
റായ്‌പൂർ: കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ബഡ്‌ജറ്റ് അവതരണത്തിനായി ധനമന്ത്രിമാർ എത്തുമ്പോൾ ശ്രദ്ധിക്കപ്പെടുന്നത് അവരുടെ കൈയിലുള്ള ബാഗാണ്. പട്ടിലും ലെതറിലും തുടങ്ങി വൈവിധ്യമാർന്ന ബഡ്‌ജറ്റ് ബാഗുകൾ നമ്മൾ കണ്ടു കഴിഞ്ഞു. എന്നാൽ അക്കാര്യത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഛത്തിസ്ഗഢ് ധനമന്ത്രി ഭൂപേഷ് ഭാഗേൽ. പശുവിന്റെ ചാണകം കൊണ്ട് നിർമ്മിച്ച ബാഗിലാണ് അദ്ദേഹം ബഡ്‌ജറ്റ് വകകളുമായി എത്തിയത്.
ചാണകം കൊണ്ടുണ്ടാക്കിയ ചതുരാകൃതിയിലുള്ള പെട്ടിയുമായി ഭാഗേൽ നിയമസഭയിലെ തന്റെ ഓഫീസിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു. കന്നുകാലി സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിൽ നേരത്തെ തന്നെ പ്രസിദ്ധനാണ് ഭാഗൽ. ഓർഗാനിക് ഫാമിംഗ് അടക്കമുള്ളവയ്‌ക്ക് മികച്ച പിന്തുണയാണ് അദ്ദേഹം നൽകുന്നത്.
പശുക്കളെ വളർത്തുന്നവരിൽ നിന്നും ചാണകം സംഭരിക്കുമെന്ന് കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സർക്കാർ 2020ൽ പ്രഖ്യാപിച്ചിരുന്നു. ചാണകം സംഭരിക്കുന്ന ആദ്യ സംസ്ഥാനമായും ഛത്തീസ്ഗഢ് മാറിയിരുന്നു. ചാണക സംഭരണത്തിലൂടെ കന്നുകാലി ഉടമകൾക്ക് പിന്തുണ നൽകാൻ ഉദ്ദേശിച്ചുള്ള പദ്ധതിയാണ് ഗോധൻ ന്യായ് യോജന, സംസ്ഥാനത്തെ രാസവളങ്ങളുടെ ക്ഷാമം പരിഹരിക്കുന്നതിനായി മണ്ണിര കമ്പോസ്റ്റിനായിട്ടാണ് പദ്ധതി തയ്യാറാക്കിയിരുന്നത്.