bh-series

ഭാരത് സീരിസിൽ വരുന്ന ബിഎച്ച് നമ്പർ പാറ്റേണിലേക്ക് വാഹനനമ്പർ മാറ്റാൻ ഒരുങ്ങുകയാണോ നിങ്ങൾ? എങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ സമയം വന്നിരിക്കുകയാണ്. വെറുതെ ഒരു സീരിസ് മാറ്റം മാത്രമല്ല ഉപഭോക്താവിന് ബിഎച്ചിലേക്ക് മാറുന്നതിലൂടെ ലഭിക്കുന്നത്. അതെന്തെല്ലാം എന്നുകൂടി അറിഞ്ഞിരിക്കാം.

2021 ഓഗസ്‌റ്റ് 21ന് ആണ് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം ഭാരത് സീരിസ് നമ്പർ പ്ളേറ്റ് പദ്ധതി ആവിഷ്‌കരിച്ചത്. രാജ്യത്തെ വാഹന ഗതാഗതം സുഗമമാക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഇത്. സെപ്‌തംബർ 15ന് പദ്ധതിക്ക് തുടക്കമാവുകയും, ആദ്യ ബിഎച്ച് സീരിസ് നടപ്പാക്കുന്ന സംസ്ഥാനമായി ഒഡീഷ മാറുകയും ചെയ‌്തു.

ഇന്ത്യയിലെ മോട്ടാർവാഹന നിയമമനുസരിച്ച് ഒരു സംസ്ഥാനത്ത് രജിസ്‌റ്റർ ചെയ്യുന്ന വാഹനം, മറ്റൊരു സംസ്ഥാനത്ത് 12 മാസത്തിൽ കൂടുതൽ ഓടാൻ പാടില്ല. അല്ലെങ്കിൽ പുതിയ രജിസ്‌ട്രേഷൻ എടുക്കേണ്ടി വരും. എന്നാൽ ബിഎച്ച് നമ്പർ സീരിസിൽ പുറത്തിറങ്ങുന്ന വാഹനങ്ങൾക്ക് ഇത് ബാധകമല്ല. രാജ്യത്ത് എവിടെ വേണമെങ്കിലും ഇത്തരം വാഹനങ്ങൾ ഓടിക്കാൻ കഴിയും. ടാക്‌സ് ഓൺലൈൻ ആയി അടയ‌്ക്കാമെന്ന സൗകര്യവും ബിഎച്ച് നമ്പർ വാഹനങ്ങൾക്കുണ്ട്.

എന്നാൽ അങ്ങനെ എല്ലാവർക്കും ലഭ്യമാകുന്നതല്ല ഭാരത് സീരിസ്. സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുക. ഇതിൽ തന്നെ സേനാവിഭാഗങ്ങൾക്കും, ബാങ്ക് ജീവനക്കാർക്കും മുൻഗണനയുണ്ട്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ പൂർണമായി ഒഴിവാക്കി എന്നല്ല ഇതിനർത്ഥം. നാല് സംസ്ഥാനങ്ങളിൽ കൂടുതൽ ബ്രാഞ്ചുകളുള്ള സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ നിങ്ങൾക്കും ഇതിനുള്ള യോഗ്യതയുണ്ട്.