതിനോടകം കണ്ടത്. നിരവധി പേർ ഇത് ഷെയർ ചെയ്തു. പെൺകുട്ടിയുടെ ധൈര്യത്തെയാണ് മിക്കവരും അഭിനന്ദിക്കുന്നത്. എന്നാൽ പാമ്പിനെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നവരുമുണ്ട്.