supreme-court

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. വധഗൂഢാലോചന കേസിലെ അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന സർക്കാർ വാദം തള്ളിയാണ് കോടതി ജാമ്യം നൽകിയത്.

അഞ്ച് വർഷമായി മാർട്ടിൻ ജയിലിൽ കഴിയുകയാണെന്നും മറ്റ് പല പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസിലെ വിചാരണ എപ്പോൾ പൂർത്തിയാകും എന്ന് വ്യക്തമല്ല. അതിനാൽ മാർട്ടിനും ജാമ്യം അനുവദിക്കുന്നതായി കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, എ എസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് കർശന ഉപാധികൾ വയ്ക്കണമെന്ന സർക്കാർ ആവശ്യവും കോടതി അംഗീകരിച്ചില്ല. ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

ആക്രമണം നടന്ന ദിവസം നടിയുടെ വാഹനം ഓടിച്ചിരുന്നത് മാർട്ടിൻ ആന്റണിയായിരുന്നു. മാർട്ടിന് കേസിൽ പങ്കുണ്ടെന്നും അതല്ലായിരുന്നുവെങ്കിൽ നടി ആക്രമിക്കപ്പെടില്ലായിരുന്നുവെന്നുമാണ് സർക്കാർ വാദം. മാർട്ടിന് ജാമ്യം അനുവദിച്ചാൽ ഒന്നാം പ്രതി പൾസർ സുനിയും കോടതിയെ സമീപിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.