thiruvallam-custody-death

തിരുവനന്തപുരം: തിരുവല്ലത്ത് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെഷൻ. തിരുവല്ലം സ്റ്റേഷനിലെ എസ് ഐ വിപിൻ, ഗ്രേഡ് എസ് ഐ സജീവ്, വൈശാഖ് എന്നിവർക്കാണ് സസ്‌പെഷൻ. സി ഐയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

തിരുവല്ലം ജഡ്‌ജിക്കുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിന്റെ പേരിൽ സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതികളെ കസ്റ്റഡിയിൽ എടുത്തപ്പോൾ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

കസ്റ്റഡിയിലെടുത്ത സുരേഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊലീസിന്റെ മർദ്ദനമേറ്റാണ് സുരേഷ് മരിച്ചതെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. എന്നാൽ സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ ഡി ജി പി ഉത്തരവിറക്കിയിരുന്നു.

സുരേഷിനൊപ്പെം അറസ്റ്റിലായ മറ്റ് നാല് പേരും ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഇവരുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളിയിരുന്നു.