
ചില വ്യക്തികൾ ചെയ‌്ത പ്രവർത്തികളുടെ പേരിൽ പുരുഷന്മാരെ മുഴുവൻ തള്ളിപ്പറയാൻ കഴിയില്ലെന്ന് നടി ഉർവശി. ചില ക്രിമികളൊക്കെ അന്നുമിന്നും ഉണ്ട്. ഒരുപാട് പുരുഷന്മാർ നമ്മുടെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അത് വിസ്മരിച്ചുകൊണ്ട് ഏതെങ്കിലും പ്രത്യേക വ്യക്തിയോ അല്ലെങ്കിൽ ചില വ്യക്തികളോ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടുള്ള വിഷമതകൾ വച്ച് പുരുഷന്മാരെ ഒന്നടങ്കം തള്ളിപ്പറയാൻ ഒരിക്കലും സാധിക്കില്ലെന്നും ഉർവശി വ്യക്തമാക്കി. താരസംഘടനയായ 'അമ്മ'യുടെ വനിതാദിനാഘോഷം 'ആർജ്ജവ 2022'ൽ സംസാരിക്കുകയായിരുന്നു നടി.
ഉർവശിയുടെ വാക്കുകൾ-
'പ്രത്യേകം എടുത്തുപറയേണ്ട കാര്യം, ഞാനൊക്കെ അഭിനയിക്കാൻ വന്നിരുന്ന സമയത്ത് എല്ലാക്കാലത്തും ശല്യവും പ്രശ്നങ്ങളുമാക്കെ ഉണ്ടായിരുന്നു. പക്ഷേ അന്നത്തെ പ്രത്യേകത എന്നുപറയുന്നത്, പ്രത്യേകിച്ച് ലാലേട്ടനെ പോലുള്ളവർ ഒരു ലൊക്കേഷനിൽ നിന്ന് ഞങ്ങൾ സ്ത്രീകൾ പോയോ എന്ന് ഉറപ്പുവരുത്തുമായിരുന്നു. ഒന്നോ രണ്ടോ വണ്ടിയായിരിക്കും അന്നുണ്ടാവുക. പക്ഷേ ഷൂട്ടിംഗ് കഴിഞ്ഞുപോകുമ്പോൾ ആദ്യം ലാലേട്ടൻ ഞങ്ങളെ വണ്ടിയിൽ കയറ്റി വിട്ടിട്ടേ പോകുമായിരുന്നുള്ളൂ. സഹപ്രവർത്തകരെ പ്രൊട്ടക്‌ട് ചെയ്യാനുള്ള മനസുണ്ടായിരുന്നു അദ്ദേഹത്തിന്.
പിന്നെ ചിലരൊക്കെയുണ്ട്. ചില ക്രിമികളൊക്കെ അന്നുമിന്നും ഉണ്ട്. ഒരുപാട് പുരുഷന്മാർ നമ്മുടെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അത് വിസ്മരിച്ചുകൊണ്ട് ഏതെങ്കിലും പ്രത്യേക വ്യക്തിയോ അല്ലെങ്കിൽ ചില വ്യക്തികളോ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടുള്ള വിഷമതകൾ വച്ച് പുരുഷന്മാരെ ഒന്നടങ്കം തള്ളിപ്പറയാൻ ഒരിക്കലും സാധിക്കില്ല'.