ukrainian-boy

കീവ്: ലോകസമാധാനം തകർത്തുകൊണ്ട് യുക്രെയിൻ -റഷ്യ യുദ്ധം തുടരുകയാണ്. നിരവധി പേർക്ക് ജീവൻ നഷ്ടമായി, ലക്ഷക്കണക്കിനാളുകൾ അഭയാർത്ഥികളായി. യുക്രെയിനിൽ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് നൊമ്പരപ്പിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അക്കൂട്ടത്തിൽ ഹൃദയഭേദകമായ ഒരു വീഡിയോ കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. യുദ്ധം പതിനാലാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, കൈയിലൊരു സഞ്ചിയുമായി പോളണ്ട് ലക്ഷ്യമാക്കി കരഞ്ഞ് കൊണ്ട് നടന്ന് നീങ്ങുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

യുക്രെയിൻ അതിർത്തിയിലുള്ള മെഡിസ്‌ക എന്ന ഗ്രാമത്തിലൂടെയാണ് കുട്ടി പോളണ്ടിലേയ്ക്ക് സഞ്ചരിച്ചത്.
റഷ്യയുടെ ആക്രമണത്തിന് പിന്നാലെ യുക്രെയിനികൾ ഈ ഗ്രാമത്തിലൂടെയാണ് പോളണ്ടിലേയ്ക്ക് പലായനം ചെയ്യുന്നത്. നിരവധിയാളുകൾ വീഡിയോ ഷെയർ ചെയ്തു. ആരാണ് ഈ കുട്ടി, അവന്റെ മാതാപിതാക്കൾ എവിടെ എന്നൊക്കെയാണ് വീഡിയോ കണ്ടവർ ചോദിക്കുന്നത്.

ഈ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് കരഞ്ഞ് കൊണ്ട് നടന്ന് പോകുന്ന ബാലനാണ് വീഡിയോയിലുള്ളത്. ഇതുവരെ 38 കുട്ടികൾ കൊല്ലപ്പെട്ടുവെന്നാണ് യുക്രെയിൻ പറയുന്നത്. എഴുപതിലധികം കുട്ടികൾക്ക് റഷ്യയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. യുക്രെയിൻ പാർലമെന്റിലെ മനുഷ്യാവകാശ കമ്മീഷണർ ല്യൂഡ്മില ഡെനിസോവയാണ് ഈ കണക്കുകൾ സ്ഥിരീകരിച്ചത്. ഇരുപത് ലക്ഷത്തോളം പേരാണ് ഇതുവരെ രാജ്യത്ത് നിന്ന് പലായനം ചെയ്തത്.

Excruciating pic.twitter.com/PIutGEIN0F

— Josh Campbell (@joshscampbell) March 7, 2022