
കൊച്ചിയിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനം കുറെയധികം പുതുമുഖങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും പുന:സംഘടിപ്പിച്ചെങ്കിലും പുതുതായി ഉൾപ്പെടുത്തിയവരെക്കുറിച്ചും ഉൾപ്പെടാതെപോയ പല മുതിർന്ന നേതാക്കളെക്കുറിച്ചും പാർട്ടി കേന്ദ്രങ്ങളിൽ നിന്നു തന്നെ വിമർശനമുയരുന്നു. കണ്ണൂരിലെ മുതിർന്ന നേതാവ് പി.ജയരാജനെ 17 അംഗ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിനെതിരെ അദ്ദേഹത്തിന്റെ മകനടക്കം സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. അതിന് പി.ജയരാജൻ തന്നെ മറുപടി പറഞ്ഞെങ്കിലും അണികളിലെ രോഷം കെട്ടടങ്ങിയിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റിലെ സാമുദായിക അസന്തുലിതത്വം സംബന്ധിച്ചും വിമർശനങ്ങൾ ഉയരുന്നു. രണ്ടാം പിണറായി മന്ത്രിസഭയിലെ മുന്നാക്ക സമുദായ പ്രാതിനിധ്യം പോലെ സംസ്ഥാന സെക്രട്ടേറിയറ്റിലും മുന്നാക്ക പ്രാതിനിദ്ധ്യം വല്ലാതെ കൂടിയെന്ന പരാതിയുണ്ട്. മന്ത്രിസഭയിലെന്ന പോലെ പാർട്ടി ഘടനയിലും ഈഴവ പ്രാതിനിധ്യം വല്ലാതെ ചുരുങ്ങിപ്പോയതിൽ പലരും ഉത്ക്കണ്ഠ പ്രകടിപ്പിക്കുന്നെങ്കിലും പരസ്യപ്രതികരണത്തിന് ആരും മുതിരുന്നില്ല. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇതുവരെ ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സി.പി.എമ്മിന്റെ 17 അംഗ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം നാലുപേർ മാത്രമാണ് ഈഴവ പ്രതിനിധികൾ. അതേസമയം നായർ പ്രാതിനിദ്ധ്യം എട്ട് പേരിലെത്തി. ശബരിമല വിഷയം മുതൽ ഇടതുമുന്നണിയുമായി വല്ലാതെ കലഹിച്ചും പോരടിച്ചും കഴിയുന്ന എൻ.എസ്.എസിനെ മെരുക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും പ്രാതിനിധ്യം നൽകിയതെന്ന് പറയുന്നവരുണ്ട്.
രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 21 പേരുള്ളതിൽ ഒൻപത് മന്ത്രിമാരാണ് നായർസമുദായാംഗങ്ങൾ. ആറ് പേർ സി.പി.എമ്മിൽ നിന്നും മൂന്ന് പേർ സി.പി.ഐയിൽ നിന്നും. സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക പ്രദർശനത്തിൽ എൻ.എസ്.എസ് ആചാര്യൻ മന്നത്ത് പദ്മനാഭന്റെ ചിത്രം വയ്ക്കാത്തതിനെതിരെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. തൊട്ടു പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എൻ.എസ്.എസിന് മറുപടിയെന്നോണം മന്നത്തെ അവഗണിച്ചിട്ടില്ലെന്നും ചിത്രം വയ്ക്കാത്തത് മനഃപൂർവമല്ലെന്നും വ്യക്തമാക്കി . അതിനു ശേഷമാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചപ്പോൾ മുന്നാക്ക വിഭാഗത്തിന് വൻ പ്രാതിനിധ്യം ഉറപ്പാക്കിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ശബരിമല പ്രക്ഷോഭത്തിന് എൻ.എസ്.എസ് ആയിരുന്നു സജീവമായി നേതൃത്വം നൽകിയിരുന്നത്. ഹൈന്ദവ വിഭാഗങ്ങളെ ഒരു പരിധിവരെ ഏകോപിപ്പിക്കാൻ എൻ.എസ്.എസിന്റെ ഇടപെടലിന് കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് പല മണ്ഡലങ്ങളിലും പ്രതിഫലിച്ചു. എൽ.ഡി.എഫിനാണ് രണ്ടാം തവണയും 99 സീറ്റോടെ അധികാരം കിട്ടിയതെങ്കിലും 41 സീറ്റ് മാത്രം ലഭിച്ച യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വോട്ടിംഗ് ശതമാനത്തിലെ വ്യത്യാസം നേരിയതായിരുന്നു. ശബരിമല വിഷയത്തിൽ ഹൈന്ദവ വിഭാഗങ്ങളിലുണ്ടായ കൂട്ടായ്മ തടയാനും ഈ തീരുമാനങ്ങളിലൂടെ കഴിഞ്ഞേക്കാം. 30 ലക്ഷത്തിലധികം വരുന്ന ഈഴവ സമുദായാംഗങ്ങളിൽ നല്ലൊരു ശതമാനവും സി.പി.എമ്മിന്റെ എക്കാലത്തെയും ഉറച്ച വോട്ട് ബാങ്കാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം അനുവദിച്ചത് ഈഴവരടക്കമുള്ള പിന്നാക്കക്കാരിൽ അതൃപ്തിയുണ്ടാക്കി. ഇപ്പോൾത്തന്നെ 90 ശതമാനത്തിലേറെ മുന്നാക്കക്കാരുള്ള ദേവസ്വം ബോർഡുകളിൽ 10 ശതമാനം മുന്നാക്ക സംവരണം കൂടി നൽകുന്നതോടെ ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾക്ക് ഭാവിയിൽ ഇവിടെ ജോലി സാദ്ധ്യത തീരെ ഇല്ലാതാക്കുന്നതാണ്. ഇത്രയൊക്കെയായിട്ടും എൽ.ഡി.എഫിനെ, വിശിഷ്യ സി.പി.എമ്മിനെ പിന്തുണയ്ക്കുന്ന ഈഴവ വിഭാഗത്തിന് കാര്യമായ പ്രാതിനിധ്യം മന്ത്രിസഭയിലും പാർട്ടി ഭരണസമിതിയിലും നൽകിയില്ലെങ്കിലും വോട്ടുകളിൽ കാര്യമായ ചോർച്ചയുണ്ടാകില്ലെന്ന് സി.പി.എമ്മിന് നന്നായറിയാം. യു.ഡി.എഫുമായി താരതമ്യം ചെയ്താൽ എൽ.ഡി.എഫിലാണ് ഈഴവ സമുദായത്തിന് കൂടുതൽ പ്രാതിനിധ്യമെന്ന് കാണാനാകും. കഴിഞ്ഞ നിയമസഭയിലും ഇപ്പോഴത്തെ നിയമസഭയിലും യു.ഡി.എഫിന് മരുന്നിന് മാത്രം ഒറ്റയാൾ വീതമാണ് ഈഴവ സമുദായാംഗമായുള്ളത്. കഴിഞ്ഞ നിയമസഭയിലെ ഏക അംഗമായിരുന്ന അടൂർ പ്രകാശ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഈഴവ പ്രാതിനിധ്യം പൂജ്യമായിരുന്നു. ഇപ്പോൾ കെ.ബാബു മാത്രമാണുള്ളത്.
കൊല്ലത്തും അസംതൃപ്തി
സി.പി.എം സംസ്ഥാന കമ്മിറ്റിയിലേക്ക് ജില്ലയിൽ നിന്നുള്ള ഏക ഒഴിവിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷയുമായ ചിന്ത ജെറോമിനെ ഉൾപ്പെടുത്തിയതാണ് കൊല്ലത്തെ സി.പി.എമ്മിൽ അതൃപ്തിയായി പുകയുന്നത്. അർഹതയുള്ള മുതിർന്ന പലരെയും ഒഴിവാക്കിയതിലാണ് പലർക്കും അമർഷം. നിലവിലെ ജില്ലാ കമ്മിറ്റിയിൽ ജില്ലയിൽ നിന്ന് 11 പേരാണുണ്ടായിരുന്നത്. അതിൽ അന്തരിച്ച ബി.രാഘവന്റെ ഒഴിവിലാണ് ചിന്ത ജെറോമിനെ ഉൾപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിലാണ് ചിന്ത ജില്ലാ കമ്മിറ്റി അംഗമായത്. തൊട്ടുപിന്നാലെ ഡബിൾ പ്രൊമോഷൻ പോലെ സംസ്ഥാന കമ്മിറ്റിയിലേക്ക് ഉയർത്തിയതോടെ ആ സ്ഥാനത്തേക്ക് കയറാമെന്ന് പ്രതീക്ഷിച്ചിരുന്ന നിരവധി പേരെയാണ് നിരാശയിലാഴ്ത്തിയത്. പാർട്ടിയിൽ തലമുറ മാറ്റത്തിന്റെ ഭാഗമായി 40 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ നിന്നാണ് ചിന്തയെ ഉൾപ്പെടുത്തിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ചിന്ത. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവനെ കൂടാതെ മന്ത്രി കെ.എൻ ബാലഗോപാൽ, മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജഗോപാൽ, കെ. സോമപ്രസാദ് എം പി, പി. രാജേന്ദ്രൻ, കെ.വരദരാജൻ, എസ്. രാജേന്ദ്രൻ, സൂസൻകോടി, എം.എച്ച് ഷാരിയർ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലുള്ളത്. സംസ്ഥാന കമ്മിറ്റിയിലേക്ക് പ്രൊമോഷൻ കിട്ടുമെന്ന് പ്രതീക്ഷിച്ച നിരവധി നേതാക്കൾക്കാണ് സംസ്ഥാന നേതൃ തീരുമാനം തിരിച്ചടിയായത്. രണ്ട് പതിറ്റാണ്ടായി ജില്ലാ സെക്രട്ടേറിയറ്റംഗമായ എക്സ്. ഏണസ്റ്റ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും കാഷ്യു കോർപ്പറേഷൻ ചെയർമാനുമായ എസ്.ജയമോഹൻ, മറ്റൊരു ജില്ലാ സെക്രട്ടേറിയറ്റംഗം ജോർജ് മാത്യു തുടങ്ങിയവർ സംസ്ഥാന കമ്മിറ്റിയിലേക്ക് ഇടം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നവരാണ്. സംസ്ഥാന കൺട്രോൾ കമ്മിഷനംഗമാക്കിയെന്നതിൽ എസ്.ജയമോഹന് ആശ്വസിക്കാമെന്ന് മാത്രം. സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടവരെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് തൊട്ട് മുമ്പ് വരെ പരിഗണനയിലില്ലാതിരുന്ന പേര് വന്നതിലും പാർട്ടിക്ക് വേണ്ടി പതിറ്റാണ്ടുകളായി യത്നിച്ചവരെ ഒഴിവാക്കിയതിലുമാണ് അമർഷം പുകയുന്നത്.
വീണയുടെ വഴിയേ ചിന്തയും
പാർട്ടിയിൽ പ്രവർത്തന പാരമ്പര്യമൊന്നുമില്ലാതെ സാമുദായിക പ്രാതിനിധ്യത്തിലെത്തി എം.എൽ.എ യും മന്ത്രിയുമായ വീണ ജോർജിന്റെ വഴിയിലൂടെ ചിന്തയെയും പാർട്ടിയുടെ നേതൃനിരയിലെത്തിക്കുന്നതിന്റെ ഭാഗമായി ഇപ്പോഴത്തെ നീക്കത്തെ കാണുന്നവരുണ്ട്. ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയായാണ് വീണ ജോർജ് സി.പി.എമ്മിന്റെ ഭാഗമായത്. അതുപോലെ ഭാവിയിൽ ചിന്ത ജെറോമിലൂടെ ലത്തീൻ കത്തോലിക്ക സഭയുടെ പിന്തുണ ലഭിക്കാനുള്ള നീക്കമായും വിലയിരുത്തപ്പെടുന്നു. പാർട്ടി പ്രവർത്തനത്തിൽ ചിന്ത ജെറോമിന് വീണയേക്കാൾ പാരമ്പര്യവുമുണ്ട്. കൊല്ലം പാർലമെന്റ് സീറ്റിൽ ഉൾപ്പെടുന്ന കൊല്ലം, പുനലൂർ ലത്തീൻ രൂപതകളിലായി ലത്തീൻ കത്തോലിക്ക വിഭാഗത്തിന് കാര്യമായ സ്വാധീനമുണ്ട്. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായി ചിന്ത ജെറോമിനെ പരിഗണിക്കാൻ സാദ്ധ്യത കൽപ്പിക്കപ്പെടുന്നു.