
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സി വി വർഗീസിനെതിരെ കേസെടുക്കണമെന്നും കെ സുധാകരന്റെ ദേഹത്ത് ഒരു തരി മണ്ണ് വീഴാൻ കോൺഗ്രസ് സമ്മതിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
തെരുവു ഗുണ്ടകളുടെ ഭാഷയിലാണ് സി പി എം നേതാക്കൾ പ്രതികരിക്കുന്നത്. സി വി വർഗീസിനെതിരെ അന്വേഷണം നടത്തണം. അദ്ദേഹം മനപ്പൂർവം സംഘർഷമുണ്ടാക്കാൻ പ്രേരിപ്പിക്കുകയാണ്. കെ പി സി സി പ്രസിഡന്റിന്റെ ദേഹത്ത് മണ്ണ് വാരിയിടാൻ സി പി എമ്മിനാകില്ല. ഇടുക്കിയിലെ എസ് എഫ് നേതാവ് ധീരജിന്റെ കൊലപാതകത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. കൊലപാതകത്തിന് പിന്നാലെ ഇത് സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയ എസ് എഫ് ഐ പ്രവർത്തകനെ വിലക്കിയത് സി വി വർഗീസ് ആണ്. കോൺഗ്രസ് ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ല. ധിക്കാരവും ഭീഷണിയുമാണ് ഇടുക്കി സി പി എം സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായത്. ഗുണ്ടാ നേതാവിന്റെ ഭാഷയാണ് അദ്ദേഹത്തിന്. നികൃഷ്ട ജീവി പരാമർശത്തിന്റെ ചരിത്രം ഓർക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനും സ്ത്രീവിരുദ്ധ നിലപാടുകൾക്കുമെതിരെ ചെറുതോണിയിൽ സി പി എം നടത്തിയ പൊതുയോഗത്തിലാണ് സി വി വർഗീസ് വിവാദ പരാമർശങ്ങൾ നടത്തിയത്. കെ സുധാകരന്റെ ജീവിതം സി പി എം കൊടുക്കുന്ന ഭിക്ഷയാണെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താത്പപര്യമില്ലാത്തത് കൊണ്ട് മാത്രമാണിതെന്നുമാണ് സി വി വർഗീസ് ഇടുക്കിയിൽ പ്രസംഗിച്ചത്. സി പി എമ്മിന്റെ കരുത്തിനെക്കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും ഇടുക്കി ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നൽകി.
സി പി എമ്മിന്റെ കൂറുമാറ്റ രാഷ്ട്രീയത്തിനെതിരെ നടത്തിയ പ്രതിഷേധ സംഗമത്തിൽ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ സുധാകരൻ ചില പരാമർശങ്ങൾ നടത്തിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നിഖിൽ പൈലി ഉൾപ്പടെയുള്ളവർ നിരപരാധികളാണെന്നും നിഖിൽ കുത്തുന്നത് മറ്റാരും കണ്ടിട്ടില്ലെന്നും ഇത് വ്യക്തമായി പറയാൻ എസ് എഫ് ഐക്കാകുന്നില്ലെന്നും സാക്ഷിയില്ലാത്ത കേസ് നിലനിൽക്കുമോയെന്നും സുധാകരൻ പ്രതിഷേധ സംഗമത്തിൽ പരാമർശിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു താനെന്നാണ് സി വി വർഗീസിന്റെ ന്യായീകരണം. ധീരജ് മരണം ഇരന്നുവാങ്ങുകയായിരുന്നു എന്നും പ്രതികളെ ജയിലിൽ നിന്നിറക്കി ഇടുക്കിയിലൂടെ നടത്തുമെന്നും സുധാകരൻ പറഞ്ഞു. ഇത്തരം പരാമർശങ്ങൾ നടത്തേണ്ടിയിരുന്നോ എന്ന് സുധാകരനാണ് പറയേണ്ടതെന്നും സി വി വർഗീസ് പ്രതികരിച്ചു.
അതേസമയം, കെ സുധാകരനെതിരെ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം. പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.