
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രാവിലെ കുതിച്ചുയർന്ന സ്വർണവില ഉച്ചയോടെ കുറഞ്ഞു. പവന് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇപ്പോഴത്തെ സ്വർണ വില പവന് 39,840 രൂപയായി. ഇന്ന് രാവിലെ 1040 രൂപ വർദ്ധിച്ച് ഒരു പവന് 40,560 ആയി ഉയർന്നിരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4980 ആയി കുറഞ്ഞിരിക്കുകയാണ്. ഇന്ന് രാവിലെ 5070 ആയിരുന്നു ഒരു ഗ്രാമിന് വില. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഗ്രാമിന് 130 രൂപയാണ് ഇന്ന് രാവിലെ കൂടിയത്.
റഷ്യ-യുക്രെയിൻ സംഘർഷത്തിന് പിന്നാലെ രാജ്യാന്തര വിപണിയിൽ വിലകൂടിയതാണ് ഇന്ന് രാവിലെ സ്വർണവില റെക്കോഡ് വർദ്ധനവിൽ എത്താൻ കാരണമായത്. രൂപയുടെ മൂല്യമിടിയുന്നതാണ് മറ്റൊരു കാരണമായി വിദഗ്ദ്ധർ വിലയിരുത്തുന്നത്. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു സംസ്ഥാനത്ത് എക്കാലത്തെയും ഉയർന്ന വിലയായ 42,000 രൂപ രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം സി എക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാമിന് 1.4 ശതമാനം ഉയർന്ന് 55,190 രൂപയായി. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 54 ഡോളർ കൂടി 2053.13 നിലവാരത്തിലെത്തി. സ്വർണത്തിന് പുറമേ വെള്ളിവിലയും വർദ്ധിച്ചിരുന്നു.