whatsapp

കാലിഫോർണിയ: ടെക് ഭീമനായ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പിൽ പുതിയൊരു ഫീച്ചർ കൂടി എത്തുന്നു. വാട്സാപ്പിലെ പുതിയ ഫീച്ചേഴ്സ് പിന്തുടരുകയും അതിന്റെ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന വാബീറ്റ ഇൻഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്.

വാട്സാപ്പ് ഗ്രൂപ്പുകളിൽ ഓൺലൈനായി തിരഞ്ഞെടുപ്പ് നടത്താൻ അവസരം നൽകുന്ന 'പോൾ' എന്ന ഫീച്ചറിനെ പറ്റിയാണ് വാബീറ്റ ഇൻഫോ സൂചന നൽകുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ഗ്രൂപ്പിൽ ഒരു ചോദ്യം ചോദിക്കുന്നതിനോ അല്ലെങ്കിൽ ഒരു കാര്യത്തിൽ മറ്റുള്ലവരുടെ അഭിപ്രായം അറിഞ്ഞ് തീരുമാനമെടുക്കാനോ വേണ്ടി ഈ ഫീച്ചർ ഉപയോഗപ്പെടുത്താം. ഇത് എൻഡ് ടു എൻഡ് എൻക്രിപ്ടട് ആയിരിക്കും. അതിനാൽ തന്നെ അതാത് ഗ്രൂപ്പിലെ അംഗങ്ങൾക്കു മാത്രമേ വോട്ടെടുപ്പും അതിന്റെ ഫലവും കാണാൻ കഴിയുകയുള്ളു.

വാട്സാപ്പ് ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പോൾ ഫീച്ചർ 2018 മുതൽ തന്നെ ടെലഗ്രാം ആപ്പിൽ നിലവിലുണ്ട്. ഈ ഫീച്ചർ ആദ്യം ലഭ്യമാവുക ഐഒഎസ് ഉപയോക്താക്കൾക്കായിരിക്കും. അതിന് ശേഷം മാത്രമേ ഇത് ആൻഡ്രോയിഡിൽ ലഭിക്കുകയുള്ളു. വരാനിരിക്കുന്ന ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാൽ തന്നെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നുമാണ് വാബീറ്റാ ഇൻഫോ പറയുന്നത്.