
ആലപ്പുഴ: ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റായി കൊലക്കേസ് പ്രതിയെ തിരഞ്ഞെടുത്ത സംഭവം വിവാദത്തിൽ. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണിയെയാണ് ആലപ്പുഴ ഐക്യഭാരതം മേഖലാ പ്രസിഡന്റായി തിരഞ്ഞെടുത്തത്. അജു കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികളിൽ ഒരാളാണ് ആന്റണി.
ആലപ്പുഴ ജില്ലാ സമ്മേളന റിപ്പോർട്ട് പ്രകാരം പല തരത്തിലുള്ള ഗുണ്ടാ പ്രവർത്തനങ്ങൾ നടത്തുന്നവർ പാർട്ടിയിൽ നുഴഞ്ഞുകയറുന്നതായി വിലയിരുത്തിയിരുന്നു. സമ്മേളനം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ആന്റണിയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. 2008ൽ നടന്ന അജു കൊലക്കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയും ഇത് ശരിവച്ചു. കൊവിഡ് സാഹചര്യത്തിൽ ഇപ്പോൾ പരോളിൽ കഴിയുകയാണ് ഇയാൾ. അതേസമയം കൊലക്കേസ് പ്രതിയെ ഭാരവാഹിയാക്കിയ വിവരം അറിഞ്ഞിട്ടില്ലെന്നാണ് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം അറിയിച്ചത്.